ഞ്ചാരികളുടെ പ്രിയകേന്ദ്രമായ മുന്നാറിലേക്ക് കെ.എസ്.ആർ.ടി.സി ആരംഭിച്ച ജംഗിൾ സഫാരിക്ക് വൻ സ്വീകരണം. കോതമംഗലത്ത് നിന്ന് വനമേഖലയിലൂടെ മൂന്നാറിലെത്തുന്ന യാത്രക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് യാത്രക്കാർ എത്തുന്നത്. 550 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്.

വന്യമൃ​ഗങ്ങളേ കണ്ടുകൊണ്ട് ശുദ്ധവായു ശ്വസിച്ചുകൊണ്ടുള്ള യാത്രയാണിതെന്ന് കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം കോതമം​ഗലം കോർഡിനേറ്റർ  രാജീവ് എൻ.ആർ പറഞ്ഞു. കുട്ടമ്പുഴ, മാമലക്കണ്ടം, പഴമ്പിള്ളിച്ചാൽ, കുരങ്ങാട്ടി, മാങ്കുളം വഴിയാണ് ബസ് മൂന്നാറിലെത്തുക. ഉച്ചയൂണും വൈകിട്ടത്തെ ചായയും ഉൾപ്പെടുന്നതാണ് പാക്കേജ്. ദിവസം ആയിരത്തോളം വിളികളാണ് വന്നുകൊണ്ടിരിക്കുന്നതെന്നും കോർഡിനേറ്റർ പറഞ്ഞു. 

തുടങ്ങിയ സമയത്ത് ഞായറാഴ്ചകളിൽ മാത്രമായിരുന്നു ട്രിപ്പ് നടത്താൻ പദ്ധതിയുണ്ടായിരുന്നത്. പക്ഷേ പിന്നീട് ബുക്കിങ് കൂടി. 14 ബസുകൾ നിലവിൽ ബുക്കിങ്ങാണെന്ന് ഡ്രൈവർ കിഷോർ പറഞ്ഞു. കുടുംബശ്രീ, വിദ്യാർത്ഥികൾ എന്നിവരെല്ലാം യാത്ര ചെയ്യാനായി ബുക്ക് ചെയ്ത് കാത്തിരിക്കുകയാണ്. അപകടം നിറഞ്ഞ വഴികളിലൂടെയുള്ള യാത്ര സഞ്ചാരികൾ ഏറെ ആസ്വദിക്കുന്നുണ്ട്. പോകുംവഴി ആനയേയും മയിലിനേയുമെല്ലാം കാണാനാവുമെന്നും അദ്ദേഹം പറഞ്ഞു. 

സൗഹാർദപരമായി പെരുമാറുന്ന ജീവനക്കാർ തന്നെയാണ് യാത്രയുടെ പ്ലസ് പോയിന്റെന്ന് യാത്രക്കാർ പറയുന്നു. വേറെ ഏത് വാഹനത്തിലാണ് ഇതുപോലെ കാടിനകത്ത് യാത്ര ചെയ്യാൻ പറ്റുകയെന്നാണ് മറ്റുചിലർ ചോദിക്കുന്നത്. ഈ രീതിയിൽ കേരളത്തിൽ എല്ലായിടത്തും തുടങ്ങുകയാണെങ്കിൽ ഒരുവർഷം കൊണ്ട് കെ.എസ്.ആർ.ടി.സിയിൽ നല്ല മാറ്റം വരുമെന്നും സഞ്ചാരികൾ അഭിപ്രായപ്പെടുന്നു.

രാവിലെ എട്ടുമണിക്ക് പുറപ്പെട്ട് വൈകിട്ട് ആറുമണിയോടെ മൂന്നാറിലെത്തിച്ചേരുമ്പോൾ കെ.എസ്.ആർ.ടി.സി സമ്മാനിച്ച കാഴ്ചയുടെ ഒരു നിറവസന്തത്തിന് സമാപനമാവും. 

Content Highlights: KSRTC tourism packages, ksrtc jungle safari, kothamangalam to munnar trip