മംഗലംഡാം: മംഗലംഡാം ഉദ്യാനത്തിലെ പുതിയപാര്‍ക്ക് നിര്‍മിച്ച് ഒരുവര്‍ഷമായിട്ടും തുറന്നുകൊടുക്കാന്‍ നടപടിയായിട്ടില്ല.  ജലാശയത്തിന്റെ കരയില്‍ മനോഹരമായ സ്ഥലത്താണ് മിനി അമ്യൂസ്മെന്റ് പാര്‍ക്കും സാഹസികോദ്യാനവും നിര്‍മിച്ചിട്ടുള്ളത്. 4.76 കോടിയുടെ നിര്‍മാണങ്ങള്‍ ആര്‍ക്കും ഉപയോഗപ്പെടാതെ നശിക്കയാണ്.

വിവിധ ഘട്ടങ്ങളിലായി ലഭിക്കുന്ന ഫണ്ട് ചെലവഴിക്കുന്നതല്ലാതെ പ്രവൃത്തി ഏകോപിപ്പിച്ച് പ്രയോജനപ്പെടുത്താന്‍ അധികൃതര്‍ക്ക് കഴിയുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.2018-ല്‍ വാപ്‌കോസ് എന്ന കണ്‍സള്‍ട്ടന്‍സിയാണ് ഇപ്പോഴത്തെ കരാര്‍ ഏറ്റെടുത്തത്. ഉപകരാറുകാര്‍ പണിയുപേക്ഷിച്ച് പോയതും കോവിഡുംമൂലം സമയത്തിന് പണി പൂര്‍ത്തിയായില്ല.

പ്രവൃത്തി പൂര്‍ത്തിയാക്കിയെന്നുകാണിച്ച് കരാറുകാര്‍ കത്തുനല്‍കിയിട്ടും പാര്‍ക്ക് ഏറ്റെടുക്കാന്‍ ഡി.ടി.പി.സി. തയ്യാറായിട്ടില്ല. അവസാനവട്ട പരിശോധ നടത്താനുണ്ടെന്നും പുതിയ ജില്ലാ ഡയറക്ടര്‍ ചുമതലയേറ്റെടുത്താലേ പാര്‍ക്കിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനാവൂ എന്നും ഡി.ടി.പി.സി. സെക്രട്ടറി വ്യക്തമാക്കി.

Content Highlights: mangalamdam park stays closed for more than one year