താമരശ്ശേരി : എത്ര കണ്ടാലും പോയാലും മതിവരാത്ത തുഷാരഗിരി, കാക്കവയൽ വനപർവം, വയനാട് വൈത്തിരിയിലെ പൂക്കോട് തടാകം... ഈ മൂന്നിടങ്ങളും കോർത്തിണക്കിക്കൊണ്ട് ഒരു വിനോദയാത്രപോയാൽ എങ്ങനെയിരിക്കും...? അതും കെ.എസ്.ആർ.ടി.സി. ബസിൽ.

അവധിദിനങ്ങളിൽ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് പ്രത്യേക സർവീസ് ഒരുക്കുന്ന കെ.എസ്.ആർ.ടി.സി.യുടെ ബജറ്റ് ടൂറിസം സെല്ലിന്റെ വരവോടെ അത്തരമൊരു സാധ്യത തെളിയുകയാണ്. താമരശ്ശേരി കെ.എസ്.ആർ.ടി.സി. ഡിപ്പോ അധികൃതർ തുഷാരഗിരി-വനപർവം-പൂക്കോട് റൂട്ടിൽ പ്രത്യേക അവധിദിനസർവീസിന്റെ സാധ്യതതേടി സമർപ്പിച്ച പ്രൊപ്പോസൽ ബജറ്റ് ടൂറിസം സെല്ലിന്റെ ഗ്രീൻ സിഗ്നലിന് കാതോർക്കുകയാണിപ്പോൾ.

ടിക്കറ്റ് നിരക്ക് ഉൾപ്പെടെയുള്ള കാര്യങ്ങൾ നിജപ്പെടുത്തുകയും ഉന്നതതല അംഗീകാരം ലഭ്യമാവുകയും ചെയ്യുന്നമുറയ്ക്ക് നിലവിൽ സജീവപരിഗണനയിലുള്ള യാത്ര യാഥാർഥ്യമാവും. നിലവിൽ ഈ റൂട്ടിലും വയലട-കക്കയം റൂട്ടിലുമാണ് കെ.എസ്.ആർ.ടി.സി. ഉത്തരമേഖലാ എക്‌സിക്യുട്ടീവ് ഡയറക്ടർക്കും ബജറ്റ് ടൂറിസം സെല്ലിനും പ്രൊപ്പോസൽ സമർപ്പിച്ചിരിക്കുന്നത്.

ഒരു പകൽ നീളുന്ന വിനോദയാത്ര

രാവിലെ ഏഴിനും ഒമ്പതിനുമിടയിൽ യാത്രയാരംഭിച്ച് വൈകീട്ട് തിരിച്ചെത്തുന്നതരത്തിലാണ് ബജറ്റ് ടൂറിസം സർവീസ് വിഭാവനം ചെയ്തിരിക്കുന്നത്.

താമരശ്ശേരി ഡിപ്പോയിൽനിന്ന്‌ അടിവാരത്തെത്തി അവിടെനിന്ന് പ്രഭാതഭക്ഷണം കഴിച്ചശേഷം നേരെ വയനാട് വൈത്തിരിയിലെ പൂക്കോട് തടാകത്തിലേക്കെത്തും. ബോട്ടിങ് ഉൾപ്പെടെ ആസ്വദിച്ചശേഷം തിരികെ മടങ്ങും. കരിന്തണ്ടന്റെ ക്ഷേത്രം ദർശിച്ചും ലക്കിടി വ്യൂ പോയന്റിൽനിന്ന് ചുരംകാഴ്ച ആസ്വദിച്ചും ചിപ്പിലിത്തോട്ടിലെത്തും. അവിടെനിന്ന് തുഷാരഗിരി ഇക്കോ ടൂറിസം സെന്ററിലെത്തി വെള്ളച്ചാട്ടവും പ്രകൃതിഭംഗിയും ആസ്വദിക്കും.

നൂറാംതോട് വഴി തിരികെ അടിവാരത്തെത്തി ഉച്ചഭക്ഷണം കഴിച്ചശേഷം ഒടുങ്ങാക്കാട് വഴി കാക്കവയൽ വനപർവത്തിലേക്കുനീങ്ങി അവിടെനിന്നും താമരശ്ശേരിയിലേക്ക് മടങ്ങിയെത്തും.

വയലട-കക്കയം സർവീസ്‌ നീളും

കാട്ടരുവികളും ചെങ്കുത്തായ മലകളും പാറകളും നിറഞ്ഞ മലബാറിന്റെ ഗവിയെന്ന് അറിയപ്പെടുന്ന വയലടയും കക്കയം ഡാം സൈറ്റും, കരിയാത്തൻപാറയുമെല്ലാം ബന്ധപ്പെടുത്തി ഒരു ബജറ്റ് ടൂറിസം സർവീസിനും പ്രോപ്പോസൽ സമർപ്പിച്ചിരുന്നെങ്കിലും അത് യാഥാർഥ്യമാവാൻ കാത്തിരിപ്പ് നീളും.

പ്രായോഗികതയ്ക്ക് പുറമേ, വയലടഭാഗത്തേക്കുള്ള റോഡിന്റെ വീതിക്കുറവും, കക്കയം ഡാംസൈറ്റിലേക്കുള്ള റോഡിന്റെ ശോച്യാവസ്ഥയുമാണ് അനുമതിക്ക്‌ നിലവിൽ പ്രതിബന്ധമാവുന്നത്.

കെ.എസ്.ആർ.ടി.സി. യാത്ര ഇഷ്ടപ്പെടുന്നവരും സാധാരണക്കാരും താമരശ്ശേരിയിൽനിന്ന് ആരംഭിക്കാൻ പദ്ധതിയുള്ള പ്രത്യേക ബജറ്റ് ടൂറിസം സർവീസ് വിജയിപ്പിക്കുമെന്നുതന്നെയാണ് ഡിപ്പോ അധികൃതരുടെ പ്രതീക്ഷ.

നിർദേശം സമർപ്പിച്ചിട്ടുണ്ട്

തുഷാരഗിരി, വനപർവം പോലുള്ള ടൂറിസം കേന്ദ്രങ്ങളെ കോർത്തിണക്കിയുള്ള ബജറ്റ് ടൂറിസം സർവീസിന് പ്രൊപ്പോസൽ സമർപ്പിച്ചിട്ടുണ്ട്. അനുമതി ലഭ്യമായാൽ കെ.എസ്.ആർ.ടി.സി.യുടെ വരുമാനവർധനയ്ക്കൊപ്പം മലയോര ടൂറിസം മേഖലയുടെ വികസനംകൂടി സാധ്യമാകും.

- പി.ഇ. രഞ്ജിത്ത്, അസി. ട്രാൻസ്‌പോർട്ട് ഓഫീസർ, താമരശ്ശേരി

Content Highlights: ksrtc tourism packages, thusharagiri waterfalls, kakkavayal vanaparvam travel, pookkode lake