പ്രതീകാത്മക ചിത്രം | ഫോട്ടോ: അസീസ് മാഹി
ബെംഗളൂരു നഗരത്തിന്റെ സമീപപ്രദേശങ്ങളില്‍ പുലിയുടെ സാന്നിധ്യം കണ്ടെത്തിയ നാലിടങ്ങളിലും നിരീക്ഷണം ശക്തമാക്കുകയും കൂട് സ്ഥാപിക്കുകയും ചെയ്തെങ്കിലും കെണിയില്‍ കുടുങ്ങാതെ പുലി. വെള്ളിയാഴ്ച രാവിലെ ചത്ത മാനിനെ കണ്ടെത്തിയ കനകപുരറോഡ് കൊടിപാളയയില്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും പുലിയെത്തിയില്ല. പ്രദേശത്ത് സ്ഥാപിച്ച നിരീക്ഷണക്യാമറകളിലും പുലിയുടെ ദൃശ്യങ്ങള്‍ ലഭിച്ചില്ല. പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച കുമ്പളഗോഡു, കേങ്കേരി, ദേവനഹള്ളിക്ക് സമീപത്തെ ചിക്കജാല എന്നിവിടങ്ങളിലും സമാനമാണ് സ്ഥിതി.
പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ നന്ദിഹില്‍സിന് സമീപത്തെ ചെന്നപുരയിലും പുലിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. പശുവിനെ കഴിഞ്ഞദിവസം പുലി ആക്രമിച്ചിരുന്നു. നഗരത്തില്‍നിന്ന് വാരാന്ത്യങ്ങളില്‍ ഒട്ടേറെപ്പേരെത്തുന്ന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് നന്ദിഹില്‍സ്.
പുലിയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും ഒരാഴ്ചകൂടി നിരീക്ഷണം തുടരുമെന്ന് ബെംഗളൂരു അര്‍ബന്‍ ഡിവിഷന് ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എസ്.എസ്. രവിശങ്കര്‍ അറിയിച്ചു. കെങ്കേരി, കുമ്പളഗോഡു, കൊടിപാളയ എന്നീ പ്രദേശങ്ങള്‍ തുരഹള്ളി വനമേഖലയ്ക്ക് സമീപമായതിനാല് പുലി ഉള്‍ക്കാട്ടിലേക്ക് മടങ്ങിയിട്ടുണ്ടാകുമെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍. നേരത്തേയും സമാനമായ രീതിയില്‍ വിവിധയിടങ്ങളിലായി പുലിയെ കാണാറുണ്ടെങ്കിലും അധികസമയം ഇവ ജനവാസകേന്ദ്രങ്ങളില്‍ തങ്ങാറില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
ബെംഗളൂരു നഗരത്തിന്റെ പ്രവേശന കവാടങ്ങളെന്ന് വിശേഷിപ്പിക്കാവുന്ന പ്രദേശങ്ങളിലാണ് പുലിയെ കണ്ടതെന്നതിനാല്‍ അതി ജാഗ്രതയിലാണ് അധികൃതര്‍. ജനത്തിരക്കേറിയ പ്രദേശമാണിത്. ദേവനഹള്ളിക്ക് സമീപത്തെ ചിക്കജാലയില്‍ പലയിടങ്ങളിലും ആള്‍ത്താമസം കുറവാണെങ്കിലും വിമാനത്താവളത്തിലേക്ക് പോകുന്ന പ്രധാന റോഡിന്റെ സമീപത്താണിത്. കുറ്റിക്കാടുള്ള പ്രദേശമായതിനാല്‍ പുലിയെ തിരയുന്നതിനും വനം വകുപ്പിന് പരിമിതികളുണ്ട്.
Content Highlights: leopards spotted near Nandi Hills Bengaluru
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..