കുറ്റാലം കൊട്ടാരം (ഫയൽ ചിത്രം)
തമിഴ്നാട്ടില്‍ കുറ്റാലം വെള്ളച്ചാട്ടത്തിനടുത്ത് കേരളത്തിനു സ്വന്തമായ കുറ്റാലം കൊട്ടാരം (കേരള പാലസ്) പൊളിഞ്ഞുവീഴാറായി. വെള്ളമിറങ്ങി മേല്‍ക്കൂരയിലെ തടികളാകെ നശിച്ചു. ഭിത്തികള്‍ക്കും വിള്ളലുണ്ട്. ഓടുകള്‍ ഇളകിയ നിലയിലാണ്. ഏതു നിമിഷവും നിലംപൊത്താം.
ഇനി ഒരു മഴക്കാലത്തെക്കൂടി അതിജീവിക്കാന്‍ 140 വര്‍ഷം പഴക്കമുള്ള ഈ കൊട്ടാരസമുച്ചയത്തിന് കഴിയില്ല. രാജകൊട്ടാരം, ദളവക്കൊട്ടാരം, അമ്മവക നാലുകെട്ട് എന്നിവയുടെയെല്ലാം മേല്‍ക്കൂര നശിച്ചനിലയിലാണ്.
കൊട്ടാരം നശിക്കുന്നതുസംബന്ധിച്ച് മാതൃഭൂമി നല്കിയ വാര്‍ത്തയെ തുടര്‍ന്ന് നിയമക്കുരുക്കഴിച്ച് അടിയന്തര അറ്റകുറ്റപ്പണിക്ക് കരാര്‍ നല്‍കിയിരുന്നു. എന്നാല്‍ കെട്ടിടം കൈമാറി ഒരുമാസം കഴിഞ്ഞിട്ടും പണി തുടങ്ങിയിട്ടില്ല. സമഗ്രമായ എസ്റ്റിമേറ്റ് തയ്യാറാക്കാത്തതാണ് പണിതുടങ്ങാന്‍ തടസ്സമെന്നാണ് അറിയുന്നത്. പുരാതനമായ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിയുടെ എസ്റ്റിമേറ്റില്‍ തടിപ്പണി പറഞ്ഞിട്ടില്ലെന്നതാണ് വിചിത്രം. രണ്ടുവര്‍ഷംമുമ്പ് തയ്യാറാക്കിയ 2.25 കോടിയുടെ എസ്റ്റിമേറ്റ് പ്രകാരം പുതിയ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.
11 കെട്ടിടങ്ങളിലായി 34 മുറികളുള്ള സമുച്ചയത്തിന്റെ പൈതൃകം നഷ്ടപ്പെടാത്തവിധം മേല്ക്കൂരയിളക്കി അറ്റകുറ്റപ്പണി നടത്താന്‍, 2020 ഡിസംബറില്‍ രണ്ടുകോടി രൂപയുടെ കരാര്‍ നല്‍കിയെങ്കിലും നടന്നില്ല.
തടി പൂര്‍ണമായും നശിച്ചതിനാല്‍ എസ്റ്റിമേറ്റ് പുതുക്കണമെന്ന ആദ്യ കരാറുകാരന്റെ ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്നുള്ള തര്‍ക്കം കോടതികയറുകയായിരുന്നു.

തകര്‍ന്നനിലയില്‍
ഒക്ടോബറില്‍ 'മാതൃഭൂമി' വാര്‍ത്തയെ തുടര്‍ന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ചീഫ് എന്‍ജിനീയറോട് വിശദീകരണം തേടി. ചീഫ് എന്‍ജിനീയര്‍ അഡ്വക്കേറ്റ് ജനറലിനെ കണ്ടു.
ആദ്യ കരാറുകാരനും മരാമത്തുവകുപ്പും തമ്മില്‍ ഹൈക്കോടതിയില്‍ നിലവിലുള്ള കേസില്‍ ഇടക്കാല ഉത്തരവ് നേടിയതോടെയാണ് അറ്റകുറ്റപ്പണി തുടങ്ങാന്‍ വഴിതുറന്നത്. അനാസ്ഥയില്‍ ആ വഴിയിലും ഇരുള് മൂടിയിരിക്കുകയാണിപ്പോള്‍.
ആ റിപ്പോര്‍ട്ടും അവഗണനയില്‍
2021 സെപ്റ്റംബര്‍ 29-ന് അസിസ്റ്റന്റ് എന്‍ജിനീയറും സംഘവും കൊട്ടാരം സന്ദര്‍ശിച്ച് നല്കിയ റിപ്പോര്‍ട്ടില്‍ പ്രധാന കൊട്ടാരത്തിന്റെ മേല്‍ക്കൂരയും ഓടുകളും ഇളകി ചോര്‍ന്നൊലിക്കുന്ന നിലയിലാണെന്ന് പറഞ്ഞിരുന്നു.
പല കെട്ടിടങ്ങളുടെയും മേല്‍ക്കൂര കാലപ്പഴക്കംചെന്ന് നശിച്ചനിലയിലായതിനാല് മുറികളുടെ ഭിത്തികളില്‍ ഈര്‍പ്പം പിടിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
10 കെട്ടിടങ്ങളിലും ചിതല്‍ശല്യം രൂക്ഷമാണെന്ന പരാമര്‍ശവുമുണ്ട്. ഇക്കാര്യങ്ങള്‍ എക്സിക്യുട്ടീവ് എന്‍ജിനീയറുടെ അറിവിലേക്കും അനന്തര നടപടികളിലേക്കും സമര്‍പ്പിക്കുന്നെന്നു പറഞ്ഞാണ് റിപ്പോര്‍ട്ട് അവസാനിപ്പിച്ചത്. പക്ഷേ, ഇപ്പോഴും നടപടിയുണ്ടായിട്ടില്ല.
കുറ്റാലം കൊട്ടാരം
തെങ്കാശി താലൂക്കിലാണ് തിരുനെല്‍വേലി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കൊട്ടാരമാണ് കുറ്റാലം കൊട്ടാരം. 1882ല്‍ തിരുവിതാംകൂര്‍ മഹാരാജാവ് വിശാഖം തിരുനാളാണ് കുറ്റാലം വെള്ളച്ചാട്ടത്തിനടുത്ത് വിശ്രമമന്ദിരമെന്നനിലയില്‍ കൊട്ടാരനിര്‍മ്മാണത്തിന് തുടക്കമിട്ടത്. കൊട്ടാരത്തിന്റെ രൂപകല്പനയും നിര്‍മ്മാണമേല്‍നോട്ടവും നിര്‍വഹിച്ചത് യൂറോപ്യന്‍ എന്‍ജിനീയര്‍മാരാണ്. ശ്രീമൂലം തിരുനാള്‍ മഹാരാജാവ് കുറ്റാലം കൊട്ടാരത്തിന്റെ പണി പൂര്‍ത്തിയാക്കി. 56.57 ഏക്കര്‍ സ്ഥലത്ത് 2639.98 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ളതാണ് കൊട്ടാരസമുച്ചയം.
Content Highlights: kuttalam palace kuttalam Courtallam waterfalls tenkasi tamil nadu
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..