അഞ്ചല്‍ : കുടുക്കത്തുപാറ വിനോദസഞ്ചാരകേന്ദ്രം സഞ്ചാരികള്‍ക്ക് എന്നും ഒരു വിസ്മയക്കാഴ്ചയാണ്. എന്നാല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി ഒട്ടേറെ നടപടികള്‍ ഇനിയും ഇവിടെ സ്വീകരിക്കേണ്ടതുണ്ട്. സമീപത്തെ ടൂറിസം കേന്ദ്രങ്ങളുമായി കൂട്ടിയോജിപ്പിച്ചാല്‍ കിഴക്കന്‍മേഖല സഞ്ചാരികളുടെ പറുദീസയായി മാറും. പ്രകൃതിയുടെ മനോഹരദൃശ്യങ്ങളും ഔഷധസസ്യങ്ങളും പാറക്കെട്ടുകളും മഞ്ഞുപെയ്യുന്ന മനോഹാരിതയും ഏതൊരു സഞ്ചാരിയുടെയും മനംനിറയ്ക്കും.

840 മീറ്റര്‍ ഉയരത്തില്‍

അലയമണ്‍ ഗ്രാമപ്പഞ്ചായത്തിലെ ആനക്കുളം വനമേഖലയിലാണ് കുടുക്കത്തുപാറ സമുദ്രനിരപ്പില്‍നിന്ന് 840 മീറ്റര്‍ ഉയരത്തില്‍ മൂന്ന് പാറകള്‍ ചേര്‍ന്ന് വലിയ കുന്നുപോലെയാണ് കുടുക്കത്തുപാറ. പാറയുടെ മുകളറ്റം വരെ കയറാനാകില്ല. ആനക്കുളത്തുനിന്ന് ഒരു കിലോമീറ്റര്‍ കാട്ടിലൂടെ സഞ്ചരിച്ചാല്‍ പാറയിലെത്താം. മുകളിലേക്ക് കയറാന്‍ കല്‍പ്പടവുകളും സുരക്ഷാ വേലികളും ഇവിടെ തയ്യാറാണ്.

വിവധതരം ഔഷധസസ്യങ്ങളും ഇവിടെ സുലഭമാണ്. പാറയുടെ സമീപത്തായി ഗന്ധര്‍വന്‍പാല, ആരോഗ്യപ്പച്ച തുടങ്ങിയ ഔഷധസസ്യങ്ങളും കാണാം. തറയില്‍നിന്ന് 360 കരിങ്കല്‍ പടികള്‍ കയറിച്ചെന്നാല്‍ പാറയുടെ മുകളിലെത്താം. പടികള്‍ കയറിച്ചെല്ലുമ്പോള്‍ വിശ്രമിക്കാനായി കോണ്‍ക്രീറ്റ് ബഞ്ചുകളും ഒരുക്കിയിട്ടുണ്ട്. 100 പടികള്‍ കയറിക്കഴിഞ്ഞാല്‍ സായ്പിന്റെ ഗുഹയുണ്ട്. രണ്ടാം ലോക മഹായുദ്ധകാലത്ത് ഒരു വിദേശി ഇവിടെ താമസിച്ചിരുന്നതായി കരുതുന്നു.

അഞ്ചുപേര്‍ക്ക് സുഖമായി ഇതില്‍ കഴിയാം. സഞ്ചാരികള്‍ക്ക് ആഹാരം ഉണ്ടാക്കുന്നതിനായി ഒരു പാറയുണ്ട്. ഇത് അടുക്കളപ്പാറ എന്ന് അറിയപ്പെടുന്നു. രണ്ട് പാറകള്‍ താങ്ങിനിര്‍ത്തിയിരിക്കുന്ന രീതിയിലാണ് പ്രധാന പാറ.

സൂര്യാസ്തമയം ഇവിടെ മനോഹരമായ കാഴ്ചയാണ്. പാറകളുടെ സമുച്ചയമായ കുടുക്കത്ത് പാറയുടെ മുകളില്‍നിന്ന് നോക്കിയാല്‍ തമിഴ്നാടിന്റെ ഒരു ഭാഗവും കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലെ പലസ്ഥലങ്ങളും കാണാന്‍ കഴിയും.

ചടയമംഗലം ജഡായുപ്പാറ-തെന്മല ഇക്കോ ടൂറിസം-പാലരുവി വെള്ളച്ചാട്ടം-കുടുക്കത്തുപാറ എന്നിവ കൂട്ടിയോജിപ്പിച്ച് റോപ്പ് വേ നിര്‍മാണത്തിന് ടൂറിസം വകുപ്പ് ആലോചിച്ചിരുന്നെങ്കിലും അതിനുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ല.

പ്രവേശനമില്ല

രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് നാലുവരെയാണ് പ്രവേശന സമയം. മുതിര്‍ന്നവര്‍ക്ക് 20 രൂപയും കുട്ടികള്‍ക്ക് 10 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ലോക്ഡൗണ്‍ ആയതിനാല്‍ ഇപ്പോള്‍ പ്രവേശനം തടഞ്ഞിരിക്കുകയാണ്.

നിരവധി പദ്ധതികള്‍ നടപ്പാക്കാനുണ്ട്

Jacob Mathewമൂന്ന് വര്‍ഷത്തിനുമുമ്പ് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും മീറ്റിങ്ങില്‍ കുടുക്കത്തുപാറയുടെ വികസനത്തിനായി ഒരു കോടി ഏഴ് ലക്ഷം രൂപ അനുവദിച്ചിരുന്നതായി വനം മന്ത്രി കെ.രാജു അറിയിച്ചിരുന്നു. എന്നാല്‍ അതിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. ഒട്ടനവധി പദ്ധതികള്‍ ഇനിയും ഇവിടെ നടപ്പാക്കാനുണ്ട്. ടൂറിസം മേഖലയില്‍ വൈദ്യുതി എത്തിക്കണം, കാന്റീനും വിശ്രമകേന്ദ്രവും നിര്‍മിക്കണം, ഗതാഗതത്തിനായി റോഡ് അറ്റകുറ്റപ്പണി നടത്തണം, സായിപ്പിന്റെ ഗുഹ നന്നാക്കണം, വനത്തിലൂടെ ട്രക്കിങ് സംവിധാനവും ഏര്‍പ്പെടുത്തണം, ടൂറിസം പാക്കേജ് ഉണ്ടാക്കണം, ആനക്കുളത്ത് ആര്‍ച്ച് നിര്‍മാണവും നടത്തണം.

-ജേക്കബ് മാത്യു, ഗ്രാമപ്പഞ്ചായത്തംഗം

മനോഹാരിത ചോരാതെ വേണം വികസനം

Binulal Channappettaകുടുക്കത്തുപാറയുടെ മനോഹാരിത നഷ്ടപ്പെടുത്താതെ വികസനം നടപ്പാക്കണം. പാറയിലേക്കുള്ള പടവുകള്‍ വൃത്തിയാക്കണം. സമീപപ്രദേശത്തെ വിനോദസഞ്ചാര മേഖലയുമായി ഇതിനെ ബന്ധപ്പെടുത്തണം. സമീപവാസികള്‍ക്ക് തൊഴില്‍ ഉള്‍പ്പെടെ പ്രയോജനമുണ്ടാകും.

-ബിനുലാല്‍ ചണ്ണപ്പേട്ട, നാട്ടുകാരന്‍

Content Highlights: Kudukkathupara Tourism, Kollam Tourism, Kerala Tourism, Travel News