കോട്ടയം: കോവിഡ് മാനദണ്ഡങ്ങളിൽ ഇളവുവന്നതോടെ കുമരകത്തെ വിനോദസഞ്ചാരകേന്ദ്രങ്ങൾ ഉണർന്ന് തുടങ്ങി. അടുത്തയിടെ ഹോട്ടലുകൾ തുറന്നുവെങ്കിലും താമസിക്കാനെത്തുന്നവരുടെ എണ്ണം കുറവായിരുന്നു. എന്നാൽ സീസൺ ആരംഭിച്ചതോടെ സഞ്ചാരികളുടെ എണ്ണം കൂടി. കോവിഡ് റിപ്പോർട്ട് ചെയ്തു തുടങ്ങിയ ഫെബ്രുവരിമുതൽ കുമരകത്ത് വിനോദസഞ്ചാരമേഖലവയിൽ ഇടിവ് വന്നിരുന്നു. ലോക് ഡൗണോടെ ആകെ നിശ്ചലമായി. എന്നാൽ കോവിഡിന് ശേഷം ഈ മാസമാണ് പുതിയ ഉണർവുണ്ടായിരിക്കുന്നത്.
കേരളത്തിൽ ആഭ്യന്തര വിനോദസഞ്ചാരികൾ കൂടുതലായി വരുന്ന ഡിസംബറിലാണ് ഹോട്ടൽ അധികൃതരും കൂടുതൽ പ്രതീക്ഷ വെച്ചത്. സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെടുന്ന ഡിസംബറിൽ റിസോർട്ട് അടക്കമുള്ള പല പഞ്ചനക്ഷത്രഹോട്ടലിലും ഇതിനോടകം 50 ശതമാനം മുറികൾ മുൻകൂട്ടി ബുക്കുചെയ്ത് കഴിഞ്ഞു .
കുമരകം താജ് റിസോർട്ടിൽ 26, 27, 28 തീയതികളിൽ 28 മുറികളും പൂർണമായും ബുക്ക് ചെയ്തു. പുതുവർഷത്തിൽ 12 മുറികൾ ബുക്ക് ചെയ്തു. കഷ്ടിച്ച് ഒരാഴ്ച മുന്പ് അല്ലെങ്കിൽ രണ്ട് ദിവസം മുൻപ് ബുക്ക് ചെയ്യുന്ന രീതിയാണുള്ളത്. അതിൽ ഒരു മാറ്റം ക്രിസ്മസ്, പുതുവർഷം ബുക്കിങ്ങിൽ മാത്രമാണ്. ഡിസംബർ മാസമാണ് വലിയ സീസൺ. അവധി, ന്യൂഇയർ, കാലാവസ്ഥ എന്നിവ അനുസരിച്ച് കൂടുതൽ ആഭ്യന്തരസഞ്ചാരികൾ എത്തുന്ന സമയം.
കുറവ് പലവിധം
കഴിഞ്ഞ വർഷത്തേതിലും മുറിയുടെ താരിഫ് നിരക്ക് പലയിടത്തും പകുതിയാക്കി കുറച്ചിട്ടുണ്ട്. ഇത് സഞ്ചാരികളുടെ എണ്ണം മെല്ലെ വർധിപ്പിക്കുമ്പോഴും വരുമാനം കുറയ്ക്കുന്നു. വിദേശ സഞ്ചാരികൾ എത്താത്തതും വരുമാനത്തിൽ കുറവുണ്ടാക്കുന്നു. ക്രിസ്മസ് പാർട്ടികൾ പലയിടത്തും ബുക്ക് ചെയ്തിട്ടില്ല.എന്നാൽ മിക്കയിടങ്ങളിലും പുതുവർഷ പാർട്ടികൾ നടത്തുന്നുണ്ട്. നിരക്കിൽ കുറവുണ്ട്.
മറുനാടൻ മലയാളികൾ കൂടുതൽ
കഴിഞ്ഞവർഷം ലഭിച്ച അത്രയും ബുക്കിങ് എല്ലായിടത്തും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ല. മറുനാടൻ മലയാളികളാണ് കൂടുതലും എത്തുന്നത്
- കെ.അരുൺകുമാർ, ജനറൽ സെക്രട്ടറി, ചേംബർ ഓഫ് വേന്പനാട് ഹോട്ടൽസ് ആൻഡ് റിസോർട്സ്.
Content Highlights: Kumarakom, Kottayam Tourists Destinations, Kerala Tourism, Travel News