
പ്രതീകാത്മകചിത്രം | ഫോട്ടോ: മാതൃഭൂമി
സ്വന്തം വിവാഹത്തിന് ഒരു സിനിമാ താരത്തിന്റെ സാന്നിധ്യമുണ്ടെങ്കിൽ എങ്ങനെയുണ്ടാകും? കേൾക്കുമ്പോൾ സുഖമുള്ള കാര്യമൊക്കെയാണെങ്കിലും ഇതൊക്കെ നടക്കുമോ എന്ന് കരുതുന്നവരാണ് മിക്കവരും. പക്ഷേ കുറച്ച് കാശ് മുടക്കാൻ തയ്യാറാണെങ്കിൽ സംഗതി നടക്കും. ലാസ് വേഗാസിലെ മാഡം തുസാഡ്സ് മ്യൂസിയമാണ് അതിനുള്ള അവസരമൊരുക്കുന്നത്.
ഏതെങ്കിലും ഒരു പ്രമുഖനെ പങ്കെടുപ്പിച്ചുകൊണ്ട് വിവാഹിതരാവാനുള്ള സുവർണാവസരമാണ് മ്യൂസിയം ഒരുക്കുന്നത്. പക്ഷേ ചടങ്ങിൽ ഒപ്പമുണ്ടാവുക ആ പ്രമുഖന്റെ മെഴുകുപ്രതിമയായിരിക്കുമെന്ന് മാത്രം. രണ്ട് വ്യത്യസ്ത പാക്കേജുകളാണ് ഇതിനായി മ്യൂസിയം അധികൃതർ തയ്യാറാക്കിയിരിക്കുന്നത്. പാക്കേജുകൾക്കൊപ്പം ചടങ്ങുകളുടെ ഡിജിറ്റൽ ഫോട്ടോകളും നവ വധൂവരന്മാർക്ക് ലഭിക്കും.
199.99 ഡോളർ (ഏകദേശം 15018 ഇന്ത്യൻ രൂപ) പാക്കേജാണ് ആദ്യത്തേത്. പ്രശസ്ത അമേരിക്കൻ നടനായ ജോർജ് ക്ലൂണിയേയാണ് ഈ പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ക്ലൂണിയുടെ മെഴുക് പ്രതിമയുടെ സാന്നിധ്യത്തിൽ നിങ്ങൾക്ക് വിവാഹം നടത്താം. വെഡ്ഡിങ് മ്യൂസിക്കും മിനി ഷാംപെയിൻ കുപ്പിയും പാക്കേജിലുണ്ട്.
ഈ പാക്കേജിനൊപ്പം 25 ഡോളർ (1878 രൂപ) കൂടി അധികം നൽകുന്നതാണ് രണ്ടാമത്തെ പാക്കേജ്. ഇതിൽ ജോർജ് ക്ലൂണിക്ക് പുറമേ നിങ്ങൾക്കിഷ്ടപ്പെട്ട മറ്റൊരു പ്രമുഖനേക്കൂടി വിവാഹച്ചടങ്ങിൽ ഉൾപ്പെടുത്താം. കൂടാതെ വധൂവരന്മാർക്ക് മെഴുകിൽ തീർത്ത അവരുടെ തന്നെ കൈയുടെ മാതൃകകളും സമ്മാനമെന്നോണം ലഭിക്കും.
പാക്കേജുകൾ മുൻകൂട്ടി ബുക്ക് ചെയ്യാൻ മ്യൂസിയം സന്ദർശിച്ച് ഏത് പാക്കേജാണ് വേണ്ടതെന്ന് പറയുകയേ വേണ്ടൂ. ബുക്ക് ചെയ്തുകഴിഞ്ഞാൽ നിങ്ങളുടെ വിവാഹത്തിനുവേണ്ടതെല്ലാം എല്ലാം ബന്ധപ്പെട്ട വകുപ്പ് ക്രമീകരിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..