വിനോദസഞ്ചാരികളെ മാടിവിളിക്കുകയാണ് മലപ്പുറം വാഴയൂര്‍ ഗ്രാമപ്പഞ്ചായത്തിലെ വാഴയൂര്‍ മലനിരകള്‍. വാഴയൂര്‍-പെരിങ്ങാവ് റോഡില്‍ ചെറുകാവ്, വാഴയൂര്‍ പഞ്ചായത്ത് അതിര്‍ത്തികളിലായുള്ള ഈ പ്രദേശത്തേക്ക് കുറച്ചുകാലമായി സഞ്ചാരികളുടെ പ്രവാഹമാണ്. പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളായ കൊടൈക്കനാലിലും മൂന്നാറിലുമൊക്കെ പോകുമ്പോള്‍ ലഭിക്കുന്ന കാഴ്ചകളാണ് ഇവിടെ വരുമ്പോള്‍ കിട്ടുന്നതെന്ന് സഞ്ചാരികള്‍ പറയുന്നു. അതുകൊണ്ടുതന്നെ സന്ദര്‍ശകര്‍ ഈ സ്ഥലത്തിന് പേരിട്ടു-മിനി കൊടൈക്കനാല്‍.

രണ്ടുവര്‍ഷംമുമ്പ് കോവിഡ്കാലത്ത് ഈ പ്രദേശം സന്ദര്‍ശിച്ച ചില ചെറുപ്പക്കാര്‍ ഇവിടത്തെ പ്രകൃതിഭംഗിയും കാഴ്ചകളും സാമൂഹികമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ചതോടെയാണ് വാഴയൂര്‍മലകള്‍ ജനശ്രദ്ധയാകര്‍ഷിക്കാന്‍ തുടങ്ങിയത്. രാമനാട്ടുകര ടൗണില്‍നിന്നും കോഴിക്കോട് ബൈപ്പാസിലെ അഴിഞ്ഞിലം ജങ്ഷനില്‍നിന്നും എട്ടുകിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ പതിനൊന്നാം മൈലില്‍നിന്ന് പെരിങ്ങാവുവഴി നാലുകിലോമീറ്റര്‍ സഞ്ചരിച്ചാലും ഇവിടെയെത്താം. നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ തണുപ്പുകാലത്ത് ഇവിടെവന്നാല്‍ കോടമഞ്ഞ് പ്രകൃതിയെ പുണര്‍ന്നുനില്‍ക്കുന്ന കാഴ്ച മനംകവരുന്നതാണ്. വിവിധ ശലഭങ്ങള്‍, പക്ഷികള്‍ എന്നിവയുടെ ആവാസകേന്ദ്രമാണ് ഈ പ്രദേശം. മയിലുകളെയും ചിലപ്പോള്‍ കാണാം. സാധ്യതകള്‍ ഉപയോഗപ്പെടുത്തിയാല്‍ ഈ മലനിരകള്‍ മികച്ച ടൂറിസം കേന്ദ്രമാക്കാന്‍ കഴിയും.

ഈ പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലായി മൂന്ന് ടൂറിസംകേന്ദ്രങ്ങള്‍കൂടിയുണ്ട്. വാഴയൂര്‍ കയം, നരിമട, പുതുക്കോട്ടെ കൊടക്കല്ല് എന്നിവയാണത്. വാഴയൂര്‍ അങ്ങാടിയില്‍നിന്ന് അരക്കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വലിയ ജലാശയമായ കയത്തിലെത്താം. നീന്തല്‍ പഠിക്കാനും കുളിക്കാനുമായി ഒട്ടേറെപ്പേരാണ് ഇവിടെയെത്തുന്നത്. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ഒളിവില്‍ക്കഴിഞ്ഞെന്ന് കരുതുന്ന നരിമട ഒരു പ്രധാന സന്ദര്‍ശനകേന്ദ്രമാണ്.

സംഘകാലഘട്ടത്തില്‍ മഹാശിലാസംസ്‌കാരത്തിന്റെ അവശിഷ്ടമായ കൊടക്കല്ലുകള്‍ പുതുക്കോട്ട് വന്നാല്‍ കാണാം. പ്രകൃതിദത്തമായ ഇത്തരം പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ടൂറിസം വികസിപ്പിച്ചാല്‍ അത് ഈ മേഖലയുടെ വികസനത്തിനും വഴിയൊരുക്കും.

മലനിരയുടെ മുകളില്‍വരെ വാഹനമെത്തും

പ്രകൃതിസൗന്ദര്യവും ശുദ്ധവായുവും ആസ്വദിക്കാന്‍ ഈയിടെയായി ഒട്ടേറെപ്പേര്‍ വാഴയൂര്‍ മലയിലേക്ക് വരുന്നുണ്ട്. മലനിരകളുടെ മുകളില്‍വരെ വാഹനമെത്തുന്നു എന്നതാണ് വലിയ സൗകര്യം. മാലിന്യങ്ങളും കുപ്പിച്ചില്ലുകളുമൊക്കെ അലക്ഷ്യമായി വലിച്ചെറിയാതിരിക്കാന്‍ ഉചിതസ്ഥലങ്ങളില്‍ ചവറ്റുകുട്ടകള്‍ സ്ഥാപിക്കേണ്ടത് അത്യാവശ്യമാണിപ്പോള്‍. ഒന്ന് മനസ്സുവെച്ചാല്‍ പരിസ്ഥിതിസൗഹൃദ ടൂറിസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി പാര്‍ക്ക്, റോപ്വേ, വ്യൂ പോയിന്റ് സ്റ്റേഷനുകള്‍ തുടങ്ങിയവയൊക്ക ഇവിടെ സാധ്യമാക്കാനാവും.

അജ്മല്‍ കക്കോവ്

അധികൃതര്‍ മുന്‍കൈയെടുക്കണം

മനോഹരമായ പ്രകൃതിദൃശ്യങ്ങളാല്‍ സമ്പന്നവും അനുഗൃഹീതവുമാണ് വാഴയൂര്‍ ഗ്രാമം. ചരിത്രപ്രാധാന്യമുള്ളതും സാമൂഹിക-സാംസ്‌കാരിക മികവുള്ളതുമായ ഒട്ടേറെ പ്രദേശങ്ങള്‍ ഇവിടെയുണ്ട്. ടൂറിസത്തിന് കരുത്തേകുന്ന ഇത്തരം സ്ഥലങ്ങളുടെ പ്രസക്തി എല്ലാവരിലേക്കും എത്തേണ്ടതും സംരക്ഷിക്കപ്പെടേണ്ടതും വളരെ അത്യാവശ്യമാണ്. അതിന് ടൂറിസംവകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മുന്‍കൈയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വിനോദ് അഴിഞ്ഞിലം

Content highlights : malappuram vazhayur nickname mini kodaikanal become a tourist place