ഫോട്ടോ: എം.വി. സിനോജ്
മറ്റുദിവസങ്ങളെ അപേക്ഷിച്ച് കോടയും തണുപ്പും കുറഞ്ഞ പുലരിയായിരുന്നു ബുധനാഴ്ചയ്ക്ക്. കണ്ണും കാതുമെല്ലാം കാടിന് വിട്ട് കെ.എസ്.ആര്‍.ടി.സി. ബസില്‍ വന്യജീവികളെ പേടിക്കാതെ സുരക്ഷിതമായ ഒരു പ്രഭാതയാത്ര. പേടിയോടെയാണെങ്കിലും ഒരാനയെയോ കാട്ടുപോത്തിനെയോ മാന്‍കൂട്ടങ്ങളെയോ കാണമെന്നാഗ്രഹിച്ചാണ് പലരുടെയും തിരുനെല്ലി, തോല്‌പെട്ടി യാത്രകള്‍. ഇനി വന്യജീവികളെങ്ങാനും മുന്നില്‍പ്പെട്ടാല്‍ ആനയുടെ തലപ്പൊക്കമുള്ള ആനവണ്ടിയുണ്ടല്ലോ എന്ന ആത്മധൈര്യം യാത്രികര്‍ക്കുണ്ടായിരുന്നു.
കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബജറ്റ് ടൂറിസം സെല്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന ജില്ലയിലെ രണ്ടാമത്തെ കാനന സഫാരിയാണ് മാനന്തവാടിയില്‍നിന്ന് തുടങ്ങിയത്. ആദ്യദിനത്തില്‍ മുഴുവന്‍ സീറ്റിലുമായി 49 പേരാണ് വനസൗന്ദര്യം ആസ്വദിച്ചത്.
കഴിഞ്ഞ ഒക്ടോബറില്‍ സുല്‍ത്താന്‍ബത്തേരി ഡിപ്പോയില്‍ നിന്നാണ് ജില്ലയില്‍ ആദ്യത്തെ ജംഗിള്‍ സവാരി തുടങ്ങിയത്. ഇതുവരെ 10 ലക്ഷത്തോളം രൂപ വരുമാനമായി ലഭിച്ചതായാണ് കണക്ക്. സുല്‍ത്താന്‍ബത്തേരി ഡിപ്പോയില്‍നിന്ന് യാത്ര രാത്രിയാണെങ്കില്‍ മാനന്തവാടിയില്‍നിന്ന് പുലര്‍കാലത്താണെന്ന പ്രത്യേകതയുണ്ട്. താഴെയങ്ങാടിയിലുള്ള മാനന്തവാടി ഡിപ്പോയില്‍നിന്ന് രാവിലെ 5.30 ന് ഓട്ടംതുടങ്ങുന്ന ബസ് ബാവലി, തോല്‌പെട്ടി, തിരുനെല്ലി എന്നിവിടങ്ങളില്‍ കറങ്ങിയ ശേഷം 9.30ന് മാനന്തവാടിയിലെത്തും. മുന്നൂറു രൂപയാണ് ടിക്കറ്റ് നിരക്ക്.

വന്യമൃഗങ്ങളെ കാണാനും കാനനസൗന്ദര്യം ആസ്വാദിക്കാനുമായി ജില്ലയ്ക്ക് പുറത്തുനിന്നുള്ളവരും മാനന്തവാടിയില്‍നിന്നുള്ള ആദ്യ യാത്രാസംഘത്തിലുണ്ടായിരുന്നു.
ജില്ലാ കോഓര്‍ഡിനേറ്റര്‍ സി.ഡി. വര്‍ഗീസ്, നോര്‍ത്ത് സോണല്‍ കോഓര്‍ഡിനേറ്റര്‍ ഇ.എസ്. ബിനു, ഡി.ടി.ഒ. ജോഷി ജോണ്‍ എന്നിവരാണ് ജില്ലയില്‍ പദ്ധതി ഏകോപിപ്പിക്കുന്നത്. മാനന്തവാടിയില്‍നിന്നുള്ള ആദ്യയാത്രയില്‍ സാരഥിയായത് കെ.ജെ. റോയിയായിരുന്നു. കണ്ടക്ടറായി എം.സി. അനില്‍കുമാറും ഒപ്പംകൂടി. മാനന്തവാടി ഡിപ്പോയുടെ ആദ്യസഫാരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഫ്‌ലാഗ് ഓഫ് ചെയ്തു. വ്യാഴാഴ്ചയും കാനനസഫാരിയുണ്ടാകും.
മാനന്തവാടിയിലെ സഫാരിക്കുള്ള ബുക്കിങ്ങിനായി 7560855189, 9446784184, 9496343835 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
Content Highlights: ksrtc jungle safari wayanad
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..