മലമേൽ
പ്രകൃതിയെ അടുത്തറിയാന്‍ ഏറെ ഇഷ്ടമുള്ളവരാണ് മലയാളികള്‍. പാറക്കൂട്ടങ്ങളും സൂര്യാസ്തമയവും ക്ഷേത്രദര്‍ശനവും ചന്ദനക്കാറ്റും അതിരാവിലെയുള്ള മൂടല്‍മഞ്ഞും ആസ്വദിക്കാന്‍ മലമേലിലെത്താം. മനസ്സിനും ശരീരത്തിനും കുളിര്‍മപകരുന്ന യാത്ര പ്രത്യേക അനുഭവംതന്നെയാണ് സഞ്ചാരികള്‍ക്ക് നല്‍കുന്നത്.
കൊല്ലം ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമായ മലമേല്‍ സഞ്ചാരികളുടെ ഇഷ്ടസ്ഥലമായി മാറുന്നു. അമ്പലപ്പാറയുടെയും ശങ്കരനാരായണസ്വാമി ക്ഷേത്രത്തിന്റെയും ഐതിഹ്യപ്പെരുമ നിലനിര്‍ത്തി നടപ്പാക്കിയ ടൂറിസം പദ്ധതിയാണ് മലമേലിന് പ്രിയമേറാന്‍ കാരണം.
ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ജനങ്ങള്‍ക്കായി തുറന്നുകൊടുത്തതോടെ സഞ്ചാരികളുടെ വരവും കൂടി. നാടുകാണിപ്പാറ, കുടപ്പാറ, ഗോളപ്പാറ, പുലിച്ചാണ്‍ തുടങ്ങി ഐതിഹ്യങ്ങളാല്‍ പേരുകേട്ട വിവിധ പാറകള്‍ ഇവിടത്തെ പ്രത്യേകതയാണ്. ഇരുമ്പൂഴിക്കുന്ന് ശങ്കരനാരായണസ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നത് അമ്പലപ്പാറയിലാണ്.
കിഴക്കോട്ട് ശിവനും പടിഞ്ഞാറോട്ട് വിഷ്ണുവും പടിഞ്ഞാറെ മച്ചില്‍ ബ്രഹ്മാവും സ്ഥിതിചെയ്യുന്നു. ത്രിമൂര്‍ത്തികളുടെ സംഗമസ്ഥാനമാണ് ഈ ക്ഷേത്രമെന്ന് വിശ്വസിക്കുന്നു. പാറക്കുന്നിനു സമീപത്തായി പെരുമണ്ണൂര്‍ ക്ഷേത്രവും തെക്കുകിഴക്ക് പ്രദേശത്തായി അറയ്ക്കല്‍ ദേവീക്ഷേത്രവും സ്ഥിതിചെയ്യുന്നു. മലമേല്‍ പാറയില്‍ നിന്നാല്‍ ഉദയവും അസ്തമയവും കാണാന്‍ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 700 അടി ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്.
ജില്ലയിലെ ഏറ്റവും ഉയരംകൂടിയ പ്രദേശമായതിനാല്‍ പോലീസിന്റെ വയര്‍ലെസ് സംവിധാനങ്ങളുടെ ഉപകരണങ്ങള്‍ ഇവിടെയാണ് പണ്ട് പ്രവര്‍ത്തിപ്പിച്ചിരുന്നത്. വിവിധയിനം പാറകളും അമൂല്യസസ്യങ്ങളും സഞ്ചാരികള്‍ക്ക് വിരുന്നൊരുക്കും.
ചന്ദനമരങ്ങളാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത. ജൈവപുഷ്ടിയുള്ള മണ്ണില്‍ സമൃദ്ധമായി വളരുന്ന കുടകപ്പാല, ദന്തപ്പാല, വാറ്റ് പുല്ല്, കാഞ്ഞിരം, അരളി തുടങ്ങിയ ഔഷധസസ്യങ്ങള്‍ സുലഭം.
അരയാലും പേരാലും മറ്റൊരു അനുഭവമാണ്. വാനരന്മാര്, മയിലുകള്‍, മുള്ളന്‍പന്നി, വെരുക് തുടങ്ങിയവയും ഇവിടെ യഥേഷ്ടം വിഹരിക്കുന്നു. സഞ്ചാരികള്‍ക്കായി ഇരിപ്പിടങ്ങള്‍, കഫെറ്റീരിയ, മറ്റ് അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.
ഇവിടെയുണ്ട് വിവിധതരം പാറകള്‍
മലമേല്‍ പാറയുടെ പലഭാഗങ്ങളിലായി പേരുകേട്ട വിവിധയിനം പാറകള്‍ സഞ്ചാരികള്‍ക്ക് വിരുന്നൊരുക്കും. നാടുകാണിപ്പാറ, നാടുകാണിയിലെ പുലിച്ചാണ്‍, കൊച്ചു നാടുകാണിപ്പാറ അഥവാ വിമാനപ്പാറ, നടപ്പാറ, കുടപ്പാറ, കൊമ്പുകുത്തിപ്പാറ, ശംഖൂത്ത്പാറ, അമ്പലപ്പാറ അഥവാ വടക്കേപ്പാറ, പുല്ലകംപാറ, ആയിരവില്ലിപ്പാറ, ഗോളാന്തരപ്പാറ, ഗുഹപ്പാറ ഇങ്ങനെ നിരവധി പേരുകളിലാണ് പാറകള്‍ അറിയപ്പെടുന്നത്. അല്പം സാഹസികതകൂടെയുണ്ടെങ്കില് എല്ലാ പാറകളിലും ചെന്നെത്താം.
പ്രവേശന ഫീസ്
മുതിര്‍ന്നവര്‍ക്ക് 20 രൂപയും കുട്ടികള്‍ക്ക് 10 രൂപയുമാണ് പ്രവേശന ഫീസ്. ഫോട്ടോ ക്യാമറയ്ക്ക് 50 രൂപയും വീഡിയോ ക്യാമറയ്ക്ക് 200 രൂപയുമാണ്. രാവിലെ എഴുമുതല്‍ വൈകീട്ട് 6.30 വരെയാണ് പ്രവേശനം. മുതിര്‍ന്ന പൗരന്മാര്ക്ക് പ്രവേശനം സൗജന്യമാണ്.
സഞ്ചാര പാത
തിരുവനന്തപുരംകൊട്ടാരക്കര എം.സി. റോഡില്‍ വാളകം എം.എല്‍.എ. ജങ്ഷനില്‍നിന്നു നാലുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. അഞ്ചല്‍ ടൗണില്‍നിന്നു 7.5 കിലോമീറ്റര്‍ തടിക്കാട്വാളകം റോഡില്‍ സഞ്ചരിച്ചാലും മലമേല്‍ പാറയിലെത്താം.
Content Highlights: Malamel Temple Paara kollam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..