പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ ടൂർ പാക്കേജുകൾക്കായി ഒരുക്കിയ ബസ് |ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ
പെരിന്തൽമണ്ണ: സ്വകാര്യ ടൂറിസ്റ്റ് ബസ്സുകളെപ്പോലെ കെ.എസ്.ആർ.ടി.സി. ബസ്സിനെയും ടൂർപാക്കേജുകൾക്കായി മാറ്റിയെടുത്ത് പെരിന്തൽമണ്ണ ഡിപ്പോ. തലശ്ശേരിയിൽനിന്ന് പെരിന്തൽമണ്ണ ഡിപ്പോയ്ക്ക് നൽകിയ സൂപ്പർ എക്‌സ്പ്രസ് ബസാണ് സെമിസ്ലീപ്പർ എയർബസ് സൗകര്യങ്ങളോടെ മാറ്റിയെടുത്തത്.
പുഷ്ബാക്ക് സീറ്റുകളും കവറുകളുമുണ്ട്. ബസിന്റെ മുകൾഭാഗം തകിടുകൊണ്ട് മനോഹരമാക്കുകയും കളർലൈറ്റുകൾ സ്ഥാപിച്ചിട്ടുമുണ്ട്. കൂടാതെ കെ.എസ്.ആർ.ടി.ഇ.എ. (സി.ഐ.ടി.യു.) പെരിന്തൽമണ്ണ യൂണിറ്റ് നൽകിയ ശബ്ദസംവിധാനവും ബസിലുണ്ട്. നോൺ എ.സി. ബസിൽ ഗ്ലാസ് വിൻഡോകൾക്ക് കർട്ടനുകളുമിട്ടിട്ടുണ്ട്. വിനോദസഞ്ചാരികളെ പരമാവധി ആകർഷിക്കുന്ന വിധത്തിലാണ് ബസ് സജ്ജമാക്കിയിട്ടുള്ളതെന്ന് പെരിന്തൽമണ്ണ ഡി.ടി.ഒ. കെ.പി. രാധാകൃഷ്ണൻ അറിയിച്ചു.

വിവാഹയാത്രപോലുള്ള സ്വകാര്യ ആവശ്യങ്ങൾക്കും ടൂർ പാക്കേജുകൾക്കും ബസ് നിശ്ചിത വാടക ഈടാക്കി വിട്ടുനൽകും. നവീകരിച്ച ബസിന്റെ ആദ്യവിനോദയാത്ര മൂന്നാറിലേക്കാണ്. ഏഴിന് രാവിലെ പത്തിന് പെരിന്തൽമണ്ണ ഡിപ്പോയിൽനിന്ന് പുറപ്പെടും. രാത്രിയോടെ മൂന്നാറിലെത്തും. കെ.എസ്.ആർ.ടി.സി.യുടെ തന്നെ ബസ്സുകളിൽ താമസസൗകര്യവുമുണ്ടാകും. പിറ്റേന്ന് രാവിലെ മൂന്നാറിലെ വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കും. രാത്രിയോടെ മടങ്ങി പുലർച്ചെ പെരിന്തൽമണ്ണയിൽ തിരിച്ചെത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
സ്ഥലസന്ദർശനമടക്കം 1,200 രൂപയാണ് ഒരു സീറ്റിന് നിരക്ക്. ഭക്ഷണവും മറ്റു ചെലവുകളും യാത്രക്കാർ വഹിക്കണം. മൂന്നാർ യാത്രയ്ക്ക് 9048848436, 9544088226, 9745611975 നമ്പറുകളിൽ മുൻകൂട്ടി ബുക്ക് ചെയ്യണം. വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ഗ്രൂപ്പ് ബുക്കിങ്ങും സ്വീകരിക്കും. ബുക്കിങ് അനുസരിച്ച് എല്ലാ തിങ്കളാഴ്ചയും മൂന്നാർയാത്ര സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. നേരത്തെയും പെരിന്തൽമണ്ണ ഡിപ്പോയിൽ നിന്ന് വിനോദയാത്രകൾ സംഘടിപ്പിച്ചിരുന്നു.
Content Highlights : KSRTC Perinthalmanna Depot is introducing new Tourism Services which includes features similar to private tourist buses
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..