പഴയങ്ങാടി: കോവിഡ് ഭീഷണിയില്‍ കഴിയുമ്പോഴും നിയന്ത്രണമില്ലാതെ മാടായിപ്പാറയില്‍ ഉല്ലാസയാത്രക്കാരെത്തുന്നു.

ഇവരുടെ വാഹനങ്ങള്‍ പാറയില്‍ തലങ്ങും വിലങ്ങും നിര്‍ത്തിയിടുന്നു. ജൈവവൈവിധ്യത്തിന്റെ കലവറയായ മാടായിപ്പാറയെ നശിപ്പിക്കുംവിധമുള്ള കാര്യങ്ങളാണ് നടക്കുന്നത്. വാഹനങ്ങള്‍ റോഡരികില്‍ നിര്‍ത്തിയിടാതെ പാറയുടെ പുല്‍മേടുകളില്‍ക്കൂടി ഓടിക്കുമ്പോള്‍ ജൈവസമ്പത്തിന് നാശമുണ്ടാകുന്നു.

പാറയില്‍ മുളച്ചുവരുന്ന കാക്കപ്പൂ, ചൂത്, ഇരപിടിയന്‍ സസ്യം എന്ന പേരിലറിയപ്പെടുന്ന ഡ്രോസിറ ഇന്‍ഡിക്ക പോലുള്ള സസ്യങ്ങളുടെ നിലനില്‍പ്പിനുതന്നെ ഇത് ഭീഷണിയായി മാറി. കുറേ വര്‍ഷങ്ങളായി കാക്കപ്പൂവും ചൂതും എണ്ണത്തില്‍ കുറവാണ്. ഇത് പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്നു. വെങ്ങര കോപ്പാട് റോഡില്‍ മദ്യപരുടെ ശല്യവും കൂടുതലാണ്. ഈ ഭാഗത്തെ പാറയില്‍ ധാരാളം മദ്യക്കുപ്പികള്‍ എറിഞ്ഞുടച്ചത് കാല്‍നടക്കാര്‍ക്കുപോലും ഭീഷണിയായി.

മനുഷ്യരുടെ അനിയന്ത്രിതമായ ഇടപെടല്‍, വാഹനം ഓടിക്കല്‍, മാലിന്യം തള്ളല്‍, മദ്യ കുപ്പികള്‍ വലിച്ചെറിയല്‍ എന്നിവ ജൈവവൈവിധ്യത്തെ ദോഷകരമായി ബാധിക്കുന്നു. തിത്തിരി, വേലിതത്ത എന്നീ പക്ഷികളുടെ പ്രജനനവും ക്രമാതീതമായി കുറയുന്നു.

ദേശാടനപ്പക്ഷികളുടെ വിരുന്നുകേന്ദ്രം കൂടിയാണ് ഇവിടം. സന്ദര്‍ശകരുടെ കടന്നുകയറ്റം തടയാന്‍ റോഡരികില്‍ മുള്ളുവേലി കെട്ടിയിരുന്നുവെങ്കിലും അതൊന്നും ഫലപ്രദമായിട്ടില്ല.

കൈയേറ്റത്തിനുള്ള ശ്രമം

PP Krishnan Masterമാടായിപ്പാറയെ ഖനന വിമുക്തമാക്കിയ ശേഷം നേരിടുന്ന പ്രധാന വെല്ലുവിളി ജൈവവൈവിധ്യ മേഖലയില്‍ വാഹനങ്ങള്‍ കയറ്റി അതിനെ നശിപ്പിക്കലും മാലിന്യങ്ങള്‍ തള്ളലും, നിര്‍മിതികള്‍ ലക്ഷ്യംവെച്ചുള്ള കൈയ്യേറ്റ ശ്രമങ്ങളുമാണ്. ഇത് ചെയ്യുന്നതാകട്ടെ മാടായിപ്പാറയുടെ പ്രകൃതിസൗന്ദര്യം ആസ്വദിക്കാനെത്തുന്നവര്‍ തന്നെയാണ്. ഇത്തരം പ്രവര്‍ത്തനങ്ങളെ മാടായിപ്പാറ സംരക്ഷണസമിതി സേന രൂപവത്കരിച്ച് നേരിടും. സേനയില്‍ ഇതിനകം 50 പേര്‍ ചേരാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഓണത്തിന് മുമ്പ് അതിന്റെ പ്രവര്‍ത്തനം ആരംഭിക്കും. മുന്‍കാലങ്ങളില്‍ ബോര്‍ഡ് വെച്ച് വിലക്കിയതുകൊണ്ട് പ്രയോജനമുണ്ടായിട്ടില്ല.

പി.പി.കൃഷ്ണന്‍ മാസ്റ്റര്‍, ചെയര്‍മാന്‍, മാടായിപ്പാറ സംരക്ഷണസമിതി

Content Highlights: Madayippara, Kannur Tourism Spots, Kerala Covid 19, Travel News