പറവൂർ: പൈതൃക സ്മാരകങ്ങളും കായലും കടലും കാണാൻ ‘മുസിരിസ് പൈതൃക സവാരി’യുമായി കെ.എസ്.ആർ.ടി.സി. മുസിരിസ് പൈതൃക ടൂറിസം പദ്ധതിയുമായി സഹകരിച്ചാണ് യാത്ര സംഘടിപ്പിച്ചിട്ടുള്ളത്. ആദ്യ ട്രയൽറണ്ണിന്റെ ഭാഗമായി രണ്ട് ബസുകൾ മുസിരിസ് പദ്ധതിപ്രദേശമായ അഴീക്കോട് ബീച്ച് കാണാൻ എത്തി. ആദ്യയാത്രയിൽ നൂറോളംപേർ പങ്കെടുത്തു.

കെ.എസ്.ആർ.ടി.സി. ചാലക്കുടി ഡിപ്പോയിൽനിന്ന് കൊച്ചി ‘സാഗരറാണി’ വരെയുള്ള ട്രിപ്പിൽ മുനയ്ക്കൽ ‘ഡോൾഫിൻ ബീച്ച്’ പ്രധാന സഞ്ചാരകേന്ദ്രമാണ്. ഇതുകൂടാതെ വേറെയും വിനോദയാത്രാ പദ്ധതികൾ സംയുക്തമായി നടപ്പിലാക്കുന്നുണ്ടെന്ന് മുസിരിസ് പൈതൃക ടൂറിസം പ്രോജക്ട് എം.ഡി പി.എം. നൗഷാദ് പറഞ്ഞു.

എറണാകുളം-തൃശ്ശൂർ ജില്ലാ അതിർത്തിയിലുള്ള മുസിരിസ് പൈതൃക പ്രദേശങ്ങൾ, സ്മാരകങ്ങൾ, ബോട്ടുയാത്ര എന്നിവ ഉൾപ്പെടെയുള്ള ഒരു ദിവസത്തെ ഹെറിറ്റേജ് പാക്കേജും ഒരുക്കുന്നുണ്ട്.

കോട്ടപ്പുറം വാട്ടർ ഫ്രണ്ട് ജെട്ടിയിൽ നിന്ന് ആരംഭിച്ച് ജലമാർഗം ‘മുസിരിസ് സ്പൈസസ് റൂട്ട് ഹെറിറ്റേജ്’ ബോട്ടിൽ യാത്ര തുടരാം. കോട്ടപ്പുറം പോർച്ചുഗീസ് കോട്ട, ചേന്ദമംഗലം പാലിയം കൊട്ടാരം, നാലുകെട്ട്, കൈത്തറി കൈത്തൊഴിൽ പ്രദർശന വിൽപ്പനകേന്ദ്രം, ഗോതുരുത്ത് ചവിട്ടുനാടകവേദി എന്നിവ കണ്ട്‌ മടങ്ങാം.

ഉച്ചയ്ക്ക് രുചിയേറും കായൽമത്സ്യങ്ങളും തനതു വിഭവങ്ങളും കൂട്ടിയുള്ള ഉച്ചയൂണ്. അഴീക്കോട് മാർത്തോമ ജെട്ടിയിൽ സായാഹ്നത്തോടെ എത്തിയ ശേഷം ബസിൽ മുസിരിസ് മുനയ്ക്കൽ ഡോൾഫിൻ ബീച്ചിലേക്ക്. അറബിക്കടലിലെ സൂര്യാസ്തമയത്തിന്റെ ചുവന്നരാശികൾ കണ്ട് മടക്കം.

കൂടാതെ, ഇരിങ്ങാലക്കുടയിൽ നിന്ന്‌ മുസിരിസ് ഹെറിറ്റേജ് ബജറ്റ് ട്രിപ്പുമുണ്ട്.

എറണാകുളം, കോതമംഗലം തുടങ്ങി കെ.എസ്.ആർ.ടി.സി.യുടെ മറ്റു ഡിപ്പോകളിൽ നിന്ന് പറവൂർ തട്ടുകടവ് മുസിരിസ് വാട്ടർ ഫ്രണ്ട് ജെട്ടിയിൽ ബസിലെത്തി ജലമാർഗം പൈതൃക പ്രദേശങ്ങൾ കാണുന്ന ടൂറിസം പാക്കേജ് പദ്ധതികൾ ആരംഭിക്കുമെന്നും മുസിരിസ് മാർക്കറ്റിങ് വിഭാഗം മാനേജർ സാബിൻ പറഞ്ഞു.

Content Highlights: ksrtc tourism package, muziris heritage project, muziris heritage travel, budget tourism destination