തിരുവനന്തപുരം: കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കുട്ടികള്‍ക്ക് കുടുംബസമേതം സന്ദര്‍ശിക്കാന്‍ കെ.ടി.ഡി.സി അവസരമൊരുക്കുന്നു. മികച്ച ആനുകൂല്യങ്ങളോടെയാണ് ടൂര്‍ പാക്കേജുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.

12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മാത്രമേ ഈ പാക്കേജുകള്‍ ലഭ്യമാവൂ. കോവളം, തേക്കടി, മൂന്നാര്‍, കൊച്ചി എന്നിവിടങ്ങളിലെ കെ.ടി.ഡി.സി ഹോട്ടലുകളിലാണ് ടൂര്‍ പാക്കേജുകള്‍ ഒരുക്കിയിട്ടുള്ളത്. കോവളത്തെ സമുദ്ര ഹോട്ടല്‍, തേക്കടിയിലെ ആരണ്യ നിവാസ്, മൂന്നാറിലെ ടീ കൗണ്ടി, കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ് എന്നീ കെ.ടി.ഡി.സി പ്രീമിയം ഹോട്ടലുകളാണ് ടൂര്‍ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ ഹോട്ടലുകളിലൊന്നില്‍ 12 വയസില്‍ താഴെയുള്ള കുട്ടിക്ക് അച്ഛനമ്മമാരോടൊപ്പം രണ്ട് രാത്രിയും മൂന്ന് പകലും പ്രഭാത ഭക്ഷണവും നികുതികളുമുള്‍പ്പെടെ താമസിക്കുന്നതിന് 4999 രൂപ മാത്രമാണ് ചെലവ് വരിക.

തേക്കടിയിലെ കെ.ടി.ഡി.സിയുടെ ബഡ്ജറ്റ് ഹോട്ടലായ പെരിയാര്‍ ഹൗസില്‍ രണ്ട് രാത്രിയും മൂന്ന് പകലും പ്രഭാത ഭക്ഷണവും നികുതികളുമുള്‍പ്പെടെ താമസിക്കുന്നതിന് 3333 രൂപയാണ് ചെലവ്. പാക്കേജുകള്‍ 2019 ഏപ്രില്‍, മേയ് മാസങ്ങളില്‍ നിബന്ധനകളോടെ പ്രാബല്യത്തിലുണ്ടാകും. ഈ ടൂര്‍ പാക്കേജുകള്‍ വളര്‍ന്നുവരുന്ന തലമുറയ്ക്ക് കേരളം കാണാന്‍ അവസരം ഒരുക്കുന്നതിനാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് കെ.ടി.ഡി.സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും www.ktdc.com എന്ന വെബ്‌സൈറ്റിലോ 0471-2316736, 2725213 എന്നീ നമ്പറിലേക്കോ നേരിട്ട് അതാത് ഹോട്ടലിലോ ബന്ധപ്പെടാവുന്നതാണ്.

Content Highlights: KTDC, KTDC tour packages for students, Kerala Tourism