തൃശ്ശൂര്‍: സംസ്ഥാന ഉത്തരവാദിത്ത ടൂറിസം അധികൃതര്‍ പരമ്പരാഗത നെയ്ത്ത് ഗ്രാമമായ കുത്താമ്പുള്ളി സന്ദര്‍ശിച്ചു. കുത്താമ്പുള്ളിയെ ഉത്തരവാദിത്ത വിനോദസഞ്ചാര മേഖലയുടെ ഭാഗമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം. ടൂറിസം മന്ത്രിയുടെ നിര്‍ദേശപ്രകാരം ഉത്തരവാദിത്ത ടൂറിസം സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ കെ.രൂപേഷ് കുമാര്‍, തൃശ്ശൂര്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ആബിദ് മുഹമ്മദ് എന്നിവരാണ് സന്ദര്‍ശനം നടത്തിയത്.

Kuthampully Village

നെയ്ത്തുഗ്രാമത്തിലെത്തിയ സംഘം നെയ്ത്തുകാരുമായും വില്‍പ്പനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുമായും ചര്‍ച്ച നടത്തി. വിവിധ നെയ്ത്ത് കേന്ദ്രങ്ങളില്‍ പോയി ഉല്‍പ്പന്നങ്ങള്‍ വാങ്ങിയ അധികൃതര്‍ ടൂര്‍ പാക്കേജുകള്‍ തുടങ്ങുന്ന കാര്യം സംസാരിക്കുകയും ചെയ്തു. വിനോദസഞ്ചാരികളെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് നെയ്ത്തുകാര്‍ക്ക് പരിശീലനം, ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലെ രജിസ്‌ട്രേഷന്‍ തുടങ്ങിയ കാര്യങ്ങളില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം അന്തിമതീരുമാനമെടുക്കും. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണിത്.

കുത്താമ്പുള്ളിയുടെ പുനരുജ്ജീവനത്തിന് വഴിയൊരുങ്ങുന്നു

അതിന് ശേഷം കുത്താമ്പുള്ളിയില്‍ വിപുലമായ യോഗം വിളിക്കുമെന്ന് ഉത്തരവാദിത്ത ടൂറിസം സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ പ്രതികരിച്ചു. മെയ് 23 ന്‌ശേഷം ടൂറിസം മന്ത്രി, സെക്രട്ടറി, ഡയറക്ടര്‍ എന്നിവരുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. യോഗം ചേരാമെന്ന് അവര്‍ സമ്മതിച്ചിട്ടുണ്ട്. ഇതിനൊപ്പം പ്രദേശത്തെ പഞ്ചായത്ത്, എം.പി, എം.എല്‍.എ തുടങ്ങിയവരുമായി ആലോചിച്ചുകൊണ്ട് വിപുലമായ പദ്ധതികളിലേക്ക് കടക്കും. ഈ ഓണത്തോടുകൂടി വിപുലമായ ടൂര്‍ പാക്കേജും കൈത്തറിയുമായി ബന്ധപ്പെട്ട വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സിന്റെ ഭാഗമായും എക്‌സ്പീരിയന്‍ഷ്യല്‍ ടൂറിസത്തിന്റെ ഭാഗമായും കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

Kuthampully 2

വേണം കുത്താമ്പുള്ളിക്കും ഒരു കൈത്താങ്ങ്

സന്ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ടൂറിസം ഡയറക്ടര്‍ക്കും സെക്രട്ടറിക്കുമുള്ള റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനുള്ളില്‍ നല്‍കും. ടൂറിസം മന്ത്രിയുമായി കൂടിയാലോചിച്ച ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. ഉത്തരവാദിത്ത വിനോദസഞ്ചാര മേഖലയില്‍ കുത്താമ്പുള്ളി അവഗണന നേരിടുന്നതുമായി ബന്ധപ്പെട്ട് മാതൃഭൂമി ഡോട്ട് കോം പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കൂടിയായിരുന്നു അധികൃതരുടെ ബുധനാഴ്ചത്തെ നെയ്ത്തുഗ്രാമ സന്ദര്‍ശനം.

Content Highlights: Kuthampully Handloom Village, Kuthampully Saree, Responsible Tourism