മാലി: ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് മാലിദ്വീപില്‍ നിന്നും സന്തോഷവാര്‍ത്ത. ഇന്ത്യന്‍ സഞ്ചാരികള്‍ക്കുള്ള യാത്രാവിലക്ക് മാലിദ്വീപ് എടുത്തുകളഞ്ഞു. ജൂലായ് 15 മുതല്‍ ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് മാലിദ്വീപിലേക്ക് വിനോദ സഞ്ചാരത്തിനായി പറക്കാം. 

മാലിദ്വീപിലേക്ക് പറക്കുന്ന സഞ്ചാരികള്‍ നിര്‍ബന്ധമായും ആര്‍.ടി.പി.സി.ആര്‍ കോവിഡ് ടെസ്റ്റ് നെഗറ്റീവ് ഫലം കൈയ്യില്‍ കരുതണം. മാലിദ്വീപ് സര്‍ക്കാര്‍ പ്രതിനിധികള്‍ പ്രസ് കോണ്‍ഫറന്‍സിനിടെയാണ് ഇക്കാര്യം അറിയിച്ചത്. 

കൂടുതല്‍ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കും. വര്‍ക്ക് വിസയുള്ളവര്‍ക്ക് ജൂലായ് ഒന്നുമുതല്‍ മാലിദ്വീപിലേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.  

ജനുവരി മുതല്‍ വിനോദസഞ്ചാരികളെ മാലിദ്വീപ് സ്വീകരിക്കുന്നുണ്ട്. ഇക്കാലയളവില്‍ നാലുലക്ഷത്തിനുമുകളില്‍ സഞ്ചാരികള്‍ മാലിദ്വീപിലെത്തിക്കഴിഞ്ഞു. റഷ്യന്‍ സഞ്ചാരികളാണ് കൂടുതലായും മാലിദ്വീപിലെത്തിയത്. 

ഇന്ത്യന്‍ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണ് മാലിദ്വീപ്. സിനിമാതാരങ്ങളും ഇവിടേക്ക് പറന്നെത്താറുണ്ട്.

Content Highlights: Maldives to welcome Indian travellers from July 15