മൂന്നാർ: രണ്ടുവർഷത്തിനുശേഷം തിങ്കളാഴ്ച കെ.എസ്.ആർ.ടി.സി. മൂന്നാർ ഡിപ്പോ അഞ്ചുലക്ഷത്തിലധികം രൂപയുടെ കളക്ഷൻ നേടി. തിങ്കളാഴ്ച 5,02,878 രൂപയാണ് വരുമാനമായി ലഭിച്ചത്. കോവിഡ് നിയന്ത്രണങ്ങൾക്കുശേഷം ആദ്യമായാണ് വരുമാനം അഞ്ചുലക്ഷം കടക്കുന്നത്.

ഇതുവരെ രണ്ടരമുതൽ മൂന്നുലക്ഷം രുപവരെയായിരുന്നു ഡിപ്പോയിലെ ശരാശരി ദിവസ വരുമാനം. ഉത്സവ സീസണോടനുബന്ധിച്ച് സഞ്ചാരികളുടെ വരവ് വർധിച്ചതും തോട്ടംതൊഴിലാളികളുൾപ്പെടെയുള്ള യാത്രക്കാർ സ്വദേശങ്ങളിലേക്കും മറ്റും കൂട്ടത്തോടെ യാത്ര ചെയ്തതുമാണ് വരുമാന വർധനയ്ക്ക്‌ കാരണം.

ബെംഗളൂരു ഉൾപ്പെടെ 22 ഷെഡ്യൂളുകളുകളാണ് മൂന്നാർ ഡിപ്പോയിൽനിന്ന് സർവീസ് നടത്തുന്നത്. ബെംഗളൂരു സർവീസിന് തിങ്കളാഴ്ച 65,960 രൂപ വരുമാനം ലഭിച്ചു. മൂന്നാർ-തിരുവനന്തപുരം സർവീസുകൾ 30,000 രൂപയിലധികം വരുമാനം നേടി. മുമ്പ് 15,000 മുതൽ 20,000 രുപവരെയായിരുന്നു വരുമാനം. ഡിപ്പോയിൽ ജീവനക്കാരുടെ കുറവുണ്ടെങ്കിലും ഇത് സർവീസുകളെ ബാധിച്ചില്ല. നിലവിലുള്ള ജീവനക്കാർ അവധിയെടുക്കാതെ ജോലിചെയ്തതുമൂലമാണ് വരുമാന വർധന ലഭിച്ചതെന്ന് ഡിപ്പോ ഇൻ-ചാർജ് സേവി ജോർജ് പറഞ്ഞു.

ഡിപ്പോയിൽനിന്ന്‌ 30-ജീവനക്കാരെ സ്ഥലം മാറ്റിയെങ്കിലും പകരം നിയമിച്ച മുഴുവൻപേരും ഇതുവരെ ജോലിക്കെത്തിയിട്ടില്ല. നിലവിൽ ഏഴ് ഡ്രൈവർമാരുടെയും മൂന്ന് കണ്ടക്ടറുമാരുടെയും കുറവുണ്ട്.

Content Highlights: ksrtc munnar depot income increased, munnar ksrtc services, ksrtc travel packages