ബദരിനാഥ്
ചാര്‍ധാം യാത്രയ്ക്ക് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. പുതിയ ഉത്തരവ് പ്രകാരം ഏപ്രില്‍ 22 ന് ആരംഭിക്കുന്ന യാത്രക്കായി ഉത്തരാഖണ്ഡിലെത്തുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. എല്ലാ തീര്‍ഥാടകരും രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താനായി സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ബദരിനാഥ് തീര്‍ഥാടനം സുരക്ഷിതമാക്കാനുള്ള നടപടികളുടെ ഭാഗമായി രെജിസ്‌ട്രേഷനില്ലാത്ത ഒരാളെയും യാത്രക്കായി കടത്തിവിടില്ല. ഭൂമിയില്‍ വിള്ളല്‍കണ്ട ജോഷിമഠിലെ അപകടമേഖലകളില്‍ ബോര്‍ഡല്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ സംഘങ്ങളെ നിയമിക്കും. പ്രത്യേക കണ്‍ട്രോള്‍ റൂം സംവിധാനവും സജ്ജീകരിക്കും.
ചാര്‍ധാം യാത്രയുടെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധമിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞദിവസം ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം. ജോഷിമഠില്‍ നിരത്തുകളിലോ, കെട്ടിടങ്ങളിലോ പുതിയ വിള്ളലുകള്‍ ഉണ്ടോ എന്ന് പരിശോധിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഗംഗോത്രിയും യമുനോത്രിയും ഏപ്രില്‍ 22നാണ് തുറക്കുക. കേദാര്‍നാഥ് 26നും ബദരീനാഥ് 27നും തുറക്കും.
നേരത്തെ ഉത്തരാഖണ്ഡില്‍ ശക്തമായ ഭൂചലനത്തിന് സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഉത്തരാഖണ്ഡ് കേന്ദ്രീകരിച്ച് ഹിമാലയന്‍ പ്രദേശങ്ങളില്‍ 80 സീസ്മിക് സ്റ്റേഷനുകള്‍ ആരംഭിച്ചിട്ടുണ്ട്. ഈ പ്രദേശത്ത് വിപുലമായ ജി.പി.എസ് നെറ്റ്‌വര്‍ക്കും സ്ഥാപിച്ചിട്ടുണ്ട്. ജോഷിമഠിലും ബദരീനാഥിലും ഉണ്ടാകുന്ന ഭൂമി ഇടിഞ്ഞുതാഴലും വിണ്ടുകീറലും തുടരുന്നതിനിടെയാണ് ഭൂകമ്പ സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ചാര്‍ധാം യാത്രയ്ക്ക് അനുമതി നല്‍കരുതെന്നും ചില വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.
Content Highlights: Mandatory registration required for Char Dham Yatra
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..