കുമരകം : കുമരകം ഗ്രാമത്തിലെ ജനങ്ങളുടെ പ്രധാന ഉപജീവന ഉപാധിയായി നിലകൊണ്ടിരുന്ന ടൂറിസം മേഖല നിശ്ചലമായിട്ട് മാസങ്ങള്‍ പിന്നിടുന്നു. കുടുംബം പുലര്‍ത്താനായി പാടത്തും പറമ്പിലുമടക്കം വിവിധങ്ങളായ മേഖലകളിലേയ്ക്ക് വഴിതിരിഞ്ഞ ജനങ്ങളുടെ ജീവിതം പുത്തന്‍ പ്രതീക്ഷകളോടെ വീണ്ടും ടൂറിസം മേഖലയിലേയ്ക്ക് തിരിച്ചെത്തുകയാണ്.
നിപ്പയില്‍ തുടങ്ങി കൊറണ വൈറസിനൊപ്പമുള്ള വെള്ളപ്പൊക്കവും വരെയുള്ള പ്രതികൂല കാലവസ്ഥകളെ തരണം ചെയ്യാന്‍ സാധിക്കാതെ കടക്കെണിയില്‍ അകപ്പെട്ടിരിക്കുകയാണ് ടൂറിസം മേഖലയിലെ ജനങ്ങള്‍. സമൂഹത്തിലെ ഭൂരിഭാഗം മേഖലകള്‍ക്കും സര്‍ക്കാര്‍ സൗജന്യ സഹായങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ വിനോദ സഞ്ചാര മേഖലയിലെ ജനങ്ങള്‍ക്ക് യാതൊരുവിധ ആനുകൂല്യങ്ങളും ലഭിച്ചിട്ടില്ലന്ന ആക്ഷേപവും ശക്തമാണ്.
സര്‍ക്കാര്‍ അടിയന്തിരസഹായം നല്‍കിയാല്‍ മാത്രമേ ആയിരക്കണക്കിന് വരുന്ന ടൂറിസം മേഖലയിലെ ജനങ്ങള്‍ക്ക് ജീവിതം പിടിച്ചു നിര്‍ത്താന്‍ സാധിക്കൂ. സര്‍ക്കാര്‍ സഹായം ഉടന്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ടൂറിസം മേഖല.
കുമരകത്തെ ടൂറിസം ഒറ്റനോട്ടത്തില്‍
- ഹൗസ് ബോട്ടുകള്‍ - 120
- ജീവനക്കാര്‍ - 500
- അനുബന്ധ തൊഴില്‍ മേഖലയില്‍ - 2000
- സംരംഭകര്‍ - 80
- ശിക്കാര മോട്ടോര്‍ ബോട്ടുകള്‍ -130
- ജീവനക്കാര്‍ - 150
- സംരംഭകര്‍ - 70
- കണ്‍ട്രി ബോട്ടുകള്‍ - 15
- തൊഴിലാളികള്‍ - ഉടമകള്‍ തന്നെ തൊഴിലാളിള്‍
- പലചരക്ക് വ്യാപാര സ്ഥാപനങ്ങള്‍ - 15
- മത്സ്യ-മാംസ വ്യാപാരം - 10
- ടാക്‌സി സര്‍വ്വീസ് - 60
- ഓട്ടോറിക്ഷാ - 45
- റിസോര്‍ട്ടുകള്‍ - ഹോട്ടലുകള്‍ - 20
- ഹോംസ്റ്റേകള്‍ - 15
- ജീവനക്കാര്‍ - 3000
- അനുബന്ധ തൊഴില്‍ മേഖലയില്‍ - 5000
ടൂറിസം നിശ്ചലം, കൃഷിയും നശിച്ചു, സഞ്ചാരികളെത്തുമെന്ന പ്രതീക്ഷയുണ്ട്
പ്രവാസ ജീവിതത്തെ തുടര്‍ന്ന് കഴിഞ്ഞ പതിനെട്ട് വര്‍ഷമായി ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുകയാണ്. ടൂറിസം മേഖല നിശ്ചലമായതിനെ തുടര്‍ന്ന് നെല്‍കൃഷി ചെയ്തു തുടങ്ങിയെങ്കിലും വെള്ളപ്പൊക്കത്തില്‍ കൃഷിയും നശിച്ചു. രണ്ട് ഹൗസ് ബോട്ടുകളുടെയും സര്‍വ്വീസ് വില്ലയുടെയും പരിപാലനത്തിനായി പ്രതിമാസം കുറഞ്ഞത് 75000 രൂപ ചിലവിടേണ്ടി വരും. കൂടാതെ ഒരു ലക്ഷത്തിലധികം രൂപ ബാങ്ക് ലോണുകളുടെ തിരിച്ചടവായും നിലനില്‍ക്കുന്നു. ലക്ഷങ്ങളുടെ കടക്കെണിയിലേയ്ക്കാണ് ടൂറിസം ഓരോ സംരംഭകനും എത്തിച്ചേരുന്നത്. ടൂറിസം സംരക്ഷണത്തിന് പുത്തന്‍ പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചാല്‍ സഞ്ചാരികളെത്തുമെന്ന പ്രതീക്ഷയുണ്ട്.
- ഷനോജ് ഇന്ദ്രപ്രസ്ഥം, സംരംഭകന്‍
മാസങ്ങളായി ബോട്ടു നിശ്ചലമായതോടെ വായ്പാ തിരിച്ചടവ്ും ദൈനംദിന ജീവിതവും ദുരിതത്തിലായതാണ് പുതിയ ജീവിതമാര്‍ഗ്ഗമായി മത്സ്യവ്യാപാരം ആരംഭിക്കാന്‍ കായപ്പുറം ഷിബുവിനെ പ്രേരിപ്പിച്ചത്. ബോട്ടിലെ ജീവനക്കാരെയും ഉള്‍പ്പെടുത്തിയാണ് മത്സ്യവ്യാപാരം ആരംഭിച്ചത്. ബോട്ടിനായി എടുത്തിട്ടുള്ള വായ്പകള്‍ പ്രതിമാസം ഒരു ലക്ഷത്തോളം രൂപ തിരിച്ചടവ് ആവശ്യമാണ്. കൂടാതെ ബോട്ടുകളുടെ പരിപാലനത്തിനായി കുറഞ്ഞത് 30000 ത്തോളം രൂപയും ചിലവാകും. ടൂറിസം മേഖലയുടെ തിരിച്ചുവരവിനായി അടിയന്തിര പായ്‌ക്കേജുകള്‍ സര്‍ക്കാര്‍ നടപ്പിലാക്കണമെന്നും ജീവനക്കാര്‍ക്ക് സൗജന്യ സാമ്പത്തിക സഹായം അനുവദിക്കണമെന്നും ഷിബു.ഡി.കായപ്പുറം ആവശ്യപ്പെടുന്നു.
- ഷിബു.ഡി.കായപ്പുറം, സംരംഭകന്‍
മൊറട്ടോറിയം കൊണ്ട് കടക്കെണിയില്‍ നിന്നും രക്ഷനേടാന്‍ കഴിയില്ല
വായ്പകള്‍ക്ക് സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു എന്നാല്‍ ഇതുകൊണ്ട് കടക്കെണിയില്‍ നിന്നും രക്ഷനേടാന്‍ കഴിയില്ല. മൊറട്ടോറിയം ലഭിച്ചതോടെ തിരിച്ചടവ് മുടങ്ങിയത് മൂലം വരും ദിനങ്ങളില്‍ പുതിയ ഒരു ലോണ്‍ പോലും ലഭിക്കാത്ത സാഹചര്യവും നിലനില്‍ക്കുന്നു. വിദേശനാണ്യമടക്കം കോടിക്കണക്കിന് രൂപയുടെ വരുമാനം സര്‍ക്കിരില്‍ എത്തുന്നത് ടൂറിസം വഴിയാണ്. സംരംഭകര്‍ കടക്കെണിയില്‍ അകപ്പെട്ടാല്‍ ടൂറിസം മേഖലയെ പുന്‍ജ്ജീവിപ്പിക്കുക അസാധ്യമായ ഒന്നാണ്. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് സംരംഭകര്‍ക്ക് സഹായധനവും തൊഴിലാളികള്‍ക്ക് സാമ്പത്തിക അനൂകൂല്യങ്ങളും സര്‍ക്കാര്‍ നടപ്പിലാക്കണം.
- ഹണി ഗോപാല്‍, സെക്രട്ടറി, ഹൗസ് ബോട്ട് ഓണേഴ്‌സ് അസ്സോസിയേഷന്‍
സര്‍ക്കാര്‍ സഹായം കൂടിയേ തീരൂ
കോവിഡില്‍ തകര്‍ന്നടിഞ്ഞ കായല്‍ ടൂറിസത്തിന് ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ സര്‍ക്കാര്‍ സഹായം കൂടിയേ തീരു. മറ്റ് സംസ്ഥാനങ്ങളിലെ മാധ്യമങ്ങളില്‍ ടൂറിസം വകുപ്പ് പരസൃങ്ങള്‍ നല്‍കി സഞ്ചാരികളെ ആകര്‍ഷിക്കണം ഇതിന് മുന്നോടിയായി ടൂറിസം മേഖലകള്‍ തുറന്ന് കൊടുക്കുന്നതായി സര്‍ക്കാര്‍ പ്രഖ്യാപനം വരണം.
- അനീഷ്. ഇ.എസ്, ഹൗസ് ബോട്ട് ഉടമ
ഹോട്ടല്‍ മേഖല ആശങ്കയിലാണ്. നിപ്പയില്‍ തുടങ്ങി കൊറോണയും വെള്ളപ്പൊക്കവും വരെയുള്ള മൂന്ന് വര്‍ഷങ്ങള്‍ നിരവധി പ്രതീകൂല സാഹചര്യത്തിലൂടെയാണ് ടൂറിസം മേഖല കടന്ന് പോയത്. 20 ഓളം ഹോട്ടലുകളാണ് കുമരകത്ത് ഉള്ളത്. ഇതില്‍ ക്വാറണ്ടൈന്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന നാല് ഹോ്ട്ടലുകളില്‍ മാത്രമാണ് ചെറുതെങ്കിലും വരുമാനം എന്ന് പറയാനുള്ളത്. പ്രതിമാസം 5 മുതല്‍ 10 ല്ക്ഷം രൂപ വരെ ചിലവിട്ടാണ് ഓരോ ഹോട്ടലുകളും പരിപാലിക്കപ്പെടുന്നത്. ഭീമമായ സാമ്പത്തിക നഷ്ടത്തില്‍ എത്ര കാലം പ്രവര്‍ത്തിക്കാന്‍ സാധിക്കും. കേരളത്തിലെ ഹോട്ടലുകളുടെ വിവിധ സംഘടനകള്‍ ഒന്ന് ചേര്‍ന്ന് കോണ്‍ഫഡറേഷന്‍ ഓഫ് കേരള ടൂറിസം ഇന്‍ഡസ്ട്രി എന്ന ഏകീകൃത സംഘടന രൂപീകരിച്ചിട്ടണ്ട് . സംഘടന മുഖാന്തിരം സംസ്ഥാന - കേന്ദ്ര സര്‍ക്കാരുകളുടെ സഹായം ലഭ്യമാക്കാന്‍ ശ്രമിക്കുകയാണ്.
- സഞ്ജയ് വര്‍മ്മ, പ്രസിഡന്റ്, ചേമ്പര്‍ ഓഫ് വേമ്പനാട് ഹോട്ടല്‍സ് ആന്റ് റിസോര്‍ട്ടസ്
പുത്തന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു
ടൂറിസം മേഖലയുടെ തിരിച്ചുവരവിനായി ഉത്തരവാദിത്വ ടൂറിസം പുത്തന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ്. വിദേശ സഞ്ചാരികള്‍ എത്തുന്നതിന് തടസ്സങ്ങളുള്ള കോവിഡ് കാലത്തെ മുന്‍നിര്‍ത്തി പ്രാദേശിക സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഉതകുന്ന പായ്ക്കേജുകളാണ് ആവിഷ്‌കരിക്കുന്നത്. ഗ്രാമീണഭംഗി ആസ്വാദിക്കാന്‍ സാധിക്കുന്ന വില്ലേജ് ടൂറിസം പോലുള്ള പദ്ധതികളില്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു.സര്‍ക്കാര്‍ അംഗീകാരം ലഭിക്കുന്ന പ്രകാരം ഒക്ടോബര്‍ ആദ്യവാരത്തോടെ പുത്തന്‍ പ്ദ്ധതികള്‍ ജനങ്ങള്‍ നല്‍കുവാന്‍ കഴിയും.
- ഭഗത് സിംഗ്, കോ -ഓഡിനേറ്റര്‍ ഉത്തരവാദിത്വ ടൂറിസം
Content Highlights: Kumarakam Tourism, House Boats in Kumarakam, Kerala Tourism, Kottayam Tourists Spots, Travel News
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..