കുമരകം ഹൗസ്ബോട്ട് ടെർമിനൽ | ഫോട്ടോ: മാതൃഭൂമി
കുമരകം : കോടികൾ ചിലവിട്ട് നിർമ്മിച്ച കുമരകം ഹൗസ്ബോട്ട് ടെർമിനൽ അനാഥമാകുന്നതായി ആക്ഷേപം. കുമരകം ഗ്രാമപ്പഞ്ചായത്തും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും തമ്മിൽ ടെർമിനൽ നടത്തിപ്പ് സംബന്ധിച്ച് തർക്കം നിലനിൽക്കുന്നുണ്ട്. കെട്ടിട നമ്പർ ലഭിക്കാത്തതിനാൽ വൈദ്യുതിയും വാട്ടർ കണക്ഷനും ടെർമിനലിന് ലഭിച്ചിട്ടില്ല. വൈദ്യുതിയും വെള്ളവും ലഭിച്ചാൽ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് ഡി.ടി.പി.സ് പറയുന്നു. അതേസമയം ടൂറിസം വകുപ്പ് രേഖാമൂലം ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന് കൈമാറിയ ടെർമിനലിന്റെ നടത്തിപ്പ് തങ്ങൾക്ക് ലഭിക്കണമെന്നാണ് പഞ്ചായത്തിന്റെ ആവശ്യം.
കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ മുഖാന്തിരം ടൂറിസം വകുപ്പാണ് ടെർമിനൽ നിർമ്മിച്ചിരിക്കുന്നത്. ഒൻപത് കോടി രൂപ വകയിരുത്തിയാണ് നിർമ്മാണം ആരംഭിച്ചത്. സ്ഥലം ഏറ്റെടുക്കൽ നടക്കാത്തതിനാൽ നിലവിൽ ഏഴരക്കോടി രൂപയാണ് നിർമ്മാണത്തിനായി ചിലവായിരിക്കുന്നത. ടെർമിനലിൽ എത്തുന്നവർക്ക് വാഹന പാർക്കിംഗ് സൗകര്യമില്ലെന്നതും പ്രധാന അസൗകര്യമാണ്.

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുൻപായി 2020 നവംമ്പർ രണ്ടാം തീയതിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. വൈദ്യുതിയും വാട്ടർ കണക്ഷനും ലഭിക്കാതെ തിരക്കിട്ട് നടത്തിയ ഉദ്ഘാടനം സംബന്ധിച്ച് നിരവധി ആക്ഷേപങ്ങൾ ഉയർന്നിരുന്നു. സദാസമയവും ശക്തമായ കാറ്റ് വീശുന്ന കായൽ പ്രദേശമായ നാലുപങ്കിലെ ടെർമിനലിൽ ഹൗസ് ബോട്ടുകളുടെ സുരക്ഷിതത്വം സംബന്ധിച്ചും നിരവധി ആശങ്കകൾ നിലനിൽക്കുന്നുണ്ട്.
ഡി.ടി.പി.സി - ടൂറിസം വകുപ്പ് കത്തിടപാടുകൾ
ഹൗസ് ബോട്ട് ടെർമിനലിന്റെ നടത്തിപ്പ് ഡി.ടി.പി.സിക്ക് കൈമാറാൻ 2020 ഫെബ്രുവരി മാസം ടൂറിസം ഡയറക്ടർ ആദ്യ കത്ത് നൽകി. തുർന്ന് 15/09/2020 , 22/09/2020 , 02/11/2020 എന്നീ തിയതികളിൽ ഏറ്റെടുക്കൽ സംബന്ധിച്ച വീണ്ടും ടൂറിസം വകുപ്പ് കത്തുകൾ നൽകിയിരുന്നു. വൈദ്യുതിയും വാട്ടർ കണക്ഷനും ലഭ്യമാക്കണമെന്ന നിർദ്ദേശിച്ചു കൊണ്ട് ടെർമിനൽ ഏറ്റെടുക്കാൻ തയ്യാറാണെന്ന് 04/11/2020 ൽ ഡി.ടി.പി.സി മറുപടി നൽകി.
കെട്ടിട നമ്പർ നൽകാതെ പഞ്ചായത്ത്
14/10/2020 ൽ ജില്ലാ കളക്ടർ , ടൂറിസം ഡപ്യൂട്ടി ഡയക്ടർ , പഞ്ചായത്ത് സെക്രട്ടറി , പ്രസിഡന്റ് , ഡി.ടി.പി.സി സെക്രട്ടറി , ഇറിഗേഷൻ വകുപ്പ് പ്രതിനിധി എന്നിവർ പങ്കടുത്ത ഓൺലൈൻ മീറ്റിംഗിൽ കെട്ടിടത്തിന് നമ്പർ നൽകണമെന്ന് കളക്ടർ നിർദ്ദേശിച്ചിരുന്നു. എന്നാൽ നിർമ്മാണം പൂർത്തിയാക്കിയ ടെർമിനലിന് നാളിത് വരെ പഞ്ചായത്ത് കെട്ടിട നമ്പർ നൽകിയിട്ടില്ല.
ടൂറിസം വകുപ്പിന്റെ നിർദ്ദേശപ്രകാരം 2021 ജനുവരി മാസം ടെർമിനലിൽ സെക്യൂരിറ്റി സംവിധാനം ആരംഭിച്ചിരുന്നു. വൈദ്യുതിയും വാട്ടർ കണക്ഷനും ലഭിച്ചാൽ ടെർമിനൽ തുറന്ന് പ്രവർത്തിപ്പിക്കാൻ തയ്യാറാണ്. കളക്ടറുടെ നിർദ്ദേശപ്രകാരം 20 രൂപ പ്രവേശന ഫീസ് നിശ്ചയിച്ചിട്ടുണ്ട്. ആദ്യഘട്ടമെന്ന നിലയിൽ ശിക്കാര ബോട്ടുകൾ , കയാക്കിംഗ് തുടങ്ങിയവ നടപ്പിലാക്കും.
- ഡോ.ബിന്ദു നായർ (ഡി.ടി.പി.സി സെക്രട്ടറി)
ഇപ്പോൾ പറയാൻ സാധ്യമല്ല
കെട്ടിട നമ്പർ നൽകാത്തത് എന്തുകൊണ്ടാണെന്നും അത് സംബന്ധിച്ച കാരണങ്ങൾ ചോദിച്ചപ്പോൾ ഈരീതിയിൽ ഇപ്പോൾ പറയാൻ സാധിക്കില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി മാതൃഭൂമിയോട് പറഞ്ഞു.
- ലൈസാമ്മ സേവ്യർ (സെക്രട്ടറി കുമരകം ഗ്രാമപ്പഞ്ചായത്ത്)
ടെർമിനൽ പഞ്ചായത്തിന് ലഭിക്കണം
കുമരകം ഗ്രാമത്തിന്റെ സ്വപ്നപദ്ധതിയാണ് ഹൗസ് ബോട്ട് ടെർമിനൽ. ടെർമിനൽ ഗ്രാമപ്പഞ്ചായത്തിന് വിട്ട് കിട്ടണം. മെറ്റൊന്നും പറയാനില്ല.
- ധന്യാ സാബു (പ്രസിഡന്റ് ഗ്രാമപ്പഞ്ചായത്ത്)
തർക്കങ്ങൾ ഒഴിവാക്കി ഉടൻ പ്രവർത്തനം ആരംഭിക്കണം
ആലപ്പുഴയിൽ നിന്നും കുമരകത്തേയ്ക്കുള്ള കായൽ കവാടം എന്ന വിശേഷിപ്പിക്കാവുന്ന പ്രദേശമാണ് നാലുപങ്ക്. സ്വദേശികളായ നൂറുകണക്കിന് ജനങ്ങളാണ് ഇവിടെ കായൽ സൗന്ദര്യം ആസ്വദിക്കാൻ എത്തുന്നത്. ഹൗസ് ബോട്ടുകൾക്ക് എത്താൻ കഴിയില്ലങ്കിലും ചെറുവള്ളങ്ങൾ അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കിയാൽ ടെർമിനൽ കുമരകത്തിന് മുതൽക്കൂട്ടാകും. തർക്കങ്ങൾ ഒഴിവാക്കി ഈ സീസൺ ലഭിക്കും വിധം പ്രവർത്തനം ആരംഭിക്കണം.
- അനീഷ്.ഇ.എസ് (എക്സി.കമ്മറ്റി അംഗം ഹൗസ് ബോട്ട് ഓണേഴ്സ് സൊസൈറ്റി )
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..