മൂന്നാർ: വിനോദസഞ്ചാരികൾക്ക്‌ കാഴ്ചകൾ കണ്ട് രസിക്കുന്നതിനായി കെ.എസ്.ആർ.ടി.സി. കാന്തല്ലൂർക്കും പുതിയ സർവീസ് ആരംഭിക്കുന്നു.

ജനുവരി 31 ഞായറാഴ്ച മുതലാണ് സൈറ്റ് സീയിങ്‌ സർവീസ് തുടങ്ങുന്നത്. രാവിലെ 9.30-ന് പഴയ മൂന്നാർ ഡിപ്പോയിൽനിന്നാരംഭിക്കുന്ന സർവീസ് എട്ടാംമൈൽ, ലക്കം വെള്ളച്ചാട്ടം, മറയൂർ ചന്ദന റിസർവ്, മുനിയറകൾ എന്നിവ സന്ദർശിച്ച് ഉച്ചകഴിഞ്ഞ് കാന്തല്ലൂരിലെത്തും.

കാന്തല്ലൂരിൽ സഞ്ചാരികൾക്ക്, പച്ചക്കറി, പഴവർഗതോട്ടങ്ങൾ കാണാനുള്ള സൗകര്യവുമുണ്ടാകും. ഉച്ചയ്ക്കുശേഷം തിരിക്കുന്ന ബസ് വൈകീട്ട് അഞ്ചുമണിക്ക് മൂന്നാറിൽ മടങ്ങിയെത്തും. 300 രൂപയാണ് ഒരാൾക്ക് ഈടാക്കുന്നത്.

ജനുവരി ഒന്നിന് ടോപ് സ്റ്റേഷനിലേക്ക് ആരംഭിച്ച സൈറ്റ് സീയിങ്‌ ബസ് സർവീസ് വൻ വിജയമായതിനെ തുടർന്നാണ് വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണകേന്ദ്രങ്ങളായ മറയൂർ, കാന്തല്ലൂർ മേഖലയിലേക്കും പുതിയ സർവീസ് ആരംഭിക്കാൻ കെ.എസ്.ആർ.ടി.സി. എം.ഡി. ബിജു പ്രഭാകർ നിർദേശം നൽകിയത്.

ജനുവരി ഒന്നിന് ആരംഭിച്ച ടോപ് സ്റ്റേഷൻ സൈറ്റ് സീയിങ്‌ സർവീസിന് വ്യാഴാഴ്ചവരെ 2,61,300 രൂപ വരുമാനം ലഭിച്ചു.

250 രൂപയാണ് ടോപ് സ്റ്റേഷൻ വരെയുള്ള നിരക്ക്. മൂന്നാർ സന്ദർശനത്തിനെത്തുന്നവർക്ക് 100 രൂപ നിരക്കിൽ കിടന്നുറങ്ങുന്നതിനുള്ള സൗകര്യവും കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ ഏർപ്പെടുത്തിയിട്ടുണ്ട്. മൂന്നുബസുകളിലായി 48 പേർക്ക് അന്തിയുറങ്ങാനുള്ള സൗകര്യമാണുള്ളത്.

Content Highlights: KSRTC Sight Seeing Service to Kanthalloor, Munnar Tourism, Lakkam Waterfalls, Kerala Tourism