മൂന്നാർ: വിനോദസഞ്ചാരികൾക്ക് മൂന്നാറിലെ കാഴ്ചകൾ കണ്ട് ആസ്വദിക്കുന്നതിനായി കെ.എസ്.ആർ.ടി.സി. ആരംഭിച്ച ബസ് സർവീസ് തുടങ്ങി. വെള്ളിയാഴ്ച രാവിലെയാണ് പഴയ മൂന്നാർ ഡിപ്പോയിൽനിന്നു സൈറ്റ് സീയിങ് എന്ന പേരിലുള്ള ബസ് സർവീസ് തുടങ്ങിയത്.

ആദ്യദിനം 30 യാത്രക്കാരാണ് ഉണ്ടായിരുന്നത്. രാവിലെ ഒൻപതിന് ഡിപ്പോയിൽ നിന്നാരംഭിക്കുന്ന സർവീസ് ആദ്യം ടോപ് സ്റ്റേഷനിലെത്തും.

ഒരു മണിക്കൂറോളം അവിടെ ചെലവഴിച്ച ശേഷം, കുണ്ടള, എക്കോ പോയിന്റ്, മാട്ടുപ്പട്ടി, ഹണി ട്രീ, റോസ്ഗാർഡൻ എന്നിവിടങ്ങൾ സന്ദർശിച്ചശേഷം അഞ്ചുമണിയോടെ ട്രിപ്പ് അവസാനിപ്പിക്കും. ആദ്യ ട്രിപ്പിൽ മലയാളികളായിരുന്നു യാത്രക്കാരിലധികവും.

250 രൂപാ ചെലവിൽ മൂന്നാറിലെ പ്രധാന സ്ഥലങ്ങൾ സന്ദർശിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു യാത്രക്കാരിലധികവും. രാജമല, മറയൂർ വഴി കാന്തല്ലൂർക്ക് ഉടൻ തന്നെ പുതിയ സർവീസും ആരംഭിക്കും.

Content Highlights: KSRTC Sight Seeing Bus Service, Munnar Travel, Munnar Tourism, Kerala Tourism, Travel News