ശ്രീനഗര്‍: 75 വര്‍ഷത്തിനുശേഷം കാശ്മീരില്‍ കുംഭമേള അരങ്ങേറുന്നു. ജൂണ്‍-14ന് ഗന്ദര്‍ബല്‍ ജില്ലയിലെ സിന്ധു, വിതസ്ത (ഝലം എന്നും അറിയപ്പെടുന്നു) നദീതീരത്താണ് മേള നടക്കുന്നത്.
വിതസ്ത, കൃഷന്‍ ഗംഗ, സിന്ധു എന്നീ നദികളുടെ സംഗമസ്ഥാനത്ത് ഒരു ചെറിയ ദ്വീപും അതിലൊരു ചിനാര്‍ മരവുമുണ്ട്. ശിവലിംഗ പ്രതിഷ്ഠയുള്ള ഈ ദ്വീപ് പ്രയാഗ് ചിനാര്‍ എന്നാണ് അറിയപ്പെടുന്നത്. കാശ്മീരി പണ്ഡിറ്റുകളുടെ ഈ വിശുദ്ധസ്ഥലത്താണ് കുംഭമേളയ്ക്കുള്ള വേദി തയ്യാറാക്കിയിരിക്കുന്നത്.
മഹാ കുംഭമേള സെലിബ്രേഷന്‍ കമ്മിറ്റിയാണ് സംഘാടകര്‍. ഇരുപതിനായിരത്തില്‍ അധികം പണ്ഡിറ്റുകള്‍ കുംഭമേളയില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്മിറ്റി കണ്‍വീനര്‍ എ.കെ. കൗള്‍ പറഞ്ഞു. തീര്‍ഥാടകര്‍ക്കുവേണ്ട എല്ലാ സംരക്ഷണവും സൗകര്യങ്ങളും ഒരുക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകത്തില്‍ ഏറ്റവും അധികം ആളുകള്‍ പങ്കെടുക്കുന്ന ആഘോഷമെന്ന ബഹുമതി ലഭിച്ച കുംഭമേള മഹാരാഷ്ട്രയിലെ നാസിക്, ഉത്തര്‍പ്രദേശിലെ പ്രയാഗ്, ഹരിദ്വാര്‍, മധ്യപ്രദേശിലെ ഉജ്ജയിന്‍ എന്നിവിടങ്ങളിലാണ് നടന്നുവരുന്നത്.