പ്രതീകാത്മക ചിത്രം | Photo: PTI
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കേരള തീരത്തേക്ക് വീണ്ടും അന്താരാഷ്ട്ര ക്രൂസ് സഞ്ചാരികളെത്തുന്നു. നവംബറോടെ ആദ്യ കപ്പല്‍ കൊച്ചി തുറമുഖത്തെത്തും. ഇതോടെ വിനോദ സഞ്ചാര മേഖലയിലെ പ്രധാന ക്രൂസ് ഹബ്ബുകളിലൊന്നായി വീണ്ടും കൊച്ചി ഉയരും.
നടപ്പു സാമ്പത്തിക വര്‍ഷം 38 അന്താരാഷ്ട്ര ക്രൂസ് കപ്പലുകളാണ് കൊച്ചി തീരത്തേക്ക് വരുന്നത്. പ്രധാന കപ്പല്‍ കമ്പനികളെല്ലാം കൊച്ചിയിലെത്തുന്നതുമായി ബന്ധപ്പെട്ട് തുറമുഖ അധികൃതരുമായി ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. സഞ്ചാരികളുടെ എണ്ണം എത്രയായിരിക്കുമെന്നു കപ്പല്‍ കമ്പനികള്‍ അറിയിച്ചിട്ടില്ല. നിലവില്‍ ടിക്കറ്റുകളുടെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
ഒക്ടോബറോടെയാണ് കേരളത്തില്‍ ക്രൂസ് സീസണ് ആരംഭിക്കുന്നത്. അതേസമയം, ആഭ്യന്തര സര്‍വീസുകള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം 16 ആഭ്യന്തര സര്‍വീസുകളുമുണ്ടാകും.
കപ്പല്‍ കമ്പനികള്‍ക്ക് ആശ്വാസം
കേരളത്തിലെയടക്കം ടൂറിസം വരുമാനത്തില്‍ പ്രധാന പങ്ക് ക്രൂസ് വിനോദസഞ്ചാരത്തില്‍ നിന്നാണെന്നാണ് കണക്കാക്കുന്നത്. അതിനാല്‍, ഇന്ത്യയിലേക്ക് കൂടുതല്‍ കപ്പല്‍ കമ്പനികളെ ആകര്‍ഷിക്കാന്‍ കേന്ദ്ര തുറമുഖകപ്പല്ജലഗതാഗത വകുപ്പ് തുറമുഖ താരിഫില്‍ ഇളവ് വരുത്തിയിരുന്നു. കോവിഡ് സാഹചര്യത്തില്‍ പ്രതിസന്ധിയിലായ ക്രൂസ് മേഖലയെ സംരക്ഷിക്കുന്നതിനായിരുന്നു ഈ നീക്കം.
തുറമുഖങ്ങളില്‍ അടയ്ക്കേണ്ട തുകയില്‍ 70 ശതമാനത്തിലധികമാണ് ഇളവ് നല്‍കുന്നത്. വലിയ കപ്പലുകള്‍ക്ക് തുറമുഖങ്ങളില്‍ ഏകദേശം 60 ലക്ഷം രൂപ അടയ്ക്കേണ്ടിടത്ത് 12-15 ലക്ഷം രൂപ അടച്ചാല്‍ മതി. ഈ തുക തുറമുഖത്ത് കപ്പല്‍ അടുക്കുന്ന സമയങ്ങളില്‍ നല്കിയാല് മതി.
കൊച്ചി ഒരുങ്ങുന്നു
പുതിയ സഞ്ചാരികള്‍ക്കായി കൊച്ചി തുറമുഖം ഒരുങ്ങുകയാണ്. പുതിയ ക്രൂസ് ടെര്‍മിനലില്‍ എല്ലാ സൗകര്യങ്ങളും സഞ്ചാരികള്‍ക്ക് ലഭിക്കും. എല്ലാത്തരം കപ്പലുകളും പുതിയ ടെര്‍മിനലില്‍ അടുപ്പിക്കാന്‍ സാധിക്കുന്നതിനാല്‍ ഇത് കൊച്ചിക്ക് നേട്ടമാണ്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൂടുതല്‍ എമിഗ്രേഷന്‍ കൗണ്ടറുകള്‍ സഞ്ചാരികള്‍ക്കായി ഒരുക്കുന്നുണ്ട്. തുറമുഖ പരിസരത്ത് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ രണ്ട് മാസത്തിനുള്ളില്‍ ടെന്‍ഡര്‍ വിളിക്കാനാണ് പദ്ധതിയെന്ന് കൊച്ചി തുറമുഖ അധികൃതര്‍ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..