മണാലി: സഞ്ചാരികളുടെ പറുദീസയായ മണാലിയിലേക്ക് ഇപ്പോള്‍ സഞ്ചാരികളുടെ ഒഴുക്കാണ്. ലോക്ഡൗൺ മാനദണ്ഡങ്ങള്‍ക്ക് ഇളവ് നല്‍കിയതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സഞ്ചാരികള്‍ കുളു-മണാലി സന്ദര്‍ശിക്കാനായി കൂട്ടത്തോടെ എത്തുകയാണ്.

എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് മിക്കവരും മണാലിയിലൂടെ കറങ്ങിനടക്കുന്നത്. മാസ്‌ക് പോലും വെയ്ക്കാതെ സാമൂഹിക അകലം പാലിക്കാതെ സഞ്ചാരികള്‍ പുറത്തിറങ്ങാന്‍ തുടങ്ങിയതോടെ പോലീസ് നിയമനടപടികള്‍ ശക്തമാക്കി.

മാസ്‌ക് ധരിക്കാതെ കുളുവിലും മണാലിയിലും കറങ്ങുന്ന സഞ്ചാരികള്‍ക്ക് പോലീസ് പിഴ ഈടാക്കിത്തുടങ്ങി. മാസ്‌ക് ധരിക്കാത്തവര്‍ക്ക് 5000 രൂപ പിഴയോ എട്ടുദിവസത്തെ ജയില്‍വാസമോ ശിക്ഷയായി വിധിച്ചിട്ടുണ്ടെന്ന് കുളു പോലീസ് മേധാവി ഗുരുദേവ് ശര്‍മ വ്യക്തമാക്കി. 

കഴിഞ്ഞ ഏഴുദിവസത്തിനിടെ മൂന്നു ലക്ഷം രൂപയ്ക്ക് മുകളിലാണ് മാസ്‌ക് ധരിക്കത്ത സഞ്ചാരികളില്‍ നിന്നും പോലീസ് ഈടാക്കിയത്. മണാലിയില്‍ സഞ്ചാരികള്‍ കൂട്ടത്തോടെ എത്തിയതിന്റെ ചിത്രങ്ങള്‍ ഈയിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

Content Highlights: Manali administration to fine INR 5000 or 8-day jail for not wearing masks