കുത്താമ്പുള്ളി ഗ്രാമത്തിന്റേയും കൈത്തറിയുടേയും പുനരുജ്ജീവനത്തിന് വഴിയൊരുങ്ങുന്നു. വളരെയേറെ പാരമ്പര്യം കൈമുതലായുണ്ടായിട്ടും ഉത്തരവാദിത്വ വിനോദസഞ്ചാര ഭൂപടത്തില്‍ ഇടംനേടി മുന്നേറാന്‍ കുത്താമ്പുള്ളിക്ക് കഴിഞ്ഞിരുന്നില്ല. കുത്താമ്പുള്ളിയെ ഉത്തരവാദിത്വ വിനോദസഞ്ചാര മേഖലയിലുള്‍പ്പെടുത്തുന്നതിന്റെ ആദ്യപടിയായി ഉത്തരവാദിത്വ ടൂറിസം സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍ ബുധനാഴ്ച കുത്താമ്പുള്ളി സന്ദര്‍ശിക്കും. കുത്താമ്പുള്ളി നേരിടുന്ന അവഗണനയേക്കുറിച്ച് മാതൃഭൂമി ഡോട്ട് കോമില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനേ തുടര്‍ന്നാണ് നടപടി.

ഉത്തരവാദിത്വ ടൂറിസവുമായി ബന്ധപ്പെട്ട് കുത്താമ്പുള്ളിയില്‍ ചില കാര്യങ്ങള്‍ ചെയ്യാന്‍ പറ്റുമെന്ന് സംസ്ഥാന കോര്‍ഡിനേറ്റര്‍ മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു. വളരെയധികം സഹായം അര്‍ഹിക്കുന്നവരാണ് കുത്താമ്പുള്ളിയിലെ നെയ്ത്തുകാര്‍. പ്രാഥമിക നടപടിയായി അവിടെ നേരിട്ട് സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തും. വില്ലേജ് എക്‌സ്പീരിയന്‍സ് എന്ന ഗണത്തില്‍പ്പെടുത്താവുന്ന പദ്ധതികളുണ്ട്. ഉത്തരവാദിത്വ ടൂറിസം മിഷനാണ് അത് ചെയ്യുന്നത്. കേരളത്തിലെ പരമ്പരാഗത തൊഴിലുകളെ ടൂറിസം പാക്കേജുകളാക്കി വിദേശികളും സ്വദേശികളുമായ വിനോദസഞ്ചാരികളെ കൊണ്ടുവന്ന് തദ്ദേശവാസികള്‍ക്ക് ഒരു വരുമാനം കിട്ടത്തക്ക വിധമുള്ള പദ്ധതിയാണത്. അതിന് പരമ്പരാഗതമായ ആ തൊഴില്‍ ചെയ്യുന്നവര്‍ പണം മുടക്കേണ്ട ആവശ്യമില്ല. അതിഥികളെ പരിചരിക്കാനുള്ള പരിശീലനം നല്‍കി വീഡിയോകളും ബ്രൗഷറുകളും ഇറക്കി പരസ്യം ചെയ്താല്‍ അവിടെ വിനോദസഞ്ചാരികള്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.

'' ഇത്തരം പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ പലയിടങ്ങളില്‍ പലരീതിയില്‍ നടക്കുന്നുണ്ട്. കുത്താമ്പുള്ളിയില്‍ പോയി ആദ്യം ഒരു പാക്കേജ് ഉണ്ടാക്കും. വേറെ ഒരുപാട് തലങ്ങളിലൂടെ പോകേണ്ട കാര്യമില്ല എന്നതുകൊണ്ടാണ് നേരിട്ട് തന്നെ പോകുന്നത്. ഒരു ഐഡിയ കിട്ടിയാല്‍ ബുധനാഴ്ച തന്നെ പാക്കേജ് ആക്കും. അതിന് ശേഷം വിനോദസഞ്ചാരികള്‍ വരുന്നതിലുള്ള അവരുടെ താത്പര്യം അറിയുന്നതിന് നെയ്ത്തുകാരില്‍ കുറച്ചുപേരെ അവരുടെ വീടുകളിൽ പോയി കാണും. ഉത്തരവാദിത്വ ടൂറിസം മിഷന് കേരളത്തില്‍ 15,000 ത്തോളം യൂണിറ്റുകളുണ്ട്. അത് മുഴുവന്‍ പരിശോധിച്ചപ്പോഴും കുത്താമ്പുള്ളി അതിലൊന്നും ഉള്‍പ്പെട്ടിട്ടില്ല എന്നാണ് മനസിലാക്കാന്‍ സാധിച്ചത്. ഉത്തരവാദിത്വ ടൂറിസത്തിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനാവും. നെയ്ത്തുകാരെ ഈ പ്ലാറ്റ്‌ഫോമിലേക്ക് ലിങ്ക് ചെയ്യുന്നതുവഴി വിനോദസഞ്ചാരികള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതെങ്ങനെയെന്ന് നേരിട്ട് കണ്ട് അവ വാങ്ങാവുന്ന തരത്തില്‍ ഓര്‍ഡര്‍ ചെയ്യാം.'' അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

നന്നായി പ്രോത്സാഹിപ്പിച്ചാല്‍ കുത്താമ്പുള്ളിയെ രക്ഷപ്പെടുത്താനാവും എന്നാണ് താന്‍ കരുതുന്നത് രൂപേഷ് കുമാര്‍ പറഞ്ഞു. അടുത്ത ദിവസം തന്നെ റിപ്പോര്‍ട്ട് തയ്യാറാക്കി ടൂറിസം മന്ത്രി, ഡയറക്ടര്‍, സെക്രട്ടറി എന്നിവരുമായി ഇക്കാര്യം ചര്‍ച്ച ചെയ്ത് അന്തിമപ്രഖ്യാപനം നടത്തനാണ് പദ്ധതി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ സമയം അവസാനിച്ചാല്‍ പ്രഖ്യാപനം ഉണ്ടാവുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വേണം കുത്താമ്പുള്ളിക്കും ഒരു കൈത്താങ്ങ്

Content Highlights: Kuthampully Handloom Village, Responsible Tourism, Mathrubhumi Impact