മൂന്നാർ: വിനോദസഞ്ചാരികൾക്ക് കുറഞ്ഞ ചെലവിൽ താമസിക്കുന്നതിനായി മൂന്നാറിലേക്ക് കൂടുതൽ കെ.എസ്.ആർ.ടി.സി. സ്ലീപ്പർ ബസുകളെത്തിച്ചു. ആദ്യത്തെ സംരംഭം വിജയമായതോടെ കെ.എസ്.ആർ.ടി.സി. നാലു ബസുകൾ കൂടിയാണ് മൂന്നാറിന് നൽകിയത്.

ഇതോടെ ആകെ അഞ്ച്‌ ബസുകളാണ് സഞ്ചാരികൾക്കായി താമസത്തിനുള്ളത്. ഒരുദിവസം 100 രൂപ ചെലവിൽ 80 പേർക്ക് കിടന്നുറങ്ങാനുള്ള സൗകര്യമാണ് ഇതിലൂടെ ലഭിക്കുക. 2020 നവംബർ 14-നാണ് 100 രൂപയ്ക്ക് കിടന്നുറങ്ങാനുള്ള സൗകര്യം കെ.എസ്.ആർ.ടി.സി. ബസിൽ തുടങ്ങിയത്. 16 കിടക്കകളുള്ള ഒരു ബസാണ് ഇത്തരത്തിൽ ആദ്യഘട്ടത്തിൽ വിനോദസഞ്ചാരികൾക്കായി ഒരുക്കിയത്. പദ്ധതി വൻ വിജയമായതോടെ രണ്ട് ബസുകൾ കൂടി എത്തിച്ചു.

സഞ്ചാരികളുടെ എണ്ണം വർധിച്ചതോടെയാണ് കഴിഞ്ഞ ദിവസം രണ്ടു ബസുകൾ കൂടി എത്തിച്ചത്. ബസുകളുടെ എണ്ണം അഞ്ചായതോടെ എല്ലാ ബസുകൾക്കും മൂന്നാറിന്റെ പ്രകൃതിഭംഗിയോടുകൂടിയ ഡിസൈനും അധികൃതർ നൽകി.കൂടാതെ ജനുവരി ഒന്നുമുതൽ ടോപ് സ്റ്റേഷനിലേക്ക് 250 രൂപ നിരക്കിൽ വിനോദസഞ്ചാരികൾക്കായി ബസ് സർവീസും ആരംഭിച്ചു. ഇതും വിജയമായതോടെ ഞായറാഴ്ചകളിൽ കാന്തല്ലൂർക്കും സർവീസ് തുടങ്ങി.

നവംബർ 14 മുതൽ മാർച്ച് രണ്ട് വരെ 12.48 ലക്ഷം രൂപയാണ് ഈയിനത്തിൽ കെ.എസ്.ആർ.ടി.സി.ക്ക് അധിക വരുമാനമായി ലഭിച്ചത്.

Content Highlights: KSRTC, Munnar, KSRTC Sleeper Bus for Tourists, Kerala Tourism