ആലപ്പുഴ: വിനോദയാത്രകൾ യാത്രക്കാരുടെ ഹൃദയം കവർന്നപ്പോൾ പുതിയ പദ്ധതികളുമായി കെ.എസ്.ആർ.ടി.സി. ആലപ്പുഴ ഡിപ്പോ. ഉല്ലാസയാത്രയ്ക്കൊപ്പം തീർഥാടന സർവീസും ആരംഭിക്കുന്നു. 20-ന് ആലുവ തിരുവൈരാണിക്കുളം ക്ഷേത്രത്തിലേക്കാണ് ആദ്യ സർവീസ്. 

രാവിലെ ആറിനു പുറപ്പെടുന്ന യാത്രയിൽ വൈക്കം, ചോറ്റാനിക്കര ക്ഷേത്രങ്ങളിലും ദർശന സൗകര്യമുണ്ടാകും. ഒരാൾക്ക് ഇരുവശത്തേക്കുമായി 350 രൂപയാണ് ഈടാക്കുന്നത്. വൈകീട്ടു മൂന്നോടെ തിരിച്ചെത്തും. ആളുകളുടെ ആവശ്യാനുസരണം കുടുതൽ തീർഥാടന കേന്ദ്രങ്ങളിലേക്ക്‌ സർവീസ് നടത്തും.

സ്പെഷ്യൽ സർവീസുകൾക്കൊപ്പം സ്ഥിരം സർവീസുകളിലും തിരക്കേറിയതോടെ വരുമാനവും കൂടി. ആലപ്പുഴ ഡിപ്പോയുടെ വരുമാനം കോവിഡിനു മുൻപത്തെക്കാൾ 70 ശതമാനത്തോളം ഉയർന്നതായി ഡിപ്പോ അധികൃതർ വ്യക്തമാക്കി. തിങ്കളാഴ്ചകളിൽ ശരാശരി 85 ശതമാനം വരെ വർധനയുണ്ട്.

വിനോദസഞ്ചാരത്തിൽനിന്നു നല്ലവരുമാനം കെ.എസ്.ആർ.ടി.സി.ക്കു ലഭിക്കുന്നുണ്ട്. നിലവിൽ മലക്കപ്പാറ, അരിപ്പ, എന്നിവിടങ്ങളിലേക്കാണ് സർവീസുള്ളത്. 19-നു വാഗമണ്ണിലേക്കു രണ്ട് സർവീസുകളാണുള്ളത്. 25, 26 തീയതികളിലും വാഗമൺ യാത്ര നടത്തുന്നുണ്ട്. ഇതിന്റെ ബുക്കിങ് പുരോഗമിക്കുകയാണ്. 

26-ന് മലക്കപ്പാറയിലേക്കും സർവീസുണ്ട്. ആലപ്പുഴയിൽനിന്നു മറ്റുവിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ഉല്ലാസയാത്ര ആരംഭിക്കാനുള്ള ചർച്ച നടക്കുകയാണ്.

Content Highlights: ksrtc to start pilgrimage service, ksrtc tourism packages, temple visit in ksrtc