ഹരിപ്പാട്: കെ.എസ്.ആർ.ടി.സി. ഹരിപ്പാട് ഡിപ്പോയിൽനിന്ന്‌ അവധിദിനങ്ങളിൽ മലക്കപ്പാറയ്ക്കു വിനോദയാത്ര തുടങ്ങി. മുൻകൂട്ടി പണംനൽകി സീറ്റുറപ്പിക്കുന്ന 50 പേരുമായാണ് യാത്ര. 600 രൂപയാണ് ടിക്കറ്റുനിരക്ക്. മലക്കപ്പാറ വിനോദയാത്ര തുടങ്ങുന്ന ജില്ലയിലെ ആദ്യ ഡിപ്പോയാണ് ഹരിപ്പാട്. ആദ്യയാത്രയിൽ മൂന്നുവയസ്സുള്ള കുഞ്ഞുമുതൽ 80 പിന്നിട്ടവർ വരെയുണ്ടായിരുന്നു.

രണ്ടാഴ്ച മുൻപാണ് ഞായറാഴ്ചകളിലെ മലക്കപ്പാറ സർവീസ് പ്രഖ്യാപിച്ചത്. അധികൃതരെ അമ്പരപ്പിക്കുന്ന പ്രതികരണമാണുണ്ടായത്. നവംബർ, ഡിസംബർ മാസങ്ങളിലെ എല്ലാ ഞായറാഴ്ചകളിലേക്കും രണ്ടാം ശനിയാഴ്ചകളിലേക്കുമുള്ള സീറ്റുകൾ ഇതിനോടകം നിറഞ്ഞുകഴിഞ്ഞു. 350 പേരോളം കാത്തിരിപ്പുപട്ടികയിലുണ്ട്. ഇവർക്കായി പ്രവൃത്തിദിവസങ്ങളിൽക്കൂടി യാത്ര നടത്താനുള്ള ശ്രമമാണ് ബന്ധപ്പെട്ടവർ നടത്തുന്നത്. അതിരപ്പിള്ളി വ്യൂ പോയിന്റ്, ചാർപ്പ് വെള്ളച്ചാട്ടം, പെരിങ്ങൽക്കുത്ത് ഡാം, ആനക്കയം പാലം, ഷോളയാർ ഡാം, വാൽവ് ഹൗസ്, പെൻസ്റ്റോക്ക്, നെല്ലിക്കന്ന് എന്നിവിടങ്ങളിലൂടെ മലക്കപ്പാറ ടീ എസ്റ്റേറ്റ് വരെയാണ് യാത്ര. രാത്രി 11 മണിയോടെ ഹരിപ്പാട്ട് മടങ്ങിയെത്തും.

മാവേലിക്കര ഡിപ്പോയിലെ സൂപ്പർഫാസ്റ്റ് ബസാണ് ഹരിപ്പാട്ടുനിന്നുള്ള വിനോദയാത്രയ്ക്ക് ഉപയോഗിക്കുന്നത്. മൂന്നാറിലേക്കും സർവീസ് പരിഗണനയിലുണ്ട്. പ്രത്യേക സർവീസുകൾക്ക് ഓൺലൈനായി ടിക്കറ്റെടുക്കാനുള്ള സൗകര്യവും ഏർപ്പെടുത്തും.

ഡിസംബറിലെ അവസാന ഞായറാഴ്ചവരെയുള്ള സീറ്റുകൾ ബുക്കുചെയ്തിട്ടുണ്ടെങ്കിലും നവംബർ ഏഴിലെ യാത്രയ്ക്കുവരെയുള്ള ടിക്കറ്റുകൾ മാത്രമേ വിതരണം ചെയ്തിട്ടുള്ളൂ. മറ്റുള്ളവർ ഡിപ്പോയിൽ ഫോണിൽ വിളിച്ച ക്രമത്തിൽ പേരെഴുതിയിരിക്കുകയാണ്.

രണ്ടാഴ്ച മുൻകൂട്ടി മാത്രമേ യാത്രക്കാരിൽനിന്ന്‌ പണം വാങ്ങുകയുള്ളൂ. വനയാത്രയുള്ളതിനാൽ കാലാവസ്ഥ അനുകൂലമല്ലെങ്കിൽ മാറ്റിവെക്കേണ്ടിവരും. പണം മടക്കിക്കൊടുക്കേണ്ടിവരുന്നതുൾപ്പെടെയുള്ള സാങ്കേതികപ്രശ്നങ്ങൾ ഒഴിവാക്കാനാണിത്.

Content Highlights: Malakkappara Travel, KSRTC Special Service to Malakkappara, Kerala Tourism, Harippad to Malakkappara