കുറ്റ്യാടിപ്പുഴ പാലത്തിൽ നിന്നുള്ള കാഴ്ച | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ
കുറ്റ്യാടി: കുറ്റ്യാടിപ്പുഴ കേന്ദ്രീകരിച്ച് ഗ്രാമീണ ടൂറിസംപദ്ധതിയുടെ സാധ്യതകൾ ഉപയോഗപ്പെടുത്താൻ വിപുലമായ പദ്ധതികൾ ആവിഷ്കരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കുറ്റ്യാടിപ്പുഴയും ചെറിയ പുഴയും സംഗമിക്കുന്ന കൊയിലോത്തുംകടവ് കേന്ദ്രമാക്കി മികച്ച ടൂറിസംപദ്ധതിക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. കുറ്റ്യാടി, മരുതോങ്കര, ചങ്ങരോത്ത് പഞ്ചായത്തുകളുടെ സംഗമസ്ഥലം കൂടിയാണ് ഈ സ്ഥലം. വടകരവരെ നീളുന്ന പുഴയും പുഴയോരവും സമൃദ്ധമായ കാഴ്ചകളാൽ സമ്പന്നമാണ്.
ഇതുവരെ ഈ പുഴയുടെ ടൂറിസംസാധ്യതകൾ ഉപയോഗപ്പെടുത്തിയിട്ടില്ലെന്നതിനാൽ ശാസ്ത്രീയമായ പഠനം നടത്തി പദ്ധതിരേഖ തയ്യാറാക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. ടൂറിസംമന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിൽ ഈവിഷയം കൊണ്ടുവരാൻ ഒരുങ്ങുകയാണ് കുറ്റ്യാടിയിലെ വിവിധസംഘടനകളും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും.
കടവ് സുന്ദരമാക്കാം... പാർക്ക് വീണ്ടെടുക്കാം...
കുറ്റ്യാടിപ്പുഴയോരം മുതൽ കുട്ടികളുടെ പാർക്ക് വരെയുള്ള ഭാഗം മികച്ച ടൂറിസം കേന്ദ്രമായി വളർത്തിയെടുക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. കുട്ടികളുടെ പാർക്ക് ഇന്ന് പേരിനുമാത്രമാണ്. ആവശ്യമുള്ള ഉപകരണങ്ങൾ സ്ഥാപിച്ച് ഈ പാർക്കിനെ വീണ്ടെടുത്ത് മികച്ചനിലവാരത്തിലേക്ക് ഉയർത്താൻ പദ്ധതികൾ വേണമെന്നത് പ്രധാന ആവശ്യമാണ്.
പാർക്കിനോട് ചേർന്ന് ഓപ്പൺ ഓഡിറ്റോറിയം, ഗാലറി, പുഴയിൽ പെഡസ്റ്റൽ ബോട്ടുകൾ, ചെറുതോണികൾ പുഴയോരത്തുള്ള മരങ്ങളിൽ ഏറുമാടങ്ങൾ, കുടിലുകൾ എന്നിവയും ആവശ്യങ്ങളിൽ ചിലതാണ്. കുറ്റ്യാടി കടവും പേരിനുമാത്രമുള്ളതാണ്.
പാർശ്വഭിത്തി കെട്ടിസംരക്ഷിച്ച് കടവ് നിർമിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. മിക്കസ്ഥലങ്ങളിലും പുഴയോരം ഇടിഞ്ഞ് കൃഷിസ്ഥലവും വീടുകളും ഉൾപ്പെടെയുള്ളവ ഭീഷണി ഉയർത്തുന്നുണ്ട്. ഈ പ്രശ്നം പരിഹരിക്കാനും നടപടി വേണം.
വളരെ നേരത്തെ പരിഗണനയിലുള്ള പദ്ധതിയാണ് ഇരിങ്ങൽ സർഗാലയമുതൽ കുറ്റ്യാടി ഭാഗത്തേക്കുള്ള ബോട്ട് യാത്ര. കുറ്റ്യാടിയുടെ സാമ്പത്തികവും സാമൂഹികവുമായ വികസനത്തിന് ടൂറിസംപദ്ധതി ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.
കുറ്റ്യാടി ചെറുപുഴയും വലിയ പുഴയും സംഗമിക്കുന്ന കുറ്റ്യാടി പഴശ്ശിയുടെ ചരിത്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ്. പുഴ മൂരാട് എത്തുന്നതു വരെയുള്ള ഭാഗം കെട്ടി സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ജനങ്ങൾക്ക് അവരുടെ ഒഴിവുസമയം ചെലവഴിക്കാനും, ഉല്ലാസത്തിനും ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആയി വികസിപ്പിക്കാൻ കഴിയുന്ന മേഖലയാണ് കുറ്റ്യാടി പുഴയോരം.
- കെ.പി. കുഞ്ഞമ്മദ് കുട്ടി, എം.എൽ.എ.
അടയാളപ്പെടുത്തേണ്ട പ്രദേശം
ഗ്രാമീണടൂറിസം രംഗത്ത് കുറ്റ്യാടിപ്പുഴയുടെ സ്ഥാനം വിലമതിക്കാനാവാത്തതാണ്. പ്രകൃതിയെ സ്നേഹിച്ച് കൊണ്ട് പ്രകൃതിയോട് ഇണങ്ങിക്കൊണ്ടുള്ള ടൂറിസംസാധ്യതകൾ കുറ്റ്യാടി പുഴയ്ക്കുണ്ട്. ഒയിസ്ക ഇതുമായി ബന്ധപ്പെട്ട പ്രോജക്ട് തയാറാക്കിക്കൊണ്ടിരിക്കയാണ്.
- ഡോ. ഡി. സച്ചിത്ത്, പ്രസിഡന്റ്, ഒയിസ്ക ചാപ്റ്റർ, കുറ്റ്യാടി
ടൂറിസം സ്പോട്ടാക്കണം
കുറ്റ്യാടി വലിയ പുഴയും ചെറിയ പുഴയും സംഗമിക്കുന്ന കൊയിലോത്തും കടവ് കേന്ദ്രമായി ഗ്രാമീണടൂറിസം പദ്ധതിയിലൂടെ കുറ്റ്യാടിയുടെ ടൂറിസം വികസനം സാധ്യമാക്കാൻ സാധിക്കും. കുറ്റ്യാടി കുട്ടികളുടെ പാർക്ക് മുതൽ കുറ്റ്യാടി പാലം വരെയുള്ള പുഴയോരം പുതിയ ടൂറിസം സ്പോട്ടായി വളർത്തിക്കൊണ്ടുവരണം.
- ടി.കെ. റിയാസ്, പ്രസിഡന്റ്, ചെറിയ കുമ്പളം റെസിഡൻറ്സ് അസോസിയേഷൻ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..