ഹാരാഷ്ട്രയിലെത്തുന്ന സഞ്ചാരികള്‍ ഒരിക്കലും 'മിസ്സാ'ക്കാത്ത ഒരിടമാണ് ലോണാര്‍ തടാകം. ബുല്‍ധാന ജില്ലയില്‍ സ്ഥിതി ചെയ്യുന്ന തടാകം അയ്യായിരത്തോളം വര്‍ഷങ്ങള്‍ക്കുമുമ്പുണ്ടായ ഉല്‍ക്കാ പതനത്തിലാണ് രൂപംകൊണ്ടതെന്നാണ് കരുതുന്നത്. ഉപ്പുജലം നിറഞ്ഞ ഈ തടാകം ഇന്ന് വാര്‍ത്തകളില്‍ നിറയുന്നത് അതിന്റെ പിങ്ക് നിറത്താലാണ്.

വെള്ളത്തിന്റെ നിറംമാറ്റം ശാസ്ത്രജ്ഞരിലും ഏറെ ആകാംക്ഷയ്ക്ക് വഴിവെച്ചിരുന്നു. അതിന് ഒരുത്തരം ലഭിച്ചിരിക്കുകയാണിപ്പോള്‍. തടാകത്തിലുള്ള ഹാലോര്‍ക്കിയ എന്ന സൂക്ഷ്മജീവിയുടെ അളവില്‍ക്കൂടുതലുള്ള സാന്നിധ്യമാണിതിന് കാരണം. പിങ്ക് നിറത്തിലുള്ള ചായക്കൂട്ടുകള്‍ പുറപ്പെടുവിക്കുന്ന സൂക്ഷ്മജീവികളാണിവ.

ജൂണില്‍ തടാകത്തിലെ വെള്ളത്തിന്റെ സാമ്പിളുകളെടുത്ത് നാഗ്പുര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നാഷണല്‍ എന്‍വയേണ്‍മെന്റല്‍ എഞ്ചിനീയറിങ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എന്‍.ഇ.ഇ.ആര്‍), പൂനെയുലെ അഘാര്‍ക്കര്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലേക്കയച്ചതായി വനംവകുപ്പ് അധികൃതര്‍ ബോംബെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ പരിശോധനയിലാണ് ജലത്തിലെ സൂക്ഷ്മജിവികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്.

ഈ വര്‍ണവ്യത്യാസം സ്ഥിരമല്ല. ജലോപരിതലത്തില്‍ നിന്നും ഹാലോര്‍ക്കിയകള്‍ അടിത്തട്ടിലേക്ക് നീങ്ങുന്നതോടെ തടാകത്തിന്റെ നിറം സാധാരണപോലെയാകുമെന്നും വിദഗ്ധര്‍ പറയുന്നു. തടാകത്തിലെ കരോട്ടിനോയിഡുകള്‍ കലര്‍ന്ന ഭക്ഷണം കഴിച്ചതിനാല്‍ പ്രദേശത്തെത്തിയ ചില ഫ്‌ളെമിംഗോ പക്ഷികളുടെ തൂവലുകളുടെ നിറം  പിങ്ക് ആയി മാറിയിട്ടുണ്ടെന്ന് അഘാര്‍ക്കര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. പ്രശാന്ത് ധകേഫാല്‍ക്കര്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.

Content Highlights: Lonar Lake, Maharashtra Tourism, Travel News