ചടയമംഗലം: മലമുകളിലെ വിശാലമായ തീർഥക്കര. ഇന്ന് സഞ്ചാരികളുടെ പറുദീസയാണ്. തല ഉയർത്തി നിൽക്കുന്ന നിരവധി പാറകളും മനോഹരമായ ശിവക്ഷേത്രവും ഏറെ ആകർഷകമാണ്. ചെറുതും വലുതുമായ അനവധി പാറകളുള്ള സ്ഥലമാണ് മലമേൽ. അമ്പലപ്പാറ, നാടുകാണിപ്പാറ, ശാസ്താംപാറ, ശംഖൂത്ത് പാറ, കുടപ്പാറ. പാറകളോരോന്നിനും പറയാനുണ്ട് ഓരോ ഐതിഹ്യം.
നാടുകാണിപ്പാറയുടെ നെറുകയിൽനിന്നാൽ നാടുമുഴുവൻ കാണാം. ഇതിനുമുകളിൽ കയറാൻ അൽപ്പം ബുദ്ധിമുട്ടാണ്. പാറമുകളിൽനിന്നാൽ ദൂരക്കാഴ്ചകൾ ആസ്വദിക്കാം. ജടായുപ്പാറ, തങ്കശ്ശേരി വിളക്കുമരം, കുടുക്കത്തുപാറ എന്നീ കാഴ്ചകളും കൗതുകം പകരും. ഭക്തരുടെ ആരാധനാകേന്ദ്രമാണ് ശാസ്താംപാറ. ശംഖിന്റെ ആകൃതിയിലുള്ള ശംഖൂത്ത് പാറ, കുടപോലെ ആളുകൾക്ക് തണലേകുന്ന കുടപ്പാറ തുടങ്ങിയവയും സന്ദർശകരെ മാടിവിളിക്കുന്നു.

മലമേലിലെ ശാന്തസൗമ്യതയും കുളിരേകുന്ന കാറ്റും തീർഥാടകമനസ്സിന് നവ്യാനുഭമാണ് നൽകുക. മലമേലിന് ചുറ്റുമുള്ള പതിനഞ്ചേക്കർ സ്ഥലത്താണ് സംസ്ഥാന സർക്കാർ 3.5 കോടിരൂപ ചെലവഴിച്ച് ടൂറിസം പ്രവർത്തനങ്ങൾ തുടങ്ങിയത്. ഒന്നാംഘട്ട പണികൾ മുഖ്യമന്ത്രിയും മന്ത്രി കെ.രാജവും ഉദ്ഘാടനം ചെയ്തു. ഇരിപ്പിടം, സോളാർ വിളക്കുകൾ, ഓഫീസ് കെട്ടിടം, വ്യാപാരകേന്ദ്രം, സംരക്ഷണഭിത്തി, സംരക്ഷണവഴി, നടപ്പാത, പാറയും ടൈലും പാകിയ വീഥി, പൂന്തോട്ടം, ടോയ്ലെറ്റ് തുടങ്ങിയവയുടെ പണികളാണ് ഇതിനകം പൂർത്തിയാക്കിയത്.
രണ്ടാംഘട്ടത്തിൽ നാടുകാണിപ്പാറയുടെ മുകളിൽ ദൂരദർശിനി സ്ഥാപിക്കും. ടൂറിസം പദ്ധതി തുടങ്ങിയതോടെ കുടുബങ്ങളുടെ ഇഷ്ടകേന്ദ്രമായ മലമേലിൽ നിത്യേന നൂറുകണക്കിന് ആളുകളാണ് എത്തുന്നത്. അവധിദിവസങ്ങളിൽ തീർഥാടകരുടെ എണ്ണം ഇരട്ടിയാകും. നവ വധൂവരന്മാർ ഫോട്ടോ സെഷന് തിരഞ്ഞെടുക്കുന്ന സ്ഥലവും മലമേൽതന്നെ. 20 രൂപ ടിക്കറ്റ് നിരക്കിലാണ് പ്രവേശനം. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നിയന്ത്രണത്തിലാണ് ടൂറിസം പദ്ധതി പ്രവർത്തിക്കുന്നത്. ത്രിമൂർത്തീസംഗമം സമുദ്രനിരപ്പിൽനിന്ന് 800 അടി ഉയരത്തിലുള്ള മലമേൽ പാറയും പരിസരവും ടൂറിസം വികസനത്തിന് വമ്പിച്ച സാധ്യതകളുള്ള ഭൂപ്രദേശമാണ്.

ഒറ്റ ശ്രീകോവിലിൽ കിഴക്കോട്ട് ശിവനും പടിഞ്ഞാറ് വിഷ്ണുവും മച്ചിൽ ബ്രഹ്മാവുമുള്ള അപൂർവ ക്ഷേത്രം മലമേലിന്റെ വൈശിഷ്ട്യം വിളിച്ചറിയിക്കുന്നു. ത്രിമൂർത്തികളുടെ ഈ സംഗമം മലമേൽ ഇരുമ്പൂഴിക്കുന്ന് ശ്രീശങ്കരനാരായണസ്വാമിക്ഷേത്രത്തെ പ്രശസ്തമാക്കുന്നു.
പരിസ്ഥിതി സൗഹൃദമാക്കണം
ഇടമുളയ്ക്കൽ പഞ്ചായത്തിലെ പ്രധാന ടൂറിസം കേന്ദ്രമായ മലമേലിൽ പരിസ്ഥിതി സൗഹൃദപദ്ധതി നടപ്പാക്കണം. പഞ്ചായത്തും പരിസ്ഥിതി പ്രവർത്തകരുംകൂടി ആലോചിച്ച് പ്രകൃതിക്ക് കോട്ടംവരാതെ തനിമ നിലനിർത്തിയുള്ള പ്രവർത്തനങ്ങൾക്ക് രൂപംകൊടുക്കണം.
- ടി.ആർ.ഷൗക്കത്ത്, ഇടമുളയ്ക്കൽ ഗ്രാമപ്പഞ്ചായത്ത് അംഗം.
ഉദയാസ്തമയം കാണാൻ മലമേൽ പാറ
ഒരുകൂട്ടം പരിസ്ഥിതിപ്രവർത്തകരുടെ നിരന്തരമായ പരിശ്രമങ്ങളാണ് മലമേൽ ടൂറിസം പദ്ധതി യാഥാർഥ്യമാക്കിയത്. മന്ത്രി കെ.രാജുവിന്റെ ഇടപെടലുകളും പ്രവർത്തനങ്ങൾക്ക് വേഗംകൂട്ടി. ഉദയവും അസ്തമയവും കാണാൻ കഴിയുന്ന മലമേൽ പാറ കൂടുതൽ വികസനത്തിന് ഒരുങ്ങുകയാണ്.
- കെ.അജിതകുമാരി, വാർഡ് പ്രതിനിധി
അറയ്ക്കൽ വില്ലേജിന്റെ മുഖച്ഛായ മാറ്റും
ഒക്ടോബർ 22-ന് മുഖ്യമന്ത്രി നാടിനുസമർപ്പിച്ച മലമേൽ ടൂറിസംപദ്ധതി ഒട്ടേറെ വികസനസാധ്യതകളാണ് തുറക്കുന്നത്. ജില്ലയിലെ മറ്റു ടൂറിസം മേഖലകളുമായി ബന്ധപ്പെടുത്തിയുള്ള പാക്കേജ് ടൂറിസം പദ്ധതിക്കും ഇത് പ്രയോജനം ചെയ്യും. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് പദ്ധതി വിപുലമാക്കണം.
- ആർ.ബാലചന്ദ്രൻ നായർ, പൊതുപ്രവർത്തകൻ
മലമേലിന് അനന്തസാധ്യതകൾ
നാടിന്റെ വികസനമുന്നേറ്റത്തിലെ പൊൻതൂവലാണ് മലമേൽ ടൂറിസം. വമ്പിച്ച സാധ്യതകളാണ് പദ്ധതിക്കുള്ളത്. പ്രകൃതിയുടെ സ്വാഭാവികത നിലനിറുത്തി രണ്ടാംഘട്ട പണികൾ ആരംഭിക്കണം.
- അക്ഷയ് ഗോപാൽ, സേവ് മലമേൽ ആക്ഷൻ ഫോറം
റോഡിന്റെ ദുരവസ്ഥ പരിഹരിക്കണം
മലമേൽ ടൂറിസംപ്രദേശത്ത് എത്താനുള്ള റോഡിന്റെ ദുരവസ്ഥ വേഗം പരിഹരിക്കണം. അശാസ്ത്രീയമായ റോഡുനിർമാണവും വഴിവിളക്കുകളുടെ അഭാവവും മേഖലയുടെ വളർച്ചയ്ക്ക് തടസ്സമാകുന്നു. രണ്ടാംഘട്ട പണികളുടെ ഭാഗമായി നിലവിലുള്ള കളിസ്ഥലം സ്റ്റേഡിയമായി ഉയർത്തണം. മലമേൽ പ്രദേശം കൂടുതൽ ആകർഷകമാക്കണം.
- ശ്രീനാഥ് ജി., പ്രസിഡന്റ്, കോസ്‌മോസ് ആർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബ്ബ്, മലമേൽ
Content Highlights: Malamel Travel, Theerthakkara, Nadukanippara, Kudappara, Travel News, Kerala Tourism