ലഡാക്ക്: ശൈത്യകാലത്തോടനുബന്ധിച്ചുള്ള എല്ലാ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെയ്ക്കുന്നതായി ലഡാക്ക് ഭരണകൂടം. ഒമിക്രോണ്‍ വര്‍ധിച്ചുവരുന്നതിന്റെ അടിസ്ഥാനത്തിലാണിത്. സാഹസികപ്രിയരായ സഞ്ചാരികള്‍ക്കിടയില്‍ ഏറ്റവും പ്രശസ്തമായ ചാദര്‍ ട്രെക്കിങ്ങും നിര്‍ത്തിവയ്ക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. 

ഇനിയൊരുത്തരവ് വരുന്നതുവരെ എല്ലാവിധ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെയ്ക്കുന്നുവെന്നാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. ലേ ഡെപ്യൂട്ടി കമ്മിഷണര്‍ ശ്രീകാന്ത് സൂസേയാണ് ഉത്തരവ് പുറത്തിറക്കിയത്.

തണുത്തുറഞ്ഞ സന്‍സ്‌കാര്‍ നദിയിലൂടെയുള്ള 105 കിലോമീറ്റര്‍ യാത്രയാണ് ചാദര്‍ ട്രെക്കിങ്. എല്ലാവര്‍ഷവും മലയാളികളുള്‍പ്പെടെ നിരവധി യാത്രികരാണ് ട്രെക്കിങ്ങിനായി ഇവിടേക്കെത്താറുള്ളത്. ഹിമപ്പുലിയെ തേടിയുള്ള യാത്രയ്ക്കും വിലക്ക് വന്നിട്ടുണ്ട്. ലേയിലെ റുപ്ഷു താഴ് വരയിലെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തുടങ്ങിയതാണ് ഈ പാക്കേജ്.

ജനുവരി-ഫെബ്രുവരി മാസങ്ങളിലായി കാര്‍ഗിലില്‍ നടക്കാനിരുന്ന ആപ്രിക്കോട്ട് ബ്ലോസം ഫെസ്റ്റിവലും ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ നിര്‍ത്തിയിട്ടുണ്ട്. വിനോദസഞ്ചാരമേഖലയാണ് ശൈത്യകാല സീസണുകളില്‍ പ്രദേശവാസികളുടെ പ്രധാന വരുമാന മാര്‍ഗം 2020-ലെ ലോക്ക്ഡൗണും ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കവും ഈ മേഖലയെ പ്രതികൂലമായി ബാധിച്ചു. അതിന് പിന്നാലെയാണ് ഇടിത്തീ പോലെ ഒമിക്രോണ്‍ വ്യാപനവും.

Content highlights: ladakh tourism, chadar trekking, snow leopard sighting expedition, latest malayalam travel news