യാത്രാ പ്രേമികളെ സംബന്ധിച്ചിടത്തോളം ഈ ലോക്ക്ഡൗണ്‍ കാലം നിരാശയുടേതായിരുന്നു. കൊറോണ ഇന്ത്യക്കകത്തും പുറത്തുമുള്ള വിനോദസഞ്ചാരമേഖലയെ അപ്പാടെ സ്തംഭിപ്പിച്ചു. ഇപ്പോഴിതാ സഞ്ചാരപ്രിയര്‍ക്കൊരു സന്തോഷവാര്‍ത്ത എത്തിയിരിക്കുകയാണ് മാലിദ്വീപില്‍ നിന്ന്. ദ്വീപിലേക്ക് ജൂലൈ മുതല്‍ സഞ്ചാരികള്‍ക്ക് പ്രവേശിക്കാം.

ഒരിടവേളയ്ക്ക് ശേഷമെത്തുന്ന സഞ്ചാരികളെ സ്വീകരിക്കാനായി വിപുലമായ ഒരുക്കങ്ങളാണ് അധികൃതര്‍ നടത്തുന്നത്. കോവിഡ് 19- മായി ബന്ധപ്പെട്ട യാതൊരുവിധ നിയന്ത്രണങ്ങളും ഇവിടെയുണ്ടാവില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് രാജ്യത്ത് സഞ്ചരിക്കുന്നതിന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും ഇപ്പോള്‍ സ്ഥിതിയാകെ മാറി. ജൂലൈ മുതല്‍ മാലിദ്വീപ് കാണാനിഷ്ടപ്പെടുന്ന ആര്‍ക്കും വിസയോ കൊറോണ വൈറസ് ആരോഗ്യ പരിശോധനയോ ഇല്ലാതെ സന്ദര്‍ശനം നടത്താം.

'സീ യു ഇന്‍ ജൂലൈ' എന്ന അടിക്കുറിപ്പോടുകൂടി മാലിദ്വീപ് ടൂറിസം ഔദ്യോഗിക ട്വിറ്ററില്‍ ഒരു വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. 49 സെക്കന്‍ഡുള്ള വീഡിയോയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ 'മാലിദ്വീപില്‍ വീണ്ടും സൂര്യന്‍ തിളങ്ങും' എന്ന് പറയുന്നു.

 

Content Highlights: Maldives open to tourists without any restrictions from July, Maldives Beaches, Maldives Tourism