കോഴിക്കോട്: മലക്കപ്പാറയിലേക്കുള്ള ഉല്ലാസയാത്രാ ബസുകള്‍ സഞ്ചാര പ്രേമികള്‍ ഇരുകയ്യുംനീട്ടി സ്വീകരിച്ചതോടെ കൂടുതല്‍ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി കെ.എസ്.ആര്‍.ടി.സി. മലക്കപ്പാറ സര്‍വീസിന് ചുക്കാന്‍ പിടിച്ച ചാലക്കുടി ഡിപ്പോയാണ് പുതിയ സര്‍വീസിന് പിന്നിലും. കേരളത്തിലെ ഏറ്റവും സുന്ദരമായ ബീച്ചുകളിലൊന്നായ എറണാകുളം ജില്ലയിലെ കുഴുപ്പിള്ളി ബീച്ചും കേരള സര്‍ക്കാരിന്റെ സാഗരറാണി കപ്പലിലെ യാത്രയുമാണ് കെ.എസ്.ആര്‍.ടി.സി നല്‍കുന്ന പുതിയ വാഗ്ദാനം.

യാത്ര ഇങ്ങനെ

ചാലക്കുടിയില്‍ നിന്ന് രാവിലെ എട്ടുമണിക്കാണ് യാത്ര ആരംഭിക്കുന്നത്. കുഴുപ്പിള്ളി ബീച്ചാണ് ആദ്യലക്ഷ്യം. ഒരു മണിക്കൂര്‍ സമയം ബീച്ചിലെ കാഴ്ചകള്‍ ആസ്വദിക്കാം. ഇവിടെ നിന്ന് വല്ലാര്‍പാടം ഭാഗത്തേക്ക് വരും. ഇവിടെയാണ് ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. എറണാകുളം മറൈന്‍ ഡ്രൈവിലേക്കാണ് അടുത്ത ലക്ഷ്യം. മറൈന്‍ ഡ്രൈവിലുള്ള കാഴ്ചകളെല്ലാം കണ്ട ശേഷം സാഗരറാണി കപ്പലില്‍ കയറാം.

Kuzhuppilly Beach
കുഴുപ്പിള്ളി ബീച്ച് | ഫോട്ടോ: ടി.കെ. പ്രദീപ് കുമാർ \ മാതൃഭൂമി

രണ്ട് മണിക്കൂര്‍ സമയം കൊച്ചി കായലിന്റെ സൗന്ദര്യം നുകര്‍ന്ന് മതിമറക്കാം. ഏകദേശം പത്ത് കിലോമീറ്ററോളം കടലിലേക്ക് പോകും. ഡോള്‍ഫിന്‍ പോയിന്റ് എന്നാണിവിടെ അറിയപ്പെടുന്നത്. ശേഷം തിരിച്ച് കൊച്ചിയിലെത്തി യാത്രക്കാരെ ബസില്‍ കയറ്റി തിരികെ രാത്രി ഏഴുമണിയോടെ ചാലക്കുടിയിലെത്തിക്കും.

ചെലവ്

 

650 രൂപയാണ് ആകെ യാത്രയ്ക്ക് ഒരാള്‍ക്ക് വരുന്ന ചെലവ്. ഇതില്‍ 250 രൂപ ബസ് ചാര്‍ജും 400 രൂപ കപ്പല്‍ ചാര്‍ജുമാണ്.

Sagarrani Cruise
സാ​ഗരറാണി ക്രൂയിസ് ഷിപ്പ് | ഫോട്ടോ: എൻ.എം. പ്രദീപ് \ മാതൃഭൂമി

ഈ മാസം 21-നാണ് യാത്ര ആരംഭിക്കുന്നതെന്ന് ചാലക്കുടി കെ.എസ്.ആര്‍.ടി.സി ഡിപ്പോ ഇന്‍സ്‌പെക്ടര്‍ ഡൊമിനിക് പെരേര മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. രണ്ട് ബസുകളാണ് കുഴുപ്പള്ളി സര്‍വീസിനായി മാറ്റി വച്ചിരിക്കുന്നത്. 100 പേര്‍ക്കാണ് സാഗരറാണിയില്‍ ഒരേസമയം കയറാവുന്നത് എന്നതിനാലാണിത്. മറ്റ് ഡിപ്പോകളില്‍ നിന്ന് ഉല്ലാസയാത്രാ സര്‍വീസുകള്‍ തുടങ്ങിയിട്ടുള്ളതിനാല്‍ ചാലക്കുടുയില്‍ നിന്നുള്ള മലക്കപ്പാറ സര്‍വീസുകള്‍ കുറച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: KSRTC tourism Packages, kuzhupilly beach, Sagara Rani Kochi, KSRTC Chalakkudy