ഗ്യാപ്പ് റോഡിലെ മലൈക്കള്ളൻ ഗുഹയിലേക്ക് വിനോദസഞ്ചാരികൾ കയറുന്നു | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ
മുട്ടുകാട്: ഗ്യാപ്പ് റോഡിലുള്ള മലൈക്കള്ളൻ ഗുഹ വിനോദസഞ്ചാരികൾക്ക് കൗതുകക്കാഴ്ചയാകുന്നു. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ദേവികുളം കഴിഞ്ഞ് ഗ്യാപ്പ് റോഡിലെത്തി കുറച്ചുദൂരം ചെന്നുകഴിയുമ്പോഴാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ഗുഹയുള്ളത്. കേരളത്തിലെയും തമിഴ്നാട്ടിലെയും ജനങ്ങൾക്ക് ഭീഷണിയുയർത്തിയിരുന്ന മലൈക്കള്ളൻ തങ്കയ്യയെന്ന മോഷ്ടാവ് ഒളിവിൽ കഴിഞ്ഞിരുന്ന ഗുഹയാണിതെന്ന് പഴമക്കാർ പറയുന്നു.
ഗ്യാപ്പ് റോഡിൽനിന്നാരംഭിക്കുന്ന ഗുഹ തമിഴ്നാട്ടിലെത്തുന്നുവെന്നാണ് പറയപ്പെടുന്നത്. ഒരാൾക്ക് സുഖമായി കടന്നുപോകാൻ സൗകര്യമുള്ളതാണീ ഗുഹ.
പാറകളിലെ വഴുക്കലും ചെളിയും ഇരുട്ടും ഉറവവെള്ളം തുള്ളിതുള്ളിയായി വീഴുന്ന ശബ്ദവും, ചീവീടുകളുടെയും കടവാവലുകളുടെയും ചിറകടിശബ്ദവും കടന്നുചെല്ലുന്നവർക്ക് കൗതുകമാണ്.
ഗ്യാപ്പ് റോഡിന്റെ വീതികൂട്ടിയപ്പോൾ മുമ്പുണ്ടായിരുന്നതിനേക്കാൾ സൗകര്യത്തിന് ഗുഹയിലേക്ക് നടന്നുകയറാൻ പടികൾ നിർമിച്ചിട്ടുണ്ട്. ഇവിടെനിന്ന് മുട്ടുകാട് പാടശേഖരം, ബൈസൺവാലി, ടീകമ്പനി, ജോസ്ഗിരി പള്ളി, എൻ.ആർ.സിറ്റി മേഖല, രാജാക്കാടിന്റെ ഉയർന്ന പ്രദേശം, കരിമല തുടങ്ങിയ പ്രദേശങ്ങൾ കാണാൻ സാധിക്കും. ഇതിനുസമീപമാണ് വരയാടുകളും കാട്ടുപോത്തും അപൂർവ സസ്യങ്ങളുമുള്ള ചൊക്രമുടി കൊടുമുടിയുള്ളത്. സ്വദേശികളും വിദേശികളുമായ വിനോദസഞ്ചാരികൾക്ക് കണ്ണിനുകുളിർമ നൽകുന്ന ഇവിടെ സഞ്ചാരികൾക്കുവേണ്ട സൗകര്യങ്ങൾ ഒരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
Content Highlights: malaikkallan cave, idukki travel, unknown destinations in kerala, malayalam travel news
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..