മലപ്പുറം: കോവിഡിനുശേഷം റെക്കോഡ്‌ കളക്ഷനുമായി കെ.എസ്.ആർ.ടി.സി. മലപ്പുറം ഡിപ്പോ. ലക്ഷ്യമിട്ട വരുമാനം മറികടക്കുന്ന സംസ്ഥാനത്തെ ആദ്യ ഡിപ്പോയായി മാറി. 2017-ൽ മലപ്പുറം ഡിപ്പോയിൽ നിശ്ചയിച്ച പ്രതിദിന വരുമാനം 7,18,879 രൂപയായിരുന്നു.

ക്രിസ്മസ്, ഓണം പോലുള്ള വിശേഷദിവസങ്ങളിൽ മാത്രമാണ് മിക്ക ഡിപ്പോകളും പ്രതീക്ഷിത വരുമാനത്തിനടുത്തെത്താറുള്ളത്. എന്നാൽ കഴിഞ്ഞദിവസം ആദ്യമായി 7,34,434 രൂപ വരുമാനം നേടി മലപ്പുറം ഡിപ്പോ റെക്കോഡ് മറികടന്നു.

വരുമാനത്തിലെ വർധനയ്ക്ക് ചുക്കാൻപിടിച്ചത് ഒക്ടോബറിൽ തുടങ്ങിയ ഉല്ലാസയാത്രാപാക്കേജും. പാലക്കാട് മുതൽ കാസർകോട്‌ വരെ 21 ഡിപ്പോകളാണുള്ളത്. ദിവസങ്ങളായി വരുമാനത്തിൽ മുന്നിൽനിൽക്കുന്നത് മലപ്പുറം ഡിപ്പോയാണ്. സ്ഥിരമായി വരാറുള്ള കാസർകോട്, കോഴിക്കോട് ഡിപ്പോകളെ മറികടന്നാണ് മലപ്പുറത്തിന്റെ നേട്ടം. സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി.യുടെ ആദ്യ ടൂർ പാക്കേജായിരുന്നു മലപ്പുറം-മൂന്നാർ ഉല്ലാസയാത്ര.

സ്വന്തമായി വാഹനമില്ലാത്ത, യാത്രകളിഷ്ടപ്പെടുന്നവർ കെ.എസ്.ആർ.ടി.സി.യുടെ ഉല്ലാസയാത്രകളെ വലിയ ആവേശത്തോടെ ഏറ്റെടുത്തു. ജീവനക്കാരുടെ കൂട്ടായ്മയുടെ വിജയംകൂടിയാണിത്. മൂന്നാറിന്റെ വിജയത്തിനുപിന്നാലെ മലക്കപ്പാറയിലേക്കും സർവീസ് തുടങ്ങി. കുറഞ്ഞ നിരക്കിൽ അതിരപ്പള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങളുടെ ഭംഗി ആസ്വദിച്ചുള്ള യാത്രയ്ക്ക് ജില്ലയ്ക്കുപുറത്തുനിന്നും ആളുകളെത്തി.

വിവിധ ഡിപ്പോകൾകൂടി മലക്കപ്പാറയിലേക്ക് ഉല്ലാസയാത്ര തുടങ്ങിയതോടെ വരുമാനം കുതിച്ചു. സംസ്ഥാനത്ത് പല ഭാഗങ്ങളിലും കാലാവസ്ഥാ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ ചില യാത്രകൾ മുടങ്ങിയതൊഴിച്ചാൽ മറ്റു പ്രശ്‌നങ്ങളൊന്നും നേരിടേണ്ടിവന്നിട്ടില്ല.

നിലവിൽ നവംബർ അവസാനംവരെയുള്ള ബുക്കിങ് പൂർത്തിയായി. രണ്ട് സ്‌കാനിയ ബസുകൾകൂടി ഡിപ്പോയിലേക്കെത്തുമെന്ന പ്രതീക്ഷയിലാണ്. മികച്ച പ്രവർത്തനം കാഴ്ചവെച്ചതിന് സോണൽ എക്‌സിക്യുട്ടീവ് കെ.ടി. സെബി ഡിപ്പോ ജീവനക്കാരെ ആദരിച്ചു. ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ ജോഷി ജോൺ, സൂപ്രണ്ട് കെ. ബീന തുടങ്ങിയവർ പങ്കെടുത്തു.

Content Highlights: KSRTC, Malappuram KSRTC Depot, KSRTC Munnar and Malakkappara Service