മധുര-ബോഡിനായ്ക്കന്നൂർ റെയിൽവേലൈനിൽ പരീക്ഷണാർഥം തേനിയിലെത്തിയ എൻജിൻ
കുമളി: ഇടുക്കിയുടെ വിനോദസഞ്ചാരത്തിനും വ്യാപാരത്തിനും ഉണര്‍വുനല്‍കി മധുര-ബോഡിനായ്ക്കന്നൂര്‍ റെയില്‍പ്പാത തേനിവരെയെത്തി. റെയില്‍പ്പാതയില്ലാത്ത ജില്ലയുടെ അതിര്‍ത്തിയില്‍നിന്ന് ഒന്നര മണിക്കൂര്‍ യാത്രചെയ്താല്‍ തേനി സ്റ്റേഷനിലെത്താം.ഒട്ടേറെ സിനിമകളിലൂടെ മലയാളികളുടെ മനംകവര്‍ന്ന കമ്പം-തേനി മേഖലയിലൂടെ ഇനി തീവണ്ടിയില്‍ യാത്രചെയ്യാം. പച്ചക്കറി-മലഞ്ചരക്ക് വ്യാപാരത്തിനും ഇതൊരു ഇടനാഴിയാകും.തൊണ്ണൂറ് ശതമാനത്തോളം പൂര്‍ത്തിയായ പാതയിലൂടെ രണ്ടുതവണ പരീക്ഷണ ഓട്ടം നടത്തിക്കഴിഞ്ഞു.
ഒരു പതിറ്റാണ്ടിന്റെ കാത്തിരിപ്പ്
92 കിലോമീറ്റര്‍വരുന്ന മീറ്റര്‍ഗേജ് റെയില്‍പ്പാത ബ്രോഡ്‌ഗേജാക്കി മാറ്റാനുള്ള പദ്ധതി പത്തുവര്‍ഷംമുമ്പാണ് ആരംഭിച്ചത്. 350 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. പദ്ധതിയുടെ പ്രാരംഭഘട്ടമെന്നനിലയില്‍ മധുരയില്‍നിന്ന് ഉസിലാംപട്ടിവരെയുള്ള 37 കിലോമീറ്റര്‍ പാത നിര്‍മിച്ചു. രണ്ടാംഘട്ടമായി ഉസിലാംപട്ടിയില്‍നിന്ന് ആണ്ടിപ്പട്ടിവരെയുള്ള 21 കിലോമീറ്റര്‍ ഡിസംബറില്‍ പൂര്‍ത്തിയായി.ആണ്ടിപ്പട്ടിമുതല്‍ തേനിവരെയുള്ള 34 കിലോമീറ്ററിന്റെ നിര്‍മാണം മാര്‍ച്ച് ആദ്യവാരം പൂര്‍ത്തിയായി. ഇനി കുറച്ച് അറ്റകുറ്റപ്പണികള്‍ മാത്രമാണ് ബാക്കിയുള്ളത്.
ടൂറിസം പൂത്തുതളിര്‍ക്കും
ഇപ്പോള്‍ വിനോദസഞ്ചാരികള്‍ കൊച്ചിയിലോ കോട്ടയത്തോ എത്തി അവിടെനിന്ന് ടാക്‌സികളിലോ ബസുകളിലോ മണിക്കൂറുകള്‍ യാത്രചെയ്താണ് ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ എത്തുന്നത്. പാതയിലൂടെ തീവണ്ടിയോടുന്നതോടെ മറ്റുസംസ്ഥാനങ്ങളില്‍നിന്നെത്തുന്ന സഞ്ചാരികള്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും വേഗത്തില്‍ ജില്ലയിലേക്ക് എത്താന്‍കഴിയും. തേക്കടി, മൂന്നാര്‍, രാമക്കല്‍മേട് തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് ഇതോടെ കൂടുതല്‍പേരെത്തും. ഇത് ജില്ലയുടെ ടൂറിസം വികസനത്തില്‍ കുതിച്ചുചാട്ടമുണ്ടാക്കും. ഇടുക്കി ജില്ലയില്‍നിന്ന് മധുര, വേളാങ്കണ്ണി, രാമേശ്വരം, പഴനി, തിരുപ്പതി തുടങ്ങിയ തീര്‍ഥാടനകേന്ദ്രങ്ങളിലേക്ക് പോകുന്നവര്‍ക്കും ആശ്വാസമാകും ഈ റെയില്‍പ്പാത.
വ്യാപാരത്തിന് 'ബൂസ്റ്റ്'
വിനോദസഞ്ചാരം കൂടാതെ ജില്ലയുടെ വ്യാപാരമേഖലയ്ക്കും പാത പുതിയ സാധ്യതകള്‍ തുറക്കും. കേരളത്തില്‍നിന്നുള്ള ഏലം, കുരുമുളക് തുടങ്ങിയവയുടെയും തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലേക്കുള്ള പച്ചക്കറി ഉള്‍പ്പെടെയുള്ളവയുടെയും ചരക്കുനീക്കവും എളുപ്പമാകും. കൂടാതെ, തമിഴ്‌നാട്ടിലെ വിവിധ വാണിജ്യകേന്ദ്രങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനും സഹായകമാകും.മധുര-ബോഡിനായ്ക്കന്നൂര്‍ റെയില്‍പ്പാത കുമളിക്ക് 10 കിലോമീറ്റര്‍ ലോവര്‍ക്യാമ്പുവരെ നീട്ടുന്ന ഒരു പദ്ധതിയും ചര്‍ച്ചയിലുണ്ടായിരുന്നു. ബോഡിനായ്ക്കന്നൂര്‍വരെയുള്ള പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഈ പദ്ധതിക്ക് ജീവന്‍വെക്കുമെന്നാണ് പ്രതീക്ഷ.
Content Highlights: madhura railpath reaches theni


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..