കുമളി: കോവിഡ് രണ്ടാംതരംഗത്തിനെ തുടര്‍ന്ന് അടച്ചിട്ട ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ തുറന്നതോടെ ജില്ലയിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക് വര്‍ദ്ധിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ കോണുകളില്‍നിന്നുള്ളവരാണ് തൊണ്ണൂറ് ശതമാനത്തിലധിവും ഇപ്പോള്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ എത്തിക്കൊണ്ടിരിക്കുന്നത്. കര്‍ശനമായ നിയന്ത്രണങ്ങള്‍ക്കിടയിലും സഞ്ചാരികളുടെ കടന്നുവരവ് നിര്‍ജീവമായ ഹോട്ടല്‍, റിസോര്‍ട്ട്, വ്യാപാര മേഖലകള്‍ക്ക് പുത്തനുണര്‍വ് നല്‍കിയിരിക്കുകയാണ്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാതെ എത്തുന്നവര്‍ക്ക് കര്‍ശനമായ താക്കീത് നല്‍കി തിരിച്ചയയ്ക്കുന്ന കാഴ്ചയും ഇപ്പോള്‍ ടൂറിസം കേന്ദ്രങ്ങളില്‍നിന്നു കാണാന്‍ കഴിയുന്നുണ്ട്.

ആദ്യദിനം തേക്കടി കാണാനെത്തിയത് 88 പേര്‍

മൂന്ന് മാസങ്ങള്‍ക്കിപ്പുറം തേക്കടി തുറന്നതോടെ രാവിലെമുതല്‍ സഞ്ചാരികള്‍ എത്തിത്തുടങ്ങിയിരുന്നു. കെ.ടി.ഡി.സി.യുടെയും, വനംവകുപ്പിന്റെയും ബോട്ടുകള്‍ രാവിലെ ഏഴരമുതല്‍ സര്‍വീസ് ആരംഭിച്ചു. ഇരുവരും നാല് സര്‍വീസുകള്‍ വീതം തിങ്കളാഴ്ച ബോട്ടിങ് നടത്തി. 86 പേരാണ് ബോട്ടിങ് നടത്തിയത്. ആളുകള്‍ കൂടുന്നതനുസരിച്ച് രാവിലെ 7.30, 9.30, 11.15, 1.45, 3.15 സമയങ്ങളിലെ സര്‍വീസുകള്‍ വിപുലമാക്കും. കോവിഡ് പശ്ചാത്തലത്തില്‍ വര്‍ദ്ധിപ്പിച്ച ടിക്കറ്റ് നിരക്കുകള്‍ കുറച്ചത് സഞ്ചാരികള്‍ക്ക് ആശ്വാസമായി. 255 രൂപയാണ് ഇപ്പോഴത്തെ ബോട്ട് ടിക്കറ്റ് നിരക്ക്. അഞ്ച് മുതല്‍ 11 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്ക് 85 രൂപയാണ് ടിക്കറ്റ് നിരക്ക്.

തേക്കടി ആനവച്ചാല്‍ പാര്‍ക്കിങ് ഗ്രൗണ്ടിലെത്തുന്ന സഞ്ചാരികളെ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചാണ് തേക്കടിക്ക് വിടുന്നത്. കൂടാതെ സഞ്ചാരികളുടെ ശരീര താപനില രേഖപ്പെടുത്തുന്നുണ്ട്. ഓണത്തിനോടനുബന്ധിച്ച് ഇക്കോ ടൂറിസം പരിപാടികള്‍ക്ക് ഉള്‍പ്പെടെ വലിയ ബുക്കിങ്ങാണ് വന്നുകൊണ്ടിരിക്കുന്നത്. സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി വിവിധ ഓഫറുകളുമായി ഹോട്ടല്‍-റിസോര്‍ട്ട് മേഖലയും സജീവമാകുകയാണ്.

rajamal

രാജമല സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികള്‍

അഞ്ചുനാട്ടിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ തുറന്നു

കോവിഡ് മാനദണ്ഡങ്ങളിലെ ഇളവുകളില്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ച് അഞ്ചുനാട്ടിലെ വിനോദസഞ്ചാരമേഖല സജീവമാകുന്നു. വനംവകുപ്പിന്റെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ഓഗസ്റ്റ് ഒന്‍പത് മുതല്‍ തുറന്നു പ്രവര്‍ത്തിച്ചതോടു കൂടി കൂടുതല്‍ സഞ്ചാരികള്‍ മറയൂര്‍, കാന്തല്ലൂര്‍ മേഖലകളില്‍ എത്തിത്തുടങ്ങി. വനംവകുപ്പിന്റെ പ്രധാന െട്രക്കിങ് കേന്ദ്രങ്ങളായ ഇരവികുളം നാഷണല്‍ പാര്‍ക്ക് (രാജമല), ലക്കം വെള്ളച്ചാട്ടം, തൂവാനം വെള്ളച്ചാട്ടം, ആലാംപെട്ടി െട്രക്കിങ്, ആനക്കോട്ടപ്പാറ, മന്നവന്‍ചോല െട്രക്കിങ് എന്നിവയാണ് തുറന്നത്. കൂടാതെ ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളിലെ ഹട്ടുകളും സഞ്ചാരികളെ കാത്തിരിക്കുന്നു.

രാജമലയില്‍ വരയാടുകളെ കാണാം

നാലര മാസത്തെ ഇടവേളയ്ക്കുശേഷം രാജമല തുറന്നു. കോവിഡ് നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച മുതലാണ് രാജമലയില്‍ സഞ്ചാരികളെ പ്രവേശിപ്പിച്ചുതുടങ്ങിയത്. ആദ്യദിനത്തില്‍ 301 പേരാണ് വരയാടുകളെ കാണുന്നതിന് എത്തിയത്.

rajamal

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത്. കോവിഡിന്റെ രണ്ടാം വരവിനെ തുടര്‍ന്ന് ഏപ്രില്‍ പകുതിയോടെയാണ് വരയാടുകളുടെ വിഹാരകേന്ദ്രമായ ഇരവികുളം ദേശീയോദ്യാനത്തില്‍പെട്ട രാജമല അടച്ചത്.

ആര്‍ക്കൊക്കെ പ്രവേശിക്കാം

72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍. സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഒരു ഡോസ് വാക്‌സിന്‍ എടുത്ത് രണ്ട് ആഴ്ച കഴിഞ്ഞതിന്റെയോ കോവിഡ് നെഗറ്റീവ് ആയി ഒരുമാസം കഴിഞ്ഞതിന്റെയോ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവരെ മാത്രമാണ് വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കുക.

രേഖകള്‍ കൃത്യമായും കരുതണം

"വിനോദസഞ്ചാരമേഖലകളിലേക്ക് കൂട്ടമായി എത്തുന്നവരില്‍ പലരും സര്‍ക്കാര്‍ നിര്‍ദേശിച്ച സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാതെയാണ് എത്തുന്നത്. ഇക്കാരണത്താല്‍ തന്നെ ഗ്രൂപ്പായി എത്തുന്നവരില്‍ പലരും പുറത്തുനില്‍ക്കേണ്ടിവരുന്നുണ്ട്. കൃത്യമായ രേഖകളുമായി വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ എത്താന്‍ ശ്രദ്ധിക്കേണ്ടതാണ്."

ഗിരീഷ് പി.എസ്., (ഡി.ടി.പി.സി. സെക്രട്ടറി.)

Content highlights : major tourist destinations thekkady and rajamal reopen with tourist rush