അഞ്ചൽ : വിനോദസഞ്ചരികൾക്ക് വിസ്മയക്കാഴ്ചയൊരുക്കുന്ന കുടുക്കത്തുപാറ ടൂറിസം പദ്ധതിയിൽ വികസനങ്ങൾ ഇപ്പോഴും അകലെ.

വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി ഒട്ടേെറ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. അഞ്ചൽ-ആനക്കുളം റോഡിൽനിന്ന്‌ കുടുക്കത്തുപാറയിലേക്കുള്ള റോഡ് തകർന്നുകിടക്കുകയാണ്. റോഡ് ടാർ ചെയ്യുന്നതിന് ഇതുവരെ നടപടികൾ സ്വീകരിച്ചിട്ടില്ല.

പ്രദേശത്ത് വൈദ്യുതി, കാന്റീൻ സൗകര്യം, വിശ്രമകേന്ദ്രം, ഫസ്റ്റ്‌ എയ്ഡ് സൗകര്യം എന്നിവയൊരുക്കാൻ നടപടിവേണം. സമീപത്തെ ടൂറിസം കേന്ദ്രങ്ങളുമായി കൂട്ടിയോജിപ്പിച്ചാൽ കിഴക്കൻമേഖല സഞ്ചാരികളുടെ പറുദീസയായി മാറും.

പ്രകൃതിയുടെ സുന്ദരദൃശ്യങ്ങളും ഔഷധസസ്യങ്ങളും പാറക്കെട്ടുകളും മഞ്ഞുപെയ്യുന്ന മനോഹാരിതയും ഏതൊരു സഞ്ചാരിയുടെയും മനംനിറയ്ക്കും. ജില്ലയിലെ അലയമൺ ഗ്രാമപ്പഞ്ചായത്തിലെ ആനക്കുളം വനമേഖലയിലാണ് കുടുക്കത്തുപാറ സ്ഥിതിചെയ്യുന്നത്.

സമുദ്രനിരപ്പിൽനിന്ന് 840 മീറ്റർ ഉയരത്തിൽ മൂന്നു പാറകൾചേർന്ന് വലിയ കുന്നുപോലെയാണ് കുടുക്കത്തുപാറ. ഇതിൽ 780 മീറ്റർ ഉയരത്തിൽ മാത്രമേ സഞ്ചാരികൾക്ക് കയറിപ്പറ്റാൻ കഴിയൂ.

ആനക്കുളത്തുനിന്ന്‌ ഒരു കിലോമീറ്റർ കാട്ടിലൂടെ സഞ്ചരിച്ചാൽ പാറയിലെത്താം. കെ.എസ്.ആർ.ടി.സി.യുടെ ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി അരിപ്പ ട്രെക്കിങ്‌-കുടുക്കത്തുപാറ ടൂറിസം എന്നിവ നടപ്പാക്കുന്നുണ്ട്. ഹരിപ്പാട്, ആലപ്പുഴ, മാവേലിക്കര ഡിപ്പോകളിൽനിന്ന് ബസുകൾ പാക്കേജായി വന്നുപോകുന്നുണ്ട്. പാറയുടെ മുകളിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനായി ധാരാളം സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

മുകളിലേക്ക്‌ കയറാൻ കൽപ്പടവുകളും സുരക്ഷാവേലികളും ഇവിടെ തയ്യാറാണ്. വിവിധതരം ഔഷധസസ്യങ്ങളും ഇവിടെ സുലഭമാണ്.

പാറയുടെ സമീപത്തായി ഗന്ധർവൻ പാല, ആരോഗ്യപ്പച്ച തുടങ്ങിയ ഔഷധസസ്യങ്ങളും കാണാം. തറയിൽനിന്ന്‌ 360 കരിങ്കൽപ്പടികൾ കയറിച്ചെന്നാൽ പാറയുടെ മുകളിലെത്താം. പലതരത്തിലുള്ള പാറകളും ശാന്തമായ കാറ്റും പാറയുടെ മുകളിൽനിന്ന്‌ പുകപോലെ ഉയരുന്ന മഞ്ഞും കാഴ്ചക്കാരെ ആകർഷിക്കും. പടികൾ കയറിച്ചെല്ലുമ്പോൾ വിശ്രമിക്കാനായി കോൺക്രീറ്റ് ബെഞ്ചുകളും ഒരുക്കിയിട്ടുണ്ട്.

100 പടികൾ കയറിക്കഴിഞ്ഞാൽ സായ്പിന്റെ ഗുഹയുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് ഒരു സായ്പ് ഇവിടെ താമസിച്ചിരുന്നതായി കരുതുന്നു. മഴയും വെയിലും ഏൽക്കാതെ അഞ്ചുപേർക്ക് സുഖമായി ഇതിൽ കഴിയാം.

ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ആഹാരം ഉണ്ടാക്കുന്നതിനായി ഒരു പാറയുണ്ട്. ഇത് അടുക്കളപ്പാറയെന്ന് അറിയപ്പെടുന്നു. രണ്ടു പാറകൾ താങ്ങിനിർത്തിയിരിക്കുന്ന രീതിയിലാണ് പ്രധാന പാറ.

സൂര്യാസ്തമയം ഇവിടെ മനോഹരമായ കാഴ്ചയാണ്. വികസനപദ്ധതികൾ ഉടൻ നടപ്പാക്കുമെന്ന പ്രഖ്യാപനംവന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും നടപടിയുണ്ടായിട്ടില്ല.

പ്രവേശനകവാടംമുതൽ ടിക്കറ്റ് കൗണ്ടവർവരെയുള്ള ഭാഗത്ത് പാറക്കല്ലുകൾപാകിയുള്ള റോഡ് നിർമാണം, വിവിധ സ്ഥലങ്ങളിൽ വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങൾ, നിലവിലുള്ള ടിക്കറ്റ് കൗണ്ടറിന്റെ ബാക്കിഭാഗം, കഫെറ്റേരിയ നിർമാണം, മെഡിസിനൽ ഗാർഡൻ നിർമാണം, പാറയുടെ മുകളിലേക്ക്‌ കയറാനുള്ള പടവുകൾ വൃത്തിയാക്കൽ, ചെറിയ ചെറിയ സാഹസിക വിനോദങ്ങൾ എന്നിവ ഇതുവരെ നടപ്പാക്കിയിട്ടില്ല.

ചടയമംഗലം ജടായുപ്പാറ-തെന്മല ഇക്കോ ടൂറിസം-പാലരുവി വെള്ളച്ചാട്ടം-കുടുക്കത്തുപാറ എന്നിവ കൂട്ടിയോജിപ്പിച്ച് റോപ്പ് വേ നിർമാണത്തിന് ടൂറിസം വകുപ്പ് ആലോചിച്ചിരുന്നെങ്കിലും അതിനുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ല.

Content Highlights: kudukkathupara, anakkulam forest, kollam tourists destinations, village tourism