കോട്ടയം: കെ.എസ്.ആർ.ടി.സി. വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് യാത്ര തുടങ്ങിയത് ജനം ഏറ്റെടുത്തു. കോട്ടയം, പാലാ ഡിപ്പോകളിൽനിന്നാണ് യാത്രയ്ക്ക് തുടക്കമിട്ടത്. ചങ്ങനാശ്ശേരിയിൽ ഈ ഞായറാഴ്ച ആദ്യയാത്ര ചങ്ങനാശ്ശേരി ഡിപ്പോയിൽനിന്ന് പുറപ്പെടും. മറ്റ് ഡിപ്പോകളും യാത്രയ്ക്ക് പദ്ധതിയിടുന്നുണ്ട്. ഇതിന്റെ വിശേഷം വായിക്കാം.

ചങ്ങനാശ്ശേരി ടു കുമ്പളങ്ങി

കായലിന്റെയും കടലിന്റെയും സൗന്ദര്യം ആസ്വദിച്ച് യാത്ര ചെയ്യുന്നതിനായി കെ.എസ്.ആർ.ടി.സി.സൗകര്യമൊരുക്കുന്നു. ചങ്ങനാശ്ശേരി ഡിപ്പോയിൽനിന്നും ഞായറാഴ്ച രാവിലെ ഏഴിന് കുമ്പളങ്ങിയിലേക്കാണ് ആദ്യയാത്ര. ചങ്ങനാശ്ശേരി-കുമരകം-അർത്തുങ്കൽ-കുമ്പളങ്ങി-ചെല്ലാനം-അന്ധകാരനഴി-ഓമനപ്പുഴ-ചമ്പക്കുളം എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് തിരിച്ച് വൈകീട്ട് ഒൻപതുമണിയോടെ ചങ്ങനാശ്ശേരിയിലെത്തുന്ന തരത്തിലാണ് യാത്ര. 400 രൂപയാണ് ടിക്കറ്റ് നിരക്ക്. വിവരത്തിന്-9400861738.

പാലാ ടു മലക്കപ്പാറ

കെ.എസ്.ആർ.ടി.സി പാലാ ഡിപ്പോയിൽനിന്ന് വിനോദ സഞ്ചാര കേന്ദ്രമായ മലക്കപ്പാറയിലേക്ക്‌ ആരംഭിച്ച സർവീസ് സഞ്ചാരികളുടെ പ്രിയപ്പെട്ട യാത്രയായി മാറുന്നു. ഇതുവരെ നാല് സർവീസുകളാണ് നടത്തിയത്. 150-ൽ പരം ആളുകൾ യാത്രചെയ്തു. 525 രൂപയാണ് യാത്രക്കാരിൽനിന്ന് വാങ്ങുന്നത്. എല്ലാ ഞായറാഴ്ചകളിലും രാവിലെ 6.30-നാണ് യാത്ര തുടങ്ങുന്നത്.

38 പേർ സഞ്ചരിക്കുന്ന ബസാണ് സർവീസ് നടത്തുന്നത്. നവംബർമാസത്തിലെ വരും ഞായറാഴ്ചകളിലുമുള്ള സർവീസുകൾ മുൻകൂട്ടി ബുക്കിങ് നടന്നുകഴിഞ്ഞു. ഡിപ്പോയിൽ നേരിട്ടെത്തി യാത്രക്കാർ ബുക്കിങ് നടത്തണം.

ആദ്യ ഞായറാഴ്ച രണ്ട് ബസുകളാണ് ആദ്യ സർവീസ് നടത്തിയത് ദീപാവലി ദിനത്തിലും പ്രത്യേക സർവീസ് നടത്തിയിരുന്നു.

വിവരത്തിന്-8921531106.

Malakkappara
മലക്കപ്പാറയിലെത്തിയ യാത്രാസംഘം | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ

കോട്ടയം ടു മലക്കപ്പാറ

കോട്ടയം-മലക്കപ്പാറ വിനോദസഞ്ചാരയാത്ര ഞായറാഴ്ച തുടങ്ങി. 51 പേരാണ് ആദ്യദിവസം യാത്ര ചെയ്തത്. എല്ലാ ഞായറാഴ്ചയും ഉണ്ടാകും. രാവിലെ ആറിന് പുറപ്പെട്ട്്‌ രാത്രി 11-ന് മടങ്ങിയെത്തും.

ആതിരപ്പള്ളി, വാഴച്ചാൽ വെള്ളച്ചാട്ടം, അണക്കെട്ടുകൾ എന്നിവയാണ് മുഖ്യ ആകർഷണം. ചാലക്കുടിപ്പുഴയുടെ സൗന്ദര്യം ആസ്വദിക്കാം.

ഒരാൾക്ക് 600 രൂപയാണ് വണ്ടിക്കൂലി.

വിവരത്തിന് -9947866973.

പൂഞ്ഞാർ

ഡിപ്പോയിൽ നിന്ന് വിനോദയാത്രക്ക് തീരുമാനമായിട്ടുണ്ട്. റൂട്ട് നിശ്ചയിച്ചിട്ടില്ല.

പരുന്തുംപാറ

കെ.എസ്.ആർ.ടി.സി.പൊൻകുന്നം ഡിപ്പോയിൽ നിന്ന് സഹ്യാദ്രിയിലേക്ക് ഒരു സഞ്ചാരം എന്ന പേരിൽ നടത്തുന്ന യാത്രാപദ്ധതിയിൽ 14-ാം തീയതി ആദ്യയാത്ര. എല്ലാ ഞായറാഴ്ചകളിലും വിനോദയാത്രയുണ്ടാവും. മറ്റ് അവധിദിവസങ്ങളിലെ യാത്രയും ആലോചനയിലുണ്ട്. 350 രൂപയാണ് ടിക്കറ്റ് നിരക്ക്. ഭക്ഷണം, പ്രവേശനപാസ്സുകൾ എന്നിവയുടെ ചെലവ് യാത്രക്കാർ വഹിക്കണം. രാവിലെ എട്ടിന് പുറപ്പെട്ട് വൈകീട്ട് ആറരയ്ക്കുള്ളിൽ മടങ്ങിയെത്തും വിധമാണ് ക്രമീകരണം.

Charpa Waterfalls
കോട്ടയം ഡിപ്പോയിൽ നിന്ന് കെ.എസ്.ആർ.ടി.സി. യാത്രാസംഘം ചാർപ്പ വെള്ളച്ചാട്ടത്തിന് സമീപം | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ

കാഴ്ചകളിങ്ങനെ

അരുവിത്തുറ പള്ളി(കാഴ്ചമാത്രം), വാഗമൺ വ്യൂപോയിന്റ്-15 മിനിറ്റ്, വാഗമൺ കുരിശുമല(കാഴ്ചമാത്രം), വാഗമൺ മൊട്ടക്കുന്ന്-ഒരുമണിക്കൂർ, സൂയിസൈഡ് പോയിന്റ്-30 മിനിറ്റ്, തടാകം-30 മിനിറ്റ്, ഏലപ്പാറ തേയില പ്ലാന്റേഷൻ-15 മിനിറ്റ്, കുട്ടിക്കാനം പൈൻകാട്-ഒരു മണിക്കൂർ, പരുന്തുംപാറ-ഒരു മണിക്കൂർ, കുട്ടിക്കാനം വെള്ളച്ചാട്ടം. ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകൾ ബസ്സിനുള്ളിലെ മൈക്കിലൂടെ അറിയിക്കും.

ഒരു പോയിന്റിൽ എത്രസമയം ചെലവഴിക്കാമെന്നും അറിയിക്കും. അടിയന്തരഘട്ടത്തിൽ ബന്ധപ്പെടാൻ ജീവനക്കാരുടെ ഫോൺനമ്പരുകൾ യാത്രക്കാർക്ക് നൽകും.

ബസ് കടന്നുപോകുന്ന റൂട്ടിലുള്ളവർക്ക് ഡിപ്പോയിലെത്താതെ തന്നെ ബസ്സിൽ കയറാം. ദൂരസ്ഥലങ്ങളിൽനിന്ന് വിനോദയാത്രക്ക് എത്തുന്നവർക്ക് കുളിക്കുന്നതിനും വിശ്രമിക്കുന്നതിനും ഡിപ്പോയിൽ തന്നെ സൗകര്യമൊരുക്കും. വാഹനങ്ങളുമായി എത്തുന്നവർക്ക് ഡിപ്പോവളപ്പിൽ തന്നെ പാർക്കിങ്ങുമുണ്ട്.

ആദ്യയാത്ര ഗവ. ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് ഫ്‌ളാഗ് ഓഫ് ചെയ്യും. പാഞ്ചാലിമേട്, തേക്കടി, രാമക്കൽമേട് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രകളും ആലോചനയിലുണ്ടെന്ന് എ.ടി.ഒ. വി.എസ്.സുരേഷ് പറഞ്ഞു. ബുക്കിങ്ങിന് ഫോൺ-6238181408.

Content Highlights: ksrtc tourism package,  kerala tourism, ksrtc kottayam