കുറ്റിയാട്ടൂര്‍: കുറ്റിയാട്ടൂര്‍ പഞ്ചായത്തിലെ ഏറ്റവും ഉയരംകൂടിയ പ്രദേശവും പ്രകൃതിരമണീയവുമായ ഉളുമ്പക്കുന്നിനെ പ്രാദേശിക വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കുന്നു. ഓരോ പഞ്ചായത്തിലും ഏതെങ്കിലും തരത്തില്‍ സവിശേഷതകളുള്ള ഒരു പ്രദേശത്തെയെങ്കിലും പ്രാദേശിക വിനോദസഞ്ചാര കേന്ദ്രമാക്കി വികസിപ്പിക്കുകയെന്ന വിനോദസഞ്ചാര വകുപ്പിന്റെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണിത്.

ഏതെങ്കിലും പദ്ധതിയില്‍പ്പെടുത്തി ഉളുമ്പക്കുന്നിനെ കൂടുതല്‍പ്പേരെ ആകര്‍ഷിക്കുന്ന കേന്ദ്രമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.പി.റെജി പറഞ്ഞു. ലോക്ഡൗണിന് മുമ്പ് പഞ്ചായത്തിലും പുറത്തുമുള്ള ധാരാളം പേര്‍ കുടുംബസമേതം ഇവിടെയെത്തിയിരുന്നു. ഇപ്പോള്‍ പ്രഭാതസവാരിക്കാരാണ് അധികവും. വിവാഹഷൂട്ടിങ്ങിനും മറ്റും എത്തുന്നവരുമുണ്ട്.

ശ്രീനാരായണഗുരുവിന്റെ ജീവിതകഥ പറയുന്ന 'യുഗപുരുഷന്‍' എന്ന സിനിമയുടെ കുറേഭാഗം ചിത്രീകരിച്ചത് ഇവിടെനിന്നാണ്. ഇതിനുപുറമെ പരസ്യചിത്രങ്ങളും ഹ്രസ്വചിത്രങ്ങളും. കുന്നുകയറ്റവും കുന്നിന്‍മുകളില്‍നിന്നുള്ള കാഴ്ചകളുമാണ് ഇവിടുത്തെ മുഖ്യആകര്‍ഷണം. നല്ല തെളിഞ്ഞ അന്തരീക്ഷമുള്ളപ്പോള്‍ മുപ്പത് കിലോ മീറ്റര്‍ അകലെയുള്ള കടല്‍ കാണാം. അതുപോലെ കിഴക്കന്‍ മഴയോരമേഖലയുടെ മനോഹര ദൃശ്യങ്ങളും. നല്ല നിലാവുള്ള രാത്രികളില്‍ ഈ കുന്നില്‍ മുകളില്‍നിന്നുള്ള കാഴ്ച അതിലും മനോഹരമാണ്. കുന്നിന്റെ താഴെവരെ ടാറിട്ട റോഡുണ്ട്. കുന്നുകയറാന്‍ സ്റ്റെപ്പുകളും. പോന്താറമ്പിലെ ഒ.എന്‍.വി. സ്മാരക വായനശാലാ പ്രവര്‍ത്തകര്‍ കുന്നിലേക്കുള്ള നടപ്പാതകള്‍ വൃത്തിയാക്കുകയും പരിസ്ഥിതി ദിനത്തില്‍ അരയാല്‍ത്തൈ നട്ടുപിടിപ്പിക്കുകയുംചെയ്തു.

Content highlights : kuttiattoor village ulumbakkunnu in kannur is being developed local tourist destination