കുമരകം: നിപയില്‍ തുടങ്ങി കൊറോണയുടെ ദുരന്തങ്ങളും പേറിയ കുമരകത്തെ ടൂറിസം മേഖല തിരിച്ചുവരവിനുള്ള തയ്യാറെടുപ്പില്‍.. ഉത്തരവാദിത്വ ടൂറിസത്തില്‍ ലോക അംഗീകാരം നേടിയ ഗ്രാമത്തില്‍ കൊറോണയെന്ന മഹാമാരി കടന്നുവന്നില്ലെന്നത് ഉയര്‍ത്തെഴുന്നേല്‍പ്പിന് പ്രചോദനമാകുന്നു. ടൂറിസം മേഖലയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിലൂടെ ഗ്രാമത്തിന്റെ സമഗ്ര വികസനത്തിനായി കുമരകം ലേക്ക് സോങ് റിസോര്‍ട്ടില്‍ മാതൃഭൂമി ദിനപത്രത്തിന് വേണ്ടി നടത്തിയ ചര്‍ച്ചയില്‍ പുത്തന്‍ ആശയങ്ങള്‍ ഉടലെടുത്തു.

സൗകര്യങ്ങള്‍

പതിനാറ് വാര്‍ഡുകളുള്ള ഗ്രാമത്തില്‍ ഇരുപതോളം നക്ഷത്ര ഹോട്ടലുകള്‍, പതിനഞ്ചോളം ഹോംസ്റ്റേകള്‍, രണ്ട് ബാര്‍ ഹോട്ടലുകള്‍, നൂറ്റിപ്പത്തോളം വഞ്ചിവീടുകള്‍, നൂറോളം ശിക്കാര-മോട്ടോര്‍ ബോട്ടുകള്‍, സ്വാഭാവിക പക്ഷിസങ്കേതം തുടങ്ങിയവ ഉണ്ട്. ജനജീവിതവുമായി ഇഴുകിച്ചേര്‍ന്നാണ് ടൂറിസം മേഖല പ്രവര്‍ത്തിക്കുന്നത്. കുമരകത്തിന്റെ പ്രധാന ഉപജീവനമാര്‍ഗങ്ങളായ മത്സ്യബന്ധനം, തെങ്ങുചെത്ത് (കള്ള് ഉത്പാദനം) തുടങ്ങി ചെറുകടകള്‍ പോലും ടൂറിസത്തെ ആശ്രയിച്ചാണ് പുരോഗമിച്ചിരുന്നത്. ടൂറിസം മേഖലയുടെ ഇടിവോടെ കുമരകം ഗ്രാമം നിശ്ചലമായനിലയിലാണ്.

കൊറോണ വിമുക്ത കുമരകത്ത് സേഫ് ടൂറിസം

(അരുണ്‍കുമാര്‍ കെ. ജനറല്‍സെക്രട്ടറി, ചേമ്പര്‍ ഓഫ് വേമ്പനാട് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്സ്)

കൊറോണയെ തുടര്‍ന്ന് മാര്‍ച്ച് 10-ന് ഹോട്ടല്‍ മേഖല ഭാഗികമായും തുടന്നുള്ള ദിവസങ്ങളില്‍ പൂര്‍ണമായും നിശ്ചലമായി. ഇതോടെ നൂറുകണക്കിന് ജീവനക്കാരുടെ ഉപജീവനം അനിശ്ചിതത്വത്തിലായി. ടൂറിസത്തിന്റെ ഭാഗമായി പരോക്ഷമായി ഉപജീവനം നടത്തിയിരുന്ന വ്യാപാരങ്ങള്‍, ജലടൂറിസം തുടങ്ങിയവയും നിശ്ചലമായി. മഹാമാരിയെ പ്രതിരോധിച്ച് മുന്നേറാനുള്ള സര്‍ക്കാര്‍ നിലപാടിന്റെ ഭാഗമായി ഹോട്ടലുകളിലെല്ലാം തന്നെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിവരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി അഞ്ചോളം ഹോട്ടലുകളില്‍ സംസ്ഥാനത്തിന് അകത്തുനിന്നുള്ള സഞ്ചാരികള്‍ എത്തിത്തുടങ്ങി. അതേസമയം മേഖലയ്ക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്ന അറബ് സഞ്ചാരികളുടെ അഭാവം വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ടൂറിസം മേഖലയുടെ തിരിച്ചുവരവിന് മാധ്യമങ്ങളുടെ പിന്‍തുണ അത്യന്താപേക്ഷിതമായ ഒന്നാണ്.

Kumarakam 1
മുന്നൊരുക്കം: കുമരകത്തെ ടൂറിസം മേഖല ഉടൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ. ലേക്ക് സോങ് റിസോർട്ട് സുരക്ഷാ കരുതലോടെ വൃത്തിയാക്കുന്ന തൊഴിലാളി.

കുമരകം കൊറോണ വിമുക്തം, എ.പി.സലിമോന്‍ (ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കുമരകം)

കുമരകം ഗ്രാമത്തിലെ ഒരാളെപ്പോലും കൊറോണ ബാധിച്ചില്ലെന്നത് ഏറെ ആശ്വാസകരമായ ഒന്നാണ്. സര്‍ക്കാരിന്റെ ലോക് ഡൗണ്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കപ്പെട്ടതും ദുരന്ത നിവാരണ മാര്‍ഗങ്ങള്‍ സംബന്ധിച്ച് കില പഞ്ചായത്തിന് നല്‍കിയ പരിശീലനവും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ സഹായിച്ചു. ഗ്രാമത്തിന്റെ ഉയര്‍ച്ചയ്ക്ക് സഞ്ചാരികള്‍ എത്തേണ്ടത് അത്യാവശ്യമാണ് , അതേസമയം കൃത്യമായ പരിശോധനകളും രോഗപ്രതിരോധ സംവിധാനങ്ങളും നടപ്പിലാക്കണം. ഇതിനായി ഉത്തരവാദിത്വ ടൂറിസം മിഷന്‍, ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ടൂറിസം വകുപ്പ് എന്നിവരുമായി ആലോചിച്ച് പദ്ധതികള്‍ ആവിഷ്‌കരിക്കും.

കുമരകത്തേക്ക് സഞ്ചാരികളെ എത്തിക്കും, ഡോ.ബിന്ദു നായര്‍ (സെക്രട്ടറി ഡി.ടി.പി.സി.)

കൊറോണയുടെ രോഗബാധ എത്താത്ത കുമരകം ടൂറിസം ഗ്രാമത്തിലേക്ക് സഞ്ചാരികളെ എത്തിക്കാന്‍ ഡി.ടി.പി.സി. മുന്‍കൈ എടുക്കും. നിലവില്‍ ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. സര്‍ക്കാര്‍ അനുമതിയോടെ പ്രവര്‍ത്തനം ആരംഭിക്കുന്നതാണ്. നവമാധ്യമങ്ങളടക്കം കുമരകത്തേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നതിലേക്ക് ആവശ്യമായ പരസ്യങ്ങള്‍ ചെയ്യും.

Kumarakam 2
ലോക് ഡൗണ്‍മൂലം സ്തംഭിച്ച ടൂറിസം മേഖല തിരിച്ചുകൊണ്ടുവരാനുള്ള തത്രപ്പാടിലാണ് കുമരകം. ഇവിടെ ഇതുവരെ കൊറോണ റിപ്പോര്‍ട്ട് ചെയ്യാത്തത് ടൂറിസത്തിന് തടസ്സം ആകില്ലെന്ന പ്രതീക്ഷയിലാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍. കുമരകം ബോട്ടുജെട്ടിക്ക് സമീപം മാസങ്ങളായി സര്‍വീസ് നടത്താതെ മൂടിക്കെട്ടിയിട്ടിരിക്കുന്ന പുരവഞ്ചികള്‍. |ഫോട്ടോ: ജി. ശിവപ്രസാദ്

സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയണം, ജയ്മോന്‍ മറുതാച്ചിക്കല്‍ (വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കുമരകം ഗ്രാമപ്പഞ്ചായത്ത്)

കുമരകത്തിന്റെ സമസ്ത മേഖയിലും ആകര്‍ഷമായ പദ്ധതികള്‍ ആവിഷ്‌കരിക്കണം. സംസ്ഥാനത്തിന് പുറത്തുനിന്നും സഞ്ചാരികള്‍ എത്താന്‍ സാധിക്കുന്ന പ്രവര്‍ത്തനം നടത്തണം. നാലുപങ്ക്, മുത്തേരിമട തുടങ്ങിയ പ്രദേശങ്ങളില്‍ സഞ്ചാരികളെ എത്തിക്കണം, വിദേശ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ജലടൂറിസം മാതൃകയാക്കി രാത്രികാലങ്ങളില്‍ ഹൗസ് ബോട്ടുകള്‍ക്ക് കായല്‍ സഞ്ചാരത്തിന് അനുവദിക്കണം. ഇതിനായി പ്രത്യേക ബോട്ട് ചാനല്‍ നിശ്ചയിക്കണം.

പുത്തന്‍ പദ്ധതികളിങ്ങനെ

• റിസോര്‍ട്ടുകളിലെ നിലവിലെ നിരക്കുകളില്‍നിന്ന് 25 മുതല്‍ 30 ശതമാനം വരെ ഇളവ്

• കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രാപകല്‍ പ്രയത്നിച്ച ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പോലീസ് തുടങ്ങിയവര്‍ക്ക് പ്രത്യേക അനുകൂല്യങ്ങള്‍

• ഫിഷിങ് ചലഞ്ച് തുടങ്ങി സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഉതകുന്ന പദ്ധതികള്‍ ഗ്രാമപ്പഞ്ചായത്ത് നേതൃത്വത്തില്‍ നടപ്പാക്കും.

• രാത്രികാല ഹൗസ് ബോട്ട് സഞ്ചാരത്തിന് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കാനുള്ള പരിശ്രമങ്ങള്‍ നടപ്പാക്കും.

• ഉത്തരവാദിത്വ ടൂറിസം, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ തുടങ്ങിയ ഏജന്‍സികളുമായി ചേര്‍ന്ന് സഞ്ചാരികളെ കുമരകത്ത് എത്തിക്കും.

• കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും.

Content Highlights: Kumarakam Tourism, Kerala Covid 19, Kerala Tourism, Travel News