ലഡാക്ക് | Photo: ANI
ലഡാക്കിനോളം സഞ്ചാരികളെ മോഹിപ്പിച്ച ഒരു പ്രദേശം ഇന്ത്യയിലുണ്ടാകില്ല. പക്ഷെ വര്‍ഷങ്ങളുടെ തയ്യാറെടുപ്പും പ്ലാനിങും നടത്തി എല്ലാ ത്യാഗങ്ങളും സഹിച്ച് ലഡാക്കിലെത്തിയാലും ഏറ്റവും ഭംഗിയുള്ള പല പ്രദേശങ്ങളും കാണാതെ മടങ്ങേണ്ടി വരുന്നത് പല സഞ്ചാരികളെയും വിശമിപ്പിക്കാറുണ്ട്. ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട അതിര്‍ത്തി പ്രദേശമായതിനാലും സൈന്യത്തിന്റെ കടുത്ത നിയന്ത്രണത്തിലായതിനാലും ലഡാക്കിലെ പല പ്രദേശങ്ങളും വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു. എന്നാലിപ്പോള്‍ ലഡാക്ക് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇത്തരം പ്രദേശങ്ങളിലേക്ക് കൂടെ സഞ്ചാരികള്‍ക്ക് പ്രവേശനം നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് സര്‍ക്കാര്‍.
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള മോട്ടോറബിള്‍ മൗണ്ടൈന്‍ പാസായ മാര്‍സിമിക് ലാ, ചൈന അതിര്‍ത്തിയോട് ചേര്‍ന്നുള്ള താഴ്‌വാരമായ സോഗ്ത്സലു, അതിമനോഹരമായ ചാങ് ചെന്‍മോ റീജിയണ്‍ തുടങ്ങി വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം നിയന്ത്രിച്ചിരുന്ന പല പ്രദേശങ്ങളും തുറന്നുകൊടുക്കാനാണ് തീരുമാനം. തന്ത്രപ്രധാനമായ ഈ പ്രദേശങ്ങളിലൂടെ കാര്യമായ നിയന്ത്രണങ്ങളില്ലാതെ സഞ്ചാരികള്‍ക്ക് പ്രവേശിക്കാനാകും. ചൈനയുമായുള്ള സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇവിടങ്ങളില്‍ കടുത്ത നിയന്ത്രണങ്ങളായിരുന്നു ഉണ്ടായിരുന്നത്. സൈനികര്‍ക്കോ മറ്റ് നിര്‍ണായക വകുപ്പുകളിലെയോ ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് ഇവിടുത്തെ പല പ്രദേശങ്ങളിലും പ്രവേശനമുണ്ടായിരുന്നത്.
അതോടൊപ്പം ലഡാക്കിലെ പ്രശസ്തമായ ചൂടുനീരുറവകളും വാര്‍ മെമോറിയലും സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാം. മാര്‍സിമിക് ലായും സോഗ്ത്സലുവും ഉള്‍പ്പടുന്ന ട്രെക്ക് റൂട്ടുകള്‍ തുറക്കാനും ചൂടുനീരുറവകള്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലേക്ക് പ്രവേശനം നല്‍കാനും അനുമതി നല്‍കിയതായി ഇന്ത്യന്‍ ആര്‍മിയും പ്രതികരിച്ചിട്ടുണ്ട്. സഞ്ചാരികളെ പ്രവേശിപ്പിക്കുന്നതിന്റെ ഭാഗമായി ഇവിടെ കൂടുതല്‍ മെഡിക്കല്‍ സെന്ററുകളും സെല്‍ഫി പോയന്റുകളും തുറക്കാന്‍ ജില്ല ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനും പോലീസും ഇതിനോട് സഹകരിക്കും.
പ്രദേശത്തെ ടൂറിസം വികസനത്തിനായി ലഡാക്ക് ഭരണകൂടം നിരവധി നടപടികള്‍ അരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സിയാച്ചിന്‍ ഹിമാനിയില്‍ പ്രവേശിക്കാന്‍ സൈന്യത്തിന്റെ പ്രത്യേക അനുമതി വേണമെന്ന ചട്ടം ഉള്‍പ്പടെ ഒഴിവാക്കിയിരുന്നു. യഥാര്‍ഥ നിയന്ത്രണ രേഖ(എല്‍.എ.സി) ക്ക് സമീപമുള്ള പല പ്രദേശങ്ങളിലുമുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനും ശ്രമം നടക്കുന്നുണ്ട്.
Content Highlights: Ladakh to make all forbidden zones accessible to tourists
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..