മുംബൈ: യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടാനായി 14 സ്മാരകങ്ങളെ ഒരുക്കുന്നതിന്റെ തിരക്കിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. അതിനായി ഈ 14 സ്മാരകങ്ങളുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പട്ടിക മഹാരാഷ്ട്ര സര്‍ക്കാര്‍ യുനെസ്‌കോയ്ക്ക് മുമ്പാകെ സമര്‍പ്പിച്ചു.

മറാഠ രാജാവായിരുന്ന ഛത്രപതി ശിവജിയുമായി ബന്ധപ്പെട്ട് കിടക്കുന്ന സ്മാരകങ്ങളാണ് മഹാരാഷ്ട്ര ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവയെല്ലാംതന്നെ 17-ാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ടതാണ്. മറാഠ വാസ്തുകലയിലാണ് ഇവയെല്ലാം നിര്‍മിച്ചിരിക്കുന്നത്. 

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ അനുവാദത്തോടെ ഈ പട്ടിക യുനെസ്‌കോ സ്വീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്തുവരും. 

റായ്ഗഢ് കോട്ട, ശിവ്‌നേരി കോട്ട, രാജ്ഗഢ് കോട്ട, ടോര്‍ണ കോട്ട, സാല്‍ഹര്‍ കോട്ട, ലോഹാഗഢ്, രംഗണ കോട്ട, മുല്‍ഹര്‍ കോട്ട, അങ്കായ് തങ്കായ് കോട്ട, സിന്ധുദുര്‍ഗ് കോട്ട, കാസ കോട്ട, അലിബാഗ് കോട്ട, സുവര്‍ണദുര്‍ഗ് കോട്ട, ഖാണ്ഡേരി കോട്ട എന്നിവയാണ് മഹാരാഷ്ട്ര തയ്യാറാക്കിയ പൈതൃകപട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇവയില്‍ മിക്കവയും മറാഠ സാമ്രാജ്യത്തിന്റെയും മുഗള്‍ ഭരണത്തിന്റെയും ശേഷിപ്പുകളാണ്. 

Content Highlights: Maharashtra govt seeks World Heritage Site tag for 14 forts