ഇക്വഡോര്‍: ഗാല്‍പാഗാവോസ് ദ്വീപിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി ഹോളിവുഡ് സൂപ്പര്‍ താരം ലിയണാര്‍ഡോ ഡി കാപ്രിയോ. ഇക്വഡോറില്‍ സ്ഥിതി ചെയ്യുന്ന ഗാല്‍പാഗാവോസിനെ ലോകോത്തര നിലവാരമുള്ള സഞ്ചാര കേന്ദ്രമാക്കുക എന്നതാണ് ഡി കാപ്രിയോയും സംഘവും ലക്ഷ്യം വെയ്ക്കുന്നത്. 
 
വൈല്‍ഡ് എന്ന എന്‍.ജി.ഒയുമായി ചേര്‍ന്നാണ് ഡി കാപ്രിയോ നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇതിനായി താരം 300 കോടി രൂപയാണ് ധനസഹായമായി നല്‍കുക. തന്റെ ഇന്‍സ്റ്റഗ്രാം പേജ് വഴിയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്‍സ്റ്റഗ്രാമില്‍ 48 മില്യണിലധികം ഫോളോവേഴ്‌സുള്ള താരമാണ് ഡി കാപ്രിയോ. 
 
ദിവസം കഴിയുന്തോറും നശിച്ചുകൊണ്ടിരിക്കുന്ന ഗാല്‍പാഗാവോസ് ദ്വീപിനെ അതിന്റെ ഭംഗി നിലനിര്‍ത്തിക്കൊണ്ടുതന്നെ പ്രകൃതിയെ നശിപ്പിക്കാത്ത തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കും. ഇതിനായി ഇക്വഡോര്‍ സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ താരത്തിന് ലഭിച്ചിട്ടുണ്ട്. ചാള്‍സ് ഡാര്‍വിന്‍ ഫൗണ്ടേഷനും താരത്തിനൊപ്പം കൈകോര്‍ക്കുന്നുണ്ട്.
 
ഇതുപോലെ അന്യംനിന്നുപോകുന്ന ദ്വീപുകളെയും കാടുകളെയും പ്രകൃതിയെയും സംരക്ഷിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ഡി കാപ്രിയോ പറഞ്ഞു. ടൈറ്റാനിക്ക് എന്ന ചിത്രത്തിലൂടെ പ്രസിദ്ധനായ ഡി കാപ്രിയോ 2016-ല്‍ മികച്ച നടനുള്ള ഓസ്‌കാര്‍ അവാര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട്. 
 
Content Highlights: Leonardo DiCaprio pledges $43 million to restore Galpagaos Islands