താമരശ്ശേരി : വെള്ളച്ചാട്ടങ്ങളും പ്രകൃതിഭംഗിയുംകൊണ്ട് അനുഗ്രഹീതമായ തുഷാരഗിരി ഇക്കോടൂറിസം കേന്ദ്രം, ജൈവവൈവിധ്യം ദൃശ്യവിരുന്നൊരുക്കുന്ന കാക്കവയൽ വനപർവം, വൈത്തിരിയിലെ പൂക്കോട് തടാകം...ഇവയൊക്കെ ‘ആനവണ്ടി’യിലേറി കാണാൻ സൗകര്യമൊരുക്കിയതിന് തൊട്ടുപിന്നാലെ പുതിയ ബജറ്റ് ടൂറിസം സർവീസുകൾ പ്രഖ്യാപിച്ച് കെ.എസ്.ആർ.ടി.സി. മൂന്നുനദികളുടെ സംഗമവേദിയായ മൂന്നാർ വിനോദസഞ്ചാരകേന്ദ്രവും ‘പാവപ്പെട്ടവരുടെ ഊട്ടി’യെന്ന് അറിയപ്പെടുന്ന നിത്യഹരിതവനമേഖലയായ നെല്ലിയാമ്പതിയും ഇനി കെ.എസ്.ആർ.ടി.സി ബസിലിരുന്നുകൊണ്ടുകാണാം.

മൂന്നാറിലേക്കുള്ള കന്നിട്രിപ്പ് 15-ന് രാവിലെ ഒമ്പതിനും നെല്ലിയാമ്പതിയിലേക്കുള്ളത് 16-ന് പുലർച്ചെ നാലിനും താമരശ്ശേരി കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽനിന്ന് ആരംഭിക്കും. മൂന്നാറിലേക്കുള്ള വിനോദസഞ്ചാര സർവീസ് ശനി, ഞായർ ദിവസങ്ങളിലും നെല്ലിയാമ്പതിക്കുള്ളത് ഞായറാഴ്‌ചകളിലോ, മറ്റ് അവധിദിനങ്ങളിലോ ബുക്കിങ് പുരോഗതി അനുസരിച്ച് നടത്താനാണ് തീരുമാനം.

മൂന്നാറിന്റെ ഭംഗി നുകരാൻ ദ്വിദിന യാത്ര

വിശാലമായ തേയിലത്തോട്ടങ്ങളും പുൽമേടുകളും വളഞ്ഞുയർന്നും താഴ്ന്നും പോവുന്ന പാതകളുമെല്ലാം മനോഹാരിത തീർക്കുന്ന മൂന്നാറിലേക്കുള്ള എയർബസ്‌സർവീസിൽ ഒരുതവണ 39 പേർക്കാണ് അവസരം. രാവിലെ ഡിപ്പോ പരിസരത്തുനിന്ന് പുറപ്പെടുന്ന ബസ് അന്നേദിവസം വൈകീട്ട് ഏഴിന്‌ മൂന്നാറിലെത്തും. സന്ദർശകർക്ക് കെ.എസ്.ആർ.ടി.സി.യുടെ പ്രത്യേകം സജ്ജമാക്കിയ സ്ലീപ്പർബസിൽ അന്തിയുറങ്ങാം. 

പിറ്റേന്ന് രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ ബസിൽ ടാറ്റാ ടീ മ്യൂസിയം, ടോപ്പ്‌ സ്റ്റേഷൻ, കുണ്ടള ഡാം, ഇക്കോപോയന്റ്, ഫിലിം ഷൂട്ടിങ് പോയന്റ്, ബോട്ടിങ് സൗകര്യമുള്ള മാട്ടുപെട്ടി ഡാം, ടീ ഗാർഡൻ ഫോട്ടോ പോയന്റ്, ഫോറസ്റ്റ് ഫ്ലവർ ഗാർഡൻ എന്നീ എട്ടുകേന്ദ്രങ്ങളിൽ സന്ദർശനം നടത്തും. ഒരാൾക്ക് 1750 രൂപയാണ് നിരക്ക്. ഭക്ഷണത്തിന്റെയും ടിക്കറ്റാവശ്യമുള്ള അഞ്ചുകേന്ദ്രങ്ങളിലെ ടിക്കറ്റ് നിരക്കിന്റെയും ചെലവ് യാത്രക്കാർതന്നെ വഹിക്കണം. രണ്ടുമണിക്കൂർ ഷോപ്പിങ് സമയത്തിനുശേഷം വൈകീട്ട് ഏഴിന്‌ ബസ് മൂന്നാറിൽനിന്ന് മടങ്ങും.

ആസ്വദിക്കാം, പാലക്കാട്ടെ വൃഷ്ടിപ്രദേശം

പുലർച്ചെ നാലിനാണ് ശീതളകാലാവസ്ഥയ്ക്ക് പ്രശസ്തമായ നെല്ലിയാമ്പതിയിലേക്കുള്ള യാത്രതുടങ്ങുക. 36 പേർക്ക് ഇരിക്കാവുന്ന ഷോർട്ട് വീൽ ബസിലെ യാത്രയ്ക്ക് നാലുനേരത്തെ ഭക്ഷണമുൾപ്പെടെ 1050 രൂപയാണ് ഒരാൾക്കുള്ള നിരക്ക്. പാലക്കാട്, വരയാട്ടുമല വ്യൂപോയന്റ്, സീതാർകുണ്ട്, പോത്തുപാറ, കേശവൻപാറ, പോത്തുണ്ടി ഡാം എന്നിവിടങ്ങളിൽ സന്ദർശിച്ച് വൈകീട്ട് ആറരയ്ക്ക് മടങ്ങുന്നവിധത്തിലാണ് ബജറ്റ്‌ സർവീസ് വിഭാവനം ചെയ്തിരിക്കുന്നത്. ഫോൺ: 9745481831, 9895218975, 8547640704.

Content Highlights: ksrtc tourism packages, ksrtc trip to munnar and nelliyampathy, ksrtc budget tour, kerala tourism