പനമരം : നിരോധനം ലംഘിച്ച് കുറുമ്പാലക്കോട്ട മലയില്‍ സന്ദര്‍ശനം നടത്തിയ 35 സഞ്ചാരികളില്‍ നിന്നും പോലീസ് പിഴ ഈടാക്കി. നിയന്ത്രണങ്ങള്‍ ലംഘിച്ചതിനും സാമൂഹികാകലം പാലിക്കാത്തതിനുമാണ് കമ്പളക്കാട് പോലീസ് നടപടി സ്വീകരിച്ചത്. കളക്ടറുടെ നിരോധനം മറികടന്ന് അയല്‍ ജില്ലകളില്‍ നിന്നുമെത്തി മലമുകളില്‍ കയറിയവര്‍ക്കെതിരെയായിരുന്നു പോലീസിന്റെ നടപടി.
ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ നിയന്ത്രണങ്ങളോടെ തുറന്നെങ്കിലും കുറുമ്പാലക്കോട്ട, അമ്പുകുത്തി മല എന്നിവിടങ്ങളിലേക്കുള്ള വിനോദസഞ്ചാരികളുടെ പ്രവേശനം ഞായറാഴ്ച മുതല്‍ നിരോധിച്ച് കളക്ടര്‍ ഡോ. അദീല അബ്ദുള്ള കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇവിടങ്ങളിലേക്ക് വരുന്ന സഞ്ചാരികള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്തതിനെത്തുടര്‍ന്നായിരുന്നു ഉത്തരവ്.
മലമുകളില്‍ എത്തുന്ന സഞ്ചാരികള്‍ മദ്യപിക്കുന്നതായും നിരോധിത പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതായും പ്ലാസ്റ്റിക്കുകളും മറ്റും തള്ളുന്നതായും പരാതികളുണ്ട്.
മലമുകളില്‍ കുടുംബങ്ങള്‍ താമസിക്കുന്നതിനാല്‍ ഇവിടേക്കുള്ള റോഡുകള്‍ അടയ്ക്കാനാവില്ല. അതിനാല്‍ കമ്പളക്കാട് പോലീസ് കുറുമ്പാലക്കോട്ട മലയിലേക്കുള്ള വഴിയോരങ്ങളിലെല്ലാം സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായുള്ള നോട്ടീസ് പതിച്ചിരുന്നു. എന്നാല്‍ ഇതവഗണിച്ചായിരുന്നു സഞ്ചാരികള്‍ എത്തിയത്.
അന്യജില്ലകളില്‍ നിന്നും എത്തിയവരായതിനാല്‍ താക്കീതെന്നോണമാണ് പിഴ അടപ്പിച്ചത്. ഇവിടങ്ങളില്‍ പട്രോളിങ് ശക്തമാക്കുമെന്നും വരുംദിവസങ്ങളില്‍ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കമ്പളക്കാട് എസ്.ഐ. സി. രാംകുമാര്‍ പറഞ്ഞു.
Content Highlights: Kurumbalakkotta Trekking, Covid Protocol Violation, Wayanad Tourism, Kerala Tourism, Travel News