ശ്രീകണ്ഠപുരം: നദികളും നാടൻകലകളും കൈത്തൊഴിലും കൈത്തറിയും ലോകത്തിനുമുന്നിലവതരിപ്പിക്കാൻ തുടങ്ങുന്ന മലനാട് മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതിയുടെ പ്രവർത്തനങ്ങൾ മലപ്പട്ടം മുനമ്പ് കടവിൽ പുരോഗമിക്കുന്നു.

വളപട്ടണം, കുപ്പം എന്നീ പുഴകളിലൂടെയുള്ള ജലയാത്രയും സമീപ ഗ്രാമങ്ങളിലെ ഉത്തരവാദിത്വ ടൂറിസം പ്രവർത്തനങ്ങളും അനുഭവവേദ്യമാക്കുന്നതിനാണ് 80.37 കോടി രൂപ ചെലവിൽ റിവർ ക്രൂസ് ടൂറിസം പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി വളപട്ടണം മുതൽ മലപ്പട്ടം മുനമ്പ് കടവ് വരെ 'മുത്തപ്പൻ ആൻഡ് മലബാറി ക്യൂസീൻ ക്രൂസ്' എന്ന പേരിൽ നടത്തുന്ന പദ്ധതിയുടെ പ്രവർത്തനങ്ങളാണ് മലപ്പട്ടത്ത് പുരോഗമിക്കുന്നത്.

മുനമ്പ് കടവ്, കൊവുന്തല ഭാഗങ്ങളിലാണ് നിർമാണം നടത്തുന്നത്. ഇവിടെ 3.85 കോടി രൂപ ചെലവിലാണ് നിർമാണം നടത്തുന്നത്. പദ്ധതിയുടെ പ്രവർത്തനങ്ങളിൽ ബോട്ട് ജെട്ടിയൊഴികെയുള്ള പ്രവൃത്തികളുടെ 90 ശതമാനവും പൂർത്തീകരിച്ചു.

വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാകും

മലയോര മേഖലകളിലേക്കുള്ള കവാടമായാണ് മുനമ്പിനെ കണക്കാക്കുന്നത്. പറശ്ശിനിക്കടവിൽനിന്ന് ആരംഭിക്കുന്ന ബോട്ട് യാത്ര മുനമ്പ് കടവിൽ അവസാനിക്കുന്ന രീതിയിലാണ് പദ്ധതി ആസൂത്രണംചെയ്തത്. ഇവിടെയെത്തുന്ന വിനോദസഞ്ചാരികളെ പൈതൽമല, ശശിപ്പാറ, കാഞ്ഞിരക്കൊല്ലി, പഴശ്ശി ഡാം, മാലിക് ദിനാർ പള്ളി എന്നിവിടങ്ങളിലേക്ക് എത്തിക്കുന്നതിനായി വാഹനസൗകര്യം ഏർപ്പെടുത്തും. സ്ഥലങ്ങൾ സന്ദർശിച്ച് വൈകുന്നേരമാവുമ്പോഴേക്ക് ബോട്ട് ജെട്ടിയിൽ തിരിച്ചെത്തിക്കും. മലപ്പട്ടം ടൂറിസം സൊസൈറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. നാടൻ കലാരൂപങ്ങളായ കോൽക്കളി, ഒപ്പന, തിരുവാതിരക്കളി തുടങ്ങിയവ സഞ്ചാരികളുടെ ആവശ്യാനുസരണം അവതരിപ്പിക്കുന്നതിനായുള്ള സൗകര്യവും ഒരുക്കും.

malapattam

മലപ്പട്ടം തെയ്യങ്ങളുടെയും നാടാണ്. ഫെബ്രുവരി മുതൽ മേയ് വരെ പ്രദേശത്ത് വിവിധ ഇടങ്ങളിലായി പലതരം തെയ്യങ്ങളാണ് അരങ്ങേറുന്നത്. പുഴയുമായി ബന്ധപ്പെട്ട ഐതിഹ്യം പറയുന്ന നീരാളമ്മ എന്ന തെയ്യം മലപ്പട്ടത്ത് മാത്രമാണുള്ളത്. മുനമ്പ് കടവിനടുത്ത് അരങ്ങേറുന്ന തെയ്യം വിദേശസഞ്ചാരികളെ എന്നപോലെ തെയ്യംപ്രേമികളെയും ആകർഷിക്കുമെന്ന് മലപ്പട്ടം ടൂറിസം സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു.

Content highlights :malanad malabar river cruise project malapattam cape work is progressive